രഞ്ജി ട്രോഫി: സച്ചിനും രോഹനും അർധസെഞ്ച്വറി; കേരളത്തിന് 162 റൺസ് ഒന്നാം ഇന്നിങ്സ് ലീഡ്
text_fieldsതിരുവനന്തപുരം: ഛത്തിസ്ഗഢിനെതിരായ രഞ്ജിട്രോഫി മത്സരത്തിൽ ആതിഥേയരായ കേരളം വിജയപ്രതീക്ഷയിൽ. തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിൽ നടന്ന പോരാട്ടത്തിൽ ആദ്യ ഇന്നിങ്സിൽ 162 റൺസിന്‍റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ കേരളം രണ്ടാം ഇന്നിങ്സ് ആരംഭിച്ച സന്ദർശകരുടെ രണ്ട് വിക്കറ്റുകൾ പത്ത് റൺസ് എടുക്കും മുമ്പെ വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ 149 റൺസിന് ഛത്തിസ്ഗഢിനെ എറിഞ്ഞിട്ട കേരളം, രോഹൻ പ്രേമിന്‍റെയും സച്ചിൻ ബേബിയുടെയും അർധസെഞ്ച്വറിയുടെ മികവിൽ ഒന്നാം ഇന്നിങ്സിൽ 311 റൺസ് അടിച്ചെടുത്തു.
77 റൺസ് വീതം നേടിയ സച്ചിനും രോഹനും ചേർന്ന് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തിയ 123 റൺസിന്‍റെ കൂട്ടുകെട്ടാണ് മത്സരത്തിൽ കേരളത്തിന് മേൽക്കൈ നൽകിയത്. സ്കോർ 192ൽ എത്തിയപ്പോൾ രോഹൻ പുറത്തായി. തുടർന്ന് 12 റൺസ് നേടിയ അക്ഷയ് ചന്ദ്രനുമായി ചേർന്ന് സച്ചിൻ സ്കോർ 229ൽ എത്തിച്ചെങ്കിലും ആ സ്കോറിൽ നിൽക്കെ ഇരുവരും പുറത്തായി. പിന്നീട് 46 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ ഇന്നിങ്സാണ് കേരളത്തെ 311 എന്ന മികച്ച സ്കോറിലെത്തിച്ചത്. ഏകദിന ശൈലിയിൽ കളിച്ച സഞ്ജു 54 പന്തുകൾ നേരിട്ട് മൂന്ന് വീതം ഫോറും സിക്സറും പായിച്ചു. കേരളത്തിന്‍റെ വാലറ്റക്കാർക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ജലജ് സക്സേന (11), സിജോമോൻ ജോസഫ് (6), എഫ്. ഫനൂസ് (9), എൻ.പി. ബേസിൽ (പൂജ്യം) എന്നിവർ വേഗം പുറത്തായി. എട്ട് റൺസുമായി വൈശാഖ് ചന്ദ്രൻ പുറത്താകാതെ നിന്നു. ഛത്തിസ്ഗഢിനുവേണ്ടി സുമിത് റ്യൂയികർ മൂന്നും അജയ് മണ്ഡൽ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.
സന്ദർശകരുടെ രണ്ടാം ഇന്നിങ്സ് തകർച്ചയോടെയായിരുന്നു. സ്കോർബോർഡിൽ റൺസ് ചേർക്കും മുമ്പുതന്നെ ഓപണർമാരെ നഷ്ടപ്പെട്ടു. നാല് പന്തുകൾ നേരിട്ട ഋഷഭ് തിവാരിയെ ക്യാപ്റ്റൻ സഞ്ജുവിന്‍റെ കൈകളിലെത്തിച്ച് ആദ്യ ഇന്നിങ്സിലെ അഞ്ച് വിക്കറ്റ് നേട്ടക്കാരൻ ജലജ് സക്സേനയാണ് ഞെട്ടിച്ചത്. അടുത്ത ഓവറിൽ സനിധ്യ ഹുർകട്ടിനെ വിക്കറ്റിന് മുന്നിൽ എ.ബി.ഡബ്ല്യുവിൽ കുടുക്കി വൈശാഖ് ചന്ദ്രൻ രണ്ടാം വിക്കറ്റ് നേടി. മൂന്ന് റൺസ് നേടി ക്യാപ്റ്റൻ ഹർപ്രീത് സിങ് ഭാട്ടിയയും ഏഴ് റൺസോടെ അമൻദീപ് ഖരെയുമാണ് രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോൾ ക്രീസിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.