രഞ്ജി ട്രോഫി;കേരളത്തിന് ഇനി മുംബൈ പരീക്ഷ
text_fieldsതിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളം ഇന്ന് കരുത്തരായ മുംബൈക്കെതിരെ ഇറങ്ങും. തുമ്പ സെന്റ് സേവിയേഴ്സ് കോളജ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരം കേരളത്തെ സംബന്ധിച്ച് നിർണായകമാണ്. രണ്ട് കളിയിൽനിന്ന് നാല് പോയന്റുമായി ഗ്രൂപ് ബിയിൽ അഞ്ചാംസ്ഥാനത്താണ് കേരളം. എന്നാൽ കളിച്ച രണ്ട് കളികളിലും തകർപ്പൻ ജയത്തോടെ 14 പോയന്റുമായി ഗ്രൂപ്പിൽ ഒന്നാംസ്ഥാനത്താണ് മുംബൈ. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിന് ശേഷം തിരുവനന്തപുരത്തെത്തിയ ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലായിരിക്കും കേരളം ഇന്നിറങ്ങുക. ഇന്ത്യൻ ക്യാമ്പിലായതിനാൽ അസമിനെതിരായ കഴിഞ്ഞ മത്സരത്തിൽ സഞ്ജു ഇറങ്ങിയിരുന്നില്ല. പകരം വൈസ് ക്യാപ്റ്റൻ രോഹൻ കുന്നുമലാണ് ടീമിനെ നയിച്ചത്.
ആന്ധ്രയെ 10 വിക്കറ്റിന് തകർത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻതാരം അജിങ്ക്യ രഹാനെയുടെ നേതൃത്വത്തിലുള്ള മുംബൈ സംഘം തിരുവനന്തപുരത്തെത്തിയിരിക്കുന്നത്. തലപ്പൊക്കമുള്ള മുംബൈയുടെ ബാറ്റിങ് നിരയെ തുമ്പയിലെ പിച്ചിൽ പിടിച്ചുകെട്ടുകയെന്നത് കേരള ബൗളർമാർക്ക് വെല്ലുവിളിയാകും. രഹാനെക്ക് പുറമെ ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, ശിവം ദുബേ, യശ്വസി ജയ്സ്വാൾ തുടങ്ങിയവരാണ് ബാറ്റിങ്ങിന്റെ നട്ടെല്ല്. ഇംഗ്ലണ്ട് ലയൺസിനെതിരായ മത്സരത്തിന് ശേഷം സൂപ്പർതാരം സർഫ്രാസ് ഖാനും ടീമിലേക്കെത്തുമ്പോൾ മുംബൈക്ക് തിരിഞ്ഞുനോക്കാനില്ല. ഇന്ത്യൻ താരം ധവാൽ കുൽക്കർണിയുടെ നേതൃത്വത്തിലുള്ള ബൗളിങ് നിരയും മിന്നുന്ന ഫോമിലാണ്.
ക്യാപ്റ്റൻ അജിങ്ക്യ രഹാനെയുടെ ഫോമില്ലായ്മയാണ് മുംബൈയുടെ ഏക തലവേദന. പരിക്കിനുശേഷം ആന്ധ്രക്കെതിരെ ഇറങ്ങിയ രഹാനെ ആദ്യ പന്തിൽ തന്നെ പുറത്തായിരുന്നു. ഫോമിലേക്ക് തിരിച്ചുവരുന്നതിനായി ഒരു മണിക്കൂറോളമാണ് വ്യാഴാഴ്ച ബാറ്റിങ് പരിശീലനത്തിനായി നീക്കിവെച്ചത്. ഈ മാസം 25 മുതൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനാൽ ദക്ഷിണാഫ്രിക്കയിൽ നിറംമങ്ങിയ ശ്രേയസ് അയ്യർക്കും യശ്വസി ജയ്സ്വാളിനും കേരളത്തിനെതിരായ മത്സരം പരീക്ഷയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.