അസ്ഹറിന്റെ (149*) ചിറകിലേറി കേരളം മുന്നോട്ട്; ഏഴിന് 418
text_fieldsഅഹമ്മദാബാദ്: ആറു വർഷത്തിനുശേഷം രഞ്ജിയിൽ കളിച്ചുനേടിയ രണ്ടാം സെമിയിൽ കരുത്തരായ ഗുജറാത്തിനെതിരെ പിഴക്കാത്ത ബാറ്റിങ്ങുമായി പിടിമുറുക്കി കേരളം. അഹ്മദാബാദ് നരേന്ദ്ര മോദി മൈതാനത്ത് മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ അപരാജിത സെഞ്ച്വറിയുടെയും സച്ചിൻ ബേബി, സൽമാൻ നിസാർ എന്നിവരുടെ അർധ സെഞ്ച്വറികളുടെയും ബലത്തിൽ സന്ദർശകർ കൂറ്റൻ സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 418 റൺസെന്ന നിലയിലാണ് കേരളം. 149 റൺസുമായി പുറത്താകാതെ നിൽക്കുന്ന അസ്ഹറുദ്ദീനൊപ്പം പത്ത് റൺസോടെ ആദിത്യ സർവാടെയും ക്രീസിലുണ്ട്.
നാല് വിക്കറ്റിന് 206 റൺസെന്ന നിലയിൽ ബാറ്റിങ് തുടങ്ങിയ കേരളത്തിന് രണ്ടാം പന്തിൽ തന്നെ ക്യാപ്റ്റൻ സച്ചിൻ ബേബിയുടെ വിക്കറ്റ് നഷ്ടമായി. 69 റൺസെടുത്ത സച്ചിൻ ബേബിയെ അർസൻ നാഗ്സവെല്ലയാണ് പുറത്താക്കിയത്. തുടർന്ന് ആറാം വിക്കറ്റിൽ ഒത്തുചേർന്ന സൽമാൻ നിസാറിന്റെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും കൂട്ടുകെട്ടാണ് കേരള ഇന്നിങ്സ് റൺമലയാക്കി വളർത്തിയത്.
കരുതലോടെയാണ് ഇരുവരും ഇന്നിങ്സ് മുന്നോട്ട് നീക്കിയത്. 30 റൺസുമായി രണ്ടാം ദിനം തുടങ്ങിയ അസ്ഹറുദ്ദീൻ മൈതാനത്തിന്റെ എല്ലായിടങ്ങളിലേക്കും ഷോട്ടുകൾ പായിച്ച് 175 പന്തുകളിൽ സെഞ്ച്വറി തികച്ചു. രഞ്ജിയിൽ താരത്തിന്റെ രണ്ടാം സെഞ്ച്വറിയാണിത്. വൈകാതെ അർധസെഞ്ച്വറി തികച്ച സൽമാൻ നിസാർ 52 റൺസിൽ നിൽക്കെ വിശാൽ ജയ്സ്വാളിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഇരുവരും ചേർന്ന് 149 റൺസാണ് ആറാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. സീസണിൽ ഇത് മൂന്നാം തവണയാണ് ഇരുവരും ചേർന്നുള്ള കൂട്ടുകെട്ടിൽ 100 റൺസിലേറെ പിറക്കുന്നത്.
തുടർന്നെത്തിയ അഹ്മദ് ഇമ്രാൻ 24 റൺസെടുത്ത് മടങ്ങി. മൂന്ന് വിക്കറ്റെടുത്ത അർസൻ നാഗസ്വെല്ലയാണ് ഗുജറാത്ത് ബൗളിങ് നിരയിൽ തിളങ്ങിയത്. പ്രിയജിത് സിങ് ജഡേജയും രവി ബിഷ്ണോയിയും വിശാൽ ജയ്സ്വാളും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിലും രണ്ടാം ദിനം 212 റൺ മാത്രം ചേർത്ത കേരളത്തെ എങ്ങനെ പിടിച്ചുകെട്ടുമെന്നതാണ് ഗുജറാത്ത് ബൗളിങ്ങിന്റെയും പിറകെ ബാറ്റിങ്ങിനെയും ആധി. മൂന്നാംദിനം മുതൽ ബൗളർമാർക്ക് അനുകൂലമാകുന്നതാണ് പിച്ച്. അതുകൊണ്ടുതന്നെ വലിയ ലീഡ് നേടിയാൽ ഗുജറാത്തിനെ പ്രതിരോധത്തിലാക്കാമെന്നാണ് ടീമിന്റെ കണക്കുകൂട്ടൽ.
‘അസ്ഹർ ജൂനിയർ’
ഇന്ത്യൻ ക്രിക്കറ്റിൽ ഒരു യുഗം ഭരിച്ച അസ്ഹറുദ്ദീൻ എന്ന നായകനോടുള്ള ഇഷ്ടം സ്വന്തം ജഴ്സിയിൽ ചേർത്തുവെച്ച 30കാരനാണിപ്പോൾ കേരള ക്രിക്കറ്റിലെ താരം. ഏഴു വർഷം അകന്നുനിന്ന ഫസ്റ്റ് ക്ലാസ് സെഞ്ച്വറി മൂന്നു കോടി മലയാളികൾ കാത്തിരുന്ന ദിനത്തിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ ബാറ്റിൽനിന്ന് ഒഴുകിയപ്പോൾ കേരള രഞ്ജി കിരീട സ്വപ്നങ്ങൾക്ക് അഴക് കൂടി. ഇന്നും പരമാവധി റൺ അടിച്ചുകൂട്ടി എതിരാളികൾക്ക് മുന്നിൽ വലിയ ടോട്ടൽ ഉയർത്താനായാൽ കലാശപ്പോര് കേരളത്തിന് യാഥാർഥ്യമാക്കാം. 2015ൽ കേരള നിരയിൽ അരങ്ങേറിയ അസ്ഹറുദ്ദീനിത് രണ്ടാം സെഞ്ച്വറിയാണ്. ക്വാർട്ടറിൽ സൽമാൻ നിസാറിനൊപ്പം നിർണായക വിക്കറ്റിൽ ചേർത്ത അർധ സെഞ്ച്വറി കേരളത്തിന്റെ സെമി പ്രവേശനത്തിൽ നിർണായകമായിരുന്നു.
കാസർകോട് ജില്ലയിലെ തളങ്കര സ്വദേശിയായ അസ്ഹർ ചെറുപ്രായത്തിൽ ക്രിക്കറ്റിൽ പിച്ചവെച്ചുതുടങ്ങിയതാണ്. നാലു വർഷം മുമ്പ് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്കെതിരെ 37 പന്തിൽ സെഞ്ച്വറി നേടിയിരുന്നു. മുഷ്താഖ് അലി ട്രോഫിയിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ സെഞ്ച്വറിയും ഒരു ഇന്ത്യൻ ബാറ്റ്സ്മാൻ നേടുന്ന ഏറ്റവും വേഗതയേറിയ മൂന്നാമത്തെ സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. പിന്നെയും വെടിക്കെട്ട് ബാറ്റിങ്ങുമായി കേരള ടീമിന്റെ നെടുംതൂണായിരുന്ന താരം ഐ.പി.എല്ലിലും കളിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.