പാഡുകെട്ടി താരപ്പട; രഞ്ജി കളറാകും
text_fieldsമുംബൈ: ബി.സി.സി.ഐ കണ്ണുരുട്ടിയതോടെ ആഭ്യന്തര ക്രിക്കറ്റിൽ പാഡുകെട്ടാൻ വമ്പന്മാർ സമ്മതം മൂളിയതിനു പിന്നാലെ ഇന്ന് രഞ്ജി ട്രോഫി മത്സരങ്ങൾ പുനരാരംഭിക്കുന്നു. ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ, ഋഷഭ് ന്ത്, യശസ്വി ജയ്സ്വാൾ, രവീന്ദ്ര ജഡേജ, അജിങ്ക്യ രഹാനെ തുടങ്ങി പ്രമുഖ താരങ്ങളൊക്കെയും ഇന്ന് വിവിധ ടീമുകൾക്കായി ഇറങ്ങും.
ഒരു പതിറ്റാണ്ടോളം നീണ്ട ഇടവേളക്കു ശേഷമാണ് രോഹിത് രഞ്ജിയിൽ മുംബൈക്കായി എത്തുന്നത്. അജിങ്ക്യ രഹാനെക്കു കീഴിൽ ഇറങ്ങുന്ന ടീമിൽ രോഹിതുമുണ്ടാകുമെന്നാണ് റിപ്പോർട്ട്. മുൻനിരയിൽ യശസ്വി ജയ്സ്വാളും രോഹിതിനൊപ്പമുണ്ടായേക്കും. നിലവിൽ ഗ്രൂപ് എയിൽ മുംബൈ രണ്ടാമതാണ്.
രാജ്കോട്ടിൽ ഡൽഹി- സൗരാഷ്ട്ര മുഖാമുഖത്തിലും താരപ്പടയുടെ സാന്നിധ്യം ശ്രദ്ധേയമാകും. ഋഷഭ് പന്തിനൊപ്പം രവീന്ദ്ര ജഡേജ, ചേതേശ്വർ പൂജാര എന്നിവരും കളത്തിലിറങ്ങും. ഇരുടീമുകളും നിലവിൽ ഗ്രൂപിൽ പിറകിലാണ്. ഡൽഹി നാലാമതും സൗരാഷ്ട്ര അഞ്ചാമതും. കഴുത്തിലെ ചെറിയ പരിക്ക് അലട്ടുന്നതിനാൽ വിരാട് കോഹ്ലി ഡൽഹി നിരയിൽ ഉണ്ടാകില്ലെങ്കിലും വരും മത്സരങ്ങളിൽ ഇറങ്ങിയേക്കും.
പഞ്ചാബിനായി ശുഭ്മാൻ ഗില്ലും കളിക്കും. ബംഗാൾ നിരയിൽ ആകാശ് ദീപ്, അഭിമന്യൂ ഈശ്വരൻ, മുഹമ്മദ് ഷമി എന്നിവരുടെ അസാന്നിധ്യവും ശ്രദ്ധേയമാകും. ആകാശ് ദീപും അഭിമന്യുവും പരിക്കുമൂലം പുറത്തിരിക്കുമ്പോൾ ഷമി ദേശീയ ടീമിനൊപ്പമാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.