Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഭിമാനപിച്ചില്‍...

അഭിമാനപിച്ചില്‍ ത്രിമൂർത്തികൾ; കേരള ക്രിക്കറ്റിന്‍റെ കൈയൊപ്പുകളായ മൂന്ന്​ ചുണക്കുട്ടികൾ

text_fields
bookmark_border
അഭിമാനപിച്ചില്‍ ത്രിമൂർത്തികൾ; കേരള ക്രിക്കറ്റിന്‍റെ കൈയൊപ്പുകളായ മൂന്ന്​ ചുണക്കുട്ടികൾ
cancel
camera_alt

ഏദൻ ആപ്പിൾ ടോം, ഷോൺ റോജർ, അഹമ്മദ് ഇമ്രാൻ

തിരുവനന്തപുരം: രഞ്ജി ട്രോഫി കൈവിട്ടുപോയെങ്കിലും കേരള ക്രിക്കറ്റിന്‍റെ കൈയൊപ്പുകളാണ് തിരുവനന്തപുരം സ്വദേശികളായ ഷോൺ റോജറും ഏദൻ അപ്പിൾ ടോമും അഹമ്മദ് ഇമ്രാനും. കേരള ക്രിക്കറ്റിന്‍റെ ഭാവി. ഇന്ത്യൻ ടീമിലേക്ക് കേരള ക്രിക്കറ്റ് രാകി മിനുക്കിയെടുക്കുന്ന പീരങ്കികളിലെ മൂന്നെണ്ണം. രഞ്ജി ഫൈനല്‍ വരെ തുടര്‍ന്ന ജൈത്രയാത്രയില്‍ എക്കാലവും ഓർമിക്കാവുന്നതും അഭിമാനിക്കാവുന്നതുമായ ഇന്നിങ്സുകളും മുഹൂര്‍ത്തങ്ങളുമാണ് മൂവരും ഈ സീസണിൽ കേരളത്തിന് നൽകിയത്. തലസ്ഥാനത്തിന്‍റെ അഭിമാന താരങ്ങളെക്കുറിച്ച് ഇതാ...

തലസ്ഥാനത്തിന്‍റെ വിലയേറിയ ‘ആപ്പിൾ’

16ാം വയസ്സിൽ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച അദ്ഭുത ബാലനാണ് ഏദൻ ആപ്പിൾ ടോം. മേഘാലയക്കെതിരായ അരങ്ങേറ്റ മത്സരത്തിൽ ആദ്യ പന്തിൽതന്നെ വിക്കറ്റ് നേടിയാണ് ഏദൻ കേരള ക്രിക്കറ്റിലേക്ക് വരവറിയിച്ചത്. സിനിമാക്കഥ പോലെയാണ് ഏദന്‍റെ ക്രിക്കറ്റ് ജീവിതം.

പത്തനംതിട്ട സ്വദേശിയായ ആപ്പിൾ ടോം മാത്യുവിന്റേയും ബെറ്റി എൽസി മാത്യുവിന്റേയും മകനായ ഏദൻ ഏഴാം ക്ലാസ് വരെ പഠിച്ചത് ഷാർജയിലാണ്. ക്രിക്കറ്റിലെ താൽപര്യം കണ്ട് പിതാവ് ആപ്പിൾ ടോം ഏദനെ എട്ടാം വയസ്സിൽ മുൻ കേരള ക്യാപ്റ്റൻ സോണി ചെറുവത്തൂരിന്‍റെ ദുബൈയിലെ ക്രിക്കറ്റ് അക്കാദമിയിലാക്കി.

കേരളത്തിലേക്ക് പോകുന്നതാണ് ഏദന്‍റെ ഭാവിക്ക് നല്ലതെന്ന സോണിയുടെ വാക്ക്​ കേട്ട് ആപ്പിൾ ടോം ഷാർജ എയർപോർട്ടിലെ ജോലി ഉപേക്ഷിച്ച് മകനുമായി കേരളത്തിലെത്തി. ഭാര്യയും രണ്ട് പെൺമക്കളെയും ദുബൈയിലാക്കി മകനായി മാത്യു പി.ടി.പി നഗറിൽ ഫ്ലാറ്റെടുത്തു. പി.ടി.പി നഗറിലുള്ള സുകേഷ് രാമകൃഷ്ണ പിള്ളയുടെ ലവ് ഓൾ സ്‌പോർട്‌സിൽ പരിശീലനം തുടങ്ങുകയായിരുന്നു. അവിടെയും സോണിക്ക് കീഴിൽ രാവും പകലും പരിശീലനം. റോങ് ഫുട്ടിൽ പന്തെറിയുന്ന കൊച്ചു പയ്യൻ അതിവേഗമാണ് പേസ് ബൗളിങ്ങിലെ ബാലപാഠങ്ങൾ ഉൾക്കൊണ്ടത്. അപ്പോഴും ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നു. അത്‌ലറ്റിക്‌സിലെ ഫിറ്റ്‌നസ് ട്രെയിനറായ ഷാനവാസിന്‍റെ കൈയിലേക്ക് ഈ പയ്യനെ സോണി ഏൽപിച്ചു. ഇതോടെ കൂടുതൽ വേഗം ഏദന്‍റെ പന്തുകൾക്ക് കൈവന്നു.

ഏദന്‍റെ ബൗളിങ് മൂർച്ച അന്ന് കേരള പരിശീലകനും മുൻ ഇന്ത്യൻ താരവുമായ ടിനു യോഹന്നാനും സോണിയിൽനിന്ന് മനസ്സിലാക്കി. ഇതോടെ അണ്ടർ 19 കേരള ടീമിലേക്ക് ഈ പതിനാറുകാരനെത്തി. ആദ്യ ചതുർദിന മത്സരത്തിൽ തന്നെ അണ്ടർ 19 ക്രിക്കറ്റിൽ അഞ്ച്​ വിക്കറ്റ്. രഞ്ജി ട്രോഫിക്ക് മുന്നോടിയായി കേരള ടീമിന്റെ ക്യാമ്പിൽ നെറ്റ്സിൽ പന്തെറിയാൻ കോച്ച് ടിനു യോഹന്നാൻ വിളിക്കുമ്പോൾ ഏദൻ ആപ്പിൾ ടോമെന്ന പതിനാറുകാരൻ കരുതിയില്ല അത് തന്‍റെ ജീവിതം മാറ്റിമറിക്കുമെന്ന്. ക്യാമ്പിന് ശേഷം പ്രഖ്യാപിച്ച ടീമിൽ ഏവരേയും ഞെട്ടിച്ച് ആ പ്ലസ് വൺകാരന്റെ കൗതുകമുള്ള പേരുമുണ്ടായിരുന്നു.

മൂന്നുവർഷത്തിന് ശേഷമാണ് ഏദൻ രഞ്ജിയിൽ കേരളത്തിനായി ഇറങ്ങിയത്. അതും ഫൈനലിൽ. രണ്ട് ഇന്നിങ്ങിസിലുമായി വിദർഭയുടെ നാല് വിക്കറ്റെടുത്തു. മദ്രാസ് യൂനിവേഴ്സിറ്റിയിൽ പബ്ലിക് അഡ്മിനിട്രേഷനിൽ ബിരുദവിദ്യാർഥിയാണ് ഈ 19കാരൻ. ഏദന്‍റെ അമ്മ ബെറ്റി ഷാർജ എയർ പോർട്ടിലെ മാനേജർ. എസ്‌തേർ മറിയം ടോം, എലീസ സൂസൻ ടോം എന്നിവരാണ് സഹോദരിമാർ.

ഷോൺ, തലസ്ഥാനത്തിന്‍റെ ‘ജൂനിയർ’

സഞ്ജു സാംസണിന് പിന്നാലെ തലസ്ഥാനത്തിന്‍റെ തീരപ്രദേശത്തുനിന്ന് കേരളത്തിന് അഭിമാനമായി എത്തിയ മറ്റൊരു ക്രിക്കറ്റ് താരമാണ് തിരുവനന്തപുരം വെട്ടുകാട് സ്വദേശിയായ ഷോൺ റോജർ. ഇന്ത്യ അണ്ടർ 19 താരമായിരുന്ന ഷോൺ യു.എ.ഇയിൽ ബിസിനസുകാരനായിരുന്ന ആൻറണി റോജറിന്‍റെയും പെട്രീഷ്യ റോജറിന്‍റെയും മകനാണ്. അച്ഛന്‍റെ ക്രിക്കറ്റ് കമ്പത്തെ തുടർന്ന് ആറാം വയസ്സിലാണ് ഷോൺ ബാറ്റെടുക്കുന്നത്.

യു.എ.ഇയിലെ വിക്ടോറിയ ക്രിക്കറ്റ് അക്കാദമിയിലും ഡെസേര്‍ട്ട് കബ്‌സിലും ചെറിയ പ്രായത്തിലേ മികവ് തെളിയിച്ചു. 2014ൽ കേരളത്തിലെത്തിയ ഷോൺ ആ വർഷം കേരളത്തിനായി അണ്ടർ 14 ടീമിൽ ഇടംപിടിച്ചു. തിരികെ യു.എ.ഇയിലേക്ക് പോയ ഷോൺ അവിടെ യു.എ.ഇ അണ്ടർ-16 ടീമിൽ ഇടംനേടി. എന്നാൽ ക്രിക്കറ്റിന് ഭാവി കേരളമാണെന്ന് തിരിച്ചറിഞ്ഞ ആന്‍റണി മകനെ വീണ്ടും കേരളത്തിലെത്തിച്ചു.

മകനായി അദ്ദേഹം യു.എ.ഇയിലെ ബിസിനസുകളും ഉപേക്ഷിച്ചു. അച്ഛന്‍റെ കഷ്ടപ്പാട് വെറുതെയായില്ല 2017 മുതൽ സംസ്ഥാന ടീമിൽ സ്ഥിരസാന്നിധ്യമാണ്. അണ്ടർ-16, 19 തലത്തിൽ കേരളത്തിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് ഷോൺ. 19ാം വയസ്സിലായിരുന്നു രഞ്ജി അരങ്ങേറ്റം. ഈ സീസണിൽ നാല് മത്സരങ്ങളിൽ ഇറങ്ങിയ ഷോണിന് 122 റൺസ് മാത്രമാണ് കണ്ടെത്താനായത്. സഞ്ജു സാംസണിന്‍റെ പരിaശീലകനും സായ് ക്രിക്കറ്റ് കോച്ചിങ്‌ സെന്‍ററിൽ ദേശീയ കോച്ചുമായ ബിജു ജോർജിന്‍റെ കീഴിലാണ് പരിശീലനം.

പൊലീസുകാരുടെ ചെക്കന്‍

പൊലീസുകാർക്കെന്താ കേരള ക്രിക്കറ്റിൽ കാര്യമെന്ന് ചോദിക്കരുത്. കാരണം പൊലീസുകാരുടെ പരേഡ് ഗ്രൗണ്ടില്‍ അവര്‍ ഒരുക്കിക്കൊടുത്ത ക്രിക്കറ്റ് പിച്ചിൽ, പൊലീസുകാരൻ കളി പഠിപ്പിച്ച പൊലീസുകാരന്‍റെ മകനാണ് അഹമ്മദ് ഇമ്രാൻ. എസ്.എ.പി സബ് ഇൻസ്പെക്ടർ സുഹറാജിയുടെ മകൻ. 2013ൽ എസ്.എ.പി കമാഡന്‍റായിരുന്ന ബാലചന്ദ്രന്‍റെ തലയിൽ ഉദിച്ച ആശയമാണ് ഇമ്രാന്‍റെ കരിയറിലെ വഴിത്തിരിവാകുന്നത്.

