ഒമ്പതാമനായി ഇറങ്ങി അപരാജിത സെഞ്ച്വറി (111*); രഞ്ജിയിൽ സൗരാഷ്ട്രയുടെ രക്ഷകനായി പാർഥ് ഭട്ട്
text_fieldsരാജ്‌കോട്ട്: രഞ്ജി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ പഞ്ചാബിനെതിരെ സൗരാഷ്‌ട്രയുടെ രക്ഷകനായി പാര്‍ഥ് ഭട്ട്. തകർന്നടിഞ്ഞ സൗരാഷ്ട്രക്ക് ഒമ്പതാമനായി ഇറങ്ങിയ ഭട്ടിന്‍റെ അപരാജിത സെഞ്ച്വറി പ്രകടനമാണ് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. 155 പന്തില്‍ 11 ഫോറും നാലു സിക്‌സും ഉള്‍പ്പടെ പുറത്താവാതെ 111 റണ്‍സുമായി താരം കാഴ്ചവെച്ചത് വിസ്മയ പ്രകടനം.
സൗരാഷ്ട്ര ആദ്യ ഇന്നിങ്സിൽ 303 റൺസെടുത്തു. പഞ്ചാബിനെതിരെ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്‌ട്രയുടെ തുടക്കം തന്നെ പാളി. സ്കോര്‍ ബോര്‍ഡ് തുറക്കും മുമ്പുതന്നെ ഓപ്പണര്‍ ഹാര്‍വിസ് ദേശായി മടങ്ങി. സഹ ഓപ്പണര്‍ സ്നേല്‍ പട്ടേല്‍ 131 പന്തില്‍ 70 റണ്‍സുമായി തിളങ്ങിയെങ്കിലും മധ്യനിര നിരാശപ്പെടുത്തി. വന്നവരെല്ലാം വേഗത്തിൽ മടങ്ങി. ഒരുഘട്ടത്തിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസെന്ന നിലയിലായിരുന്നു.
ഒമ്പതാമനായി എത്തിയ ഭട്ടിന്‍റെ സെഞ്ച്വറി പ്രകടനമാണ് സൗരാഷ്‌ട്രയെ മുന്നൂറ് കടത്തിയത്. ഒമ്പതാം വിക്കറ്റില്‍ സക്കരിയക്കൊപ്പം 61 റണ്‍സിന്‍റെയും അവസാന വിക്കറ്റില്‍ ദോദിയക്കൊപ്പം 95 റണ്‍സിന്‍റേയും കൂട്ടുകെട്ടുണ്ടാക്കി 25കാരനായ ഇടംകൈയന്‍ സ്‌പിന്നര്‍ ഭട്ട്. താരത്തിന്‍റെ ആദ്യ ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണിത്. 2019ല്‍ ഫസ്റ്റ് ക്ലാസ് അരങ്ങേറ്റം കുറിച്ച ഭട്ട് ഇതുവരെ നേടിയിരുന്ന ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ 49 ആയിരുന്നു.
പഞ്ചാബ് ബൗളര്‍മാരില്‍ മായങ്ക് മര്‍ക്കാണ്ഡെ നാലും ബല്‍തെജ് സിങ് മൂന്നും സിദ്ധാര്‍ഥ് കൗള്‍ രണ്ടും നമാന്‍ ധിര്‍ ഒന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ പഞ്ചാബ് 33 റൺസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.