രണ്ടുവർഷത്തിനുശേഷം രഞ്ജി ട്രോഫി മത്സരങ്ങൾക്ക് ഇന്നു തുടക്കം
text_fieldsഅഹ്മദാബാദ്: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാവിതാരങ്ങളെ കണ്ടെത്താനും സീനിയർ താരങ്ങൾക്ക് നഷ്ടപ്പെട്ട ഫോം വീണ്ടെടുക്കാനും അവസരമൊരുക്കുന്ന രഞ്ജി ട്രോഫി മത്സരങ്ങൾക്ക് കോവിഡ് ഏർപ്പെടുത്തിയ 'വിലക്കിന്റെ' രണ്ടു വർഷങ്ങൾക്കുശേഷം ഇന്നുമുതൽ തുടക്കമാവും. കോവിഡിന്റെ മൂന്നാംതരംഗ ഭീഷണിക്കിടയിൽ ശക്തമായ ബയോബബ്ൾ സുരക്ഷയിലാണ് 19 വേദികളിലായി ആദ്യ ദിവസം 38 മത്സരങ്ങളും നടക്കുക. കേരളമടക്കമുള്ള ടീമുകൾ ഇന്ന് കളത്തിലിറങ്ങും.
നാലു ടീമുകളുള്ള എട്ടു ഗ്രൂപ്പുകളിലാണ് മത്സരം. ന്യൂട്രൽ വേദികളിലാണ് ഇക്കുറിയും മത്സരങ്ങൾ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ സൗരാഷ്ട്രയും 41 തവണ ചാമ്പ്യന്മാരായ മുംബൈയും തമ്മിലുള്ള മത്സരമാണ് ഇതിൽ ഏവരും ശ്രദ്ധിക്കുന്നത്. ഇന്ത്യൻ ടെസ്റ്റ് ടീമിൽ ഫോം കണ്ടെത്താനാവാതെ വലയുന്ന ചേതേശ്വർ പുജാര സൗരാഷ്ട്രക്കായും അജിൻക്യ രഹാനെ മുംബൈക്കായും ഇന്ന് അഹ്മദാബാദിൽ നേർക്കുനേർ കൊമ്പുകോർക്കും.
എലൈറ്റ് കേരളം
രാജ്കോട്ടിൽ മേഘാലയക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. എലൈറ്റ് എ ഡിവിഷനിൽ ഗുജറാത്തും മധ്യപ്രദേശുമാണ് മറ്റു ടീമുകൾ. സചിൻ ബേബിയുടെ നേതൃത്വത്തിലുള്ള ടീം ആദ്യ മത്സരത്തിന് സജ്ജമായി കഴിഞ്ഞു. കോഴ വിവാദത്തിൽ പെട്ട് വിലക്കിനുശേഷം ടീമിൽ തിരിച്ചെത്തിയ ശ്രീശാന്ത് ഇന്ന് കളത്തിലിറങ്ങിയേക്കും.
ഗുജറാത്തിനെതിരെ ഈമാസം 24നും മധ്യപ്രദേശിനെതിരെ മാർച്ച് മൂന്നിനും സൗരാഷ്ട്രയിലാണ് കേരളത്തിന്റെ മറ്റു രണ്ടു മത്സരങ്ങൾ. സചിൻ ബേബി (ക്യാപ്റ്റൻ), വിഷ്ണു വിനോദ് (വിക്കറ്റ് കീപ്പർ), ആനന്ദ് കൃഷ്ണൻ, റോഹൻ കുന്നുമ്മൽ, വാട്സൽ ഗോവിന്ദ്, രാഹുൽ. പി, സൽമാൻ നിസാർ, ജലജ് സക്സേന, സിജോ മോൻ ജോസഫ്, അക്ഷയ് കെ.സി, മിഥുൻ. എസ്, ബേസിൽ എൻ.പി, നിഥീഷ് എം.ഡി, ഉണ്ണികൃഷ്ണൻ മനുകൃഷ്ണൻ, ബേസിൽ തമ്പി, ഫൈസൽ ഫാനൂസ്, എസ്. വരുൺ നായനാർ, വിനൂപ് മനോഹരൻ, എസ്. ശ്രീശാന്ത്, എന്നിവരാണ് കേരള ടീമംഗങ്ങൾ.
ഇന്ന് തിരുവനന്തപുരം തുമ്പ ഗ്രൗണ്ടിൽ ആന്ധ്ര രാജസ്ഥാനെയും കാര്യവട്ടം ഗ്രീൻഫീൽഡിൽ സർവിസസ് ഉത്തരാഖണ്ഡിനെയും നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.