രഞ്ജി ട്രോഫി: ആര്യൻ ജുയലിന് സെഞ്ച്വറി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ശക്തമായ നിലയിൽ
text_fieldsആലപ്പുഴ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ ഉത്തർപ്രദേശ് ശക്തമായ നിലയിൽ. 59 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ സന്ദർശകർ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ആര്യൻ ജുയലും അർധസെഞ്ച്വറിക്കരികെയുള്ള പ്രിയം ഗാർഗും ചേർന്നാണ് യു.പിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 43 റൺസെടുത്ത ഓപണർ സമർഥ് സിങ്ങിന്റെ വിക്കറ്റാണ് നഷ്ടമായത്. ജലജ് സക്സേനയുടെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. 115 റൺസുമായി ആര്യൻ ജുയലും 49 റൺസുമായി പ്രിയം ഗാർഗും ക്രീസിലുണ്ട്.
ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ ഉത്തര്‍പ്രദേശിന് നിലവിൽ 278 റണ്‍സിന്‍റെ ലീഡുണ്ട്. അവസാന ദിവസമായ തിങ്കളാഴ്ച അതിവേഗം റൺസടിച്ചുകൂട്ടിയ ശേഷം കേരളത്തെ ബാറ്റിങ്ങിനയച്ച് വിജയം പിടിക്കുകയാകും യു.പിയുടെ ലക്ഷ്യം. എന്നാൽ, സമനില നേടാനാകും കേരളത്തിന്റെ പോരാട്ടം.
ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ കേരളം 243 റൺസിന് പുറത്തായിരുന്നു. 74 റൺസെടുത്