എസ്.എ.പി ക്വാർട്ടേഴ്സിലെ ജീവനക്കാരുടെ മകൾക്കായി വേനലധിക്കാലത്ത് ക്രിക്കറ്റ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കാൻ ബാലചന്ദ്രൻ തീരുമാനിക്കുന്നു. പരിശീലകനായി അദ്ദേഹം കണ്ടെത്തിയത് കേരള പൊലീസിലെ അറിയപ്പെടുന്ന ക്രിക്കറ്ററും ഇപ്പോൾ ഇന്‍റലിജൻസ് ഐ.ജി സ്പർജൻകുമാറിന്‍റെ ഗൺമാനുമായ അജയ് പ്രസാദിനെയും. ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ഇമ്രാന്‍റെ കഴിവ് തിരിച്ചറിഞ്ഞ അജയ പ്രസാദ് ക്യാമ്പ് അവസാനിച്ചശേഷം സുഹറാജിയെപ്പോയി കണ്ട് കാര്യം പറഞ്ഞു. ചെക്കനെ തനിക്ക് തരണം അവൻ നന്നായി കളിക്കുന്നുണ്ട്. അങ്ങനെ അജയ് പ്രസാദിന്‍റെ ആലയിൽ കഴിഞ്ഞ 12 വർഷമായി ചുട്ടുപഴുത്ത ഇരുമ്പിന്‍റെ പേരാണ് അഹമ്മദ് സുഹറാജി ഇമ്രാൻ.

കേരളത്തിനായി അണ്ടർ 14, 16, 19 താരമായിരുന്ന ഇമ്രാൻ ഈ രഞ്ജിട്രോഫിയില്‍ ഗുജറാത്തിനെതിരെയുള്ള സെമിഫൈനൽ മത്സരത്തിലായിരുന്നു ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. അതും ബേസില്‍ തമ്പിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന്. കൂച്ച് ബെഹാര്‍ ട്രോഫിയില്‍ പുറത്തെടുത്ത തകർപ്പൻ ബാറ്റിങ് പ്രകടനമായിരുന്നു നിർണായക മത്സരത്തിൽ താരത്തെ ടീമിലെടുക്കാനുള്ള പരിശീലകൻ അമേയ് ഖുറേസിയുടെ ധൈര്യം. കൂച്ച് ബെഹാർ ട്രോഫിയിൽ കേരള ടീമിന്‍റെ ക്യാപ്റ്റൻ കൂടിയായിരുന്നു ഇമ്രാൻ. ഇക്കഴിഞ്ഞ പ്രഥമ കേരള ക്രിക്കറ്റ് ലീഗിൽ തൃശൂർ ടൈറ്റൻസിനായി ഇറങ്ങിയ ഇമ്രാൻ ടൂർണമെന്‍റിലെ എമർജിങ് താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ന് ക്രിക്കറ്റ് മാത്രമാണ് ഇമ്രാന്‍റെ ജീവിതം. ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനത്തിലായിരുന്നതിനാല്‍ കഴിഞ്ഞ വർഷത്തെ പ്ലസ് ടു പരീക്ഷ എഴുതിയില്ല. അതുകൊണ്ടുതന്നെ ഈ വർഷം പ്ലസ് ടു എഴുതിയെടുക്കാനുള്ള തയാറെടുപ്പിലാണ് താരം. ഉമ്മ നദീറ. ഇർഫാന്‍, റൈഹാന, ഇഹാൻ എന്നിവരാണ് സഹോദരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CricketerRanji Trophy TeamRanji Trophy 2025
News Summary - ranji trophy players
Next Story
RADO