രഞ്ജി ട്രോഫി: സചിൻ ബേബിക്ക് സെഞ്ച്വറി; ബിഹാറിനെതിരെ സമനില പിടിച്ച് കേരളം
text_fieldsപട്ന: രഞ്ജി ട്രോഫിയിൽ വീണ്ടും ഒരു സമനില കൂടി വഴങ്ങി കേരളം. പാട്നയിൽ ബിഹാറിനെതിരായ മത്സരത്തിൽ കേരളം രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 220 റൺസെടുത്ത് നിൽകെയാണ് സമനിലയിൽ പിരിയുന്നത്. 150 റൺസ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളത്തിന് സചിൻ ബേബിയുടെ സെഞ്ച്വറിയാണ് തുണയായത്. 146 പന്തിൽ 14 ഫോറുകൾ ഉൾപ്പെടെ പുറത്താകാതെ 109 റൺസാണ് സചിൻ നേടിയത്.
രണ്ടിന് 62 എന്ന നിലയിലാണ് കേരളം അവസാനദിനം ബാറ്റിംഗ് ആരംഭിച്ചത്. നായകൻ രോഹൻ കുന്നുമ്മൽ (37), ആനന്ദ് കൃഷ്ണൻ (12), അക്ഷയ് ചന്ദ്രൻ (38), വിഷ്ണു വിനോദ്(6) എന്നിവരാണ് പുറത്തായത്. 12 റൺസുമായി ശ്രേയസ് ഗോപാൽ സചിൻ ബേബിക്കൊപ്പം പുറത്താകാതെ നിന്നു.
നേരത്തെ, ശ്രേയസ് ഗോപാലിന്റെ സെഞ്ച്വറിയുടെ (137) കരുത്തിൽ ആദ്യ ഇന്നിങ്സിൽ 227 റൺസെടുത്ത കേരളത്തിനെതിരെ ബിഹാർ 377 റൺസാണ് അടിച്ചെടുത്തത്. ശാകിബുൽ ഗനിയുടെ സെഞ്ച്വറിയും (150), പിയുഷ് സിങ്ങിന്റെയും (51) ബൽജീത്ത് സിങ് ബിഹാരിയുടെയും (60) അർധസെഞ്ച്വറികളുമാണ് ബിഹാറിന് മികച്ച ലീഡ് സമ്മാനിച്ചത്.
മത്സരം സമനിലയില്‍ ആയതോടെ ഗ്രൂപ്പ് ബിയില്‍ കേരളം ബിഹാറിനും താഴെ ഏഴാം സ്ഥാനത്തേക്ക് വീണു. അസം മാത്രമാണ് കേരളത്തിന് പിന്നില്‍. നാല് മത്സരങ്ങളില്‍ മൂന്ന് സമനിലയും ഒരു തോല്‍വിയും ഉൾപ്പെടെ നാല് പോയിന്റ് മാത്രമാണ് ടീമിനുള്ളത്. മൂന്ന് മത്സരങ്ങൾ ബാക്കിയുള്ള കേരളത്തിന് എല്ലാം ജയിച്ചാൽ പോലും നോക്കൗട്ടിലെത്താൻ പ്രയാസമായിരിക്കും.
സ്കോർ:- കേരളം: ഒന്നാം ഇന്നിങ്സ് -227, ബിഹാർ: ഒന്നാം ഇന്നിങ്സ് -377 , കേരളം: രണ്ടാം ഇന്നിങ്സ് -220/4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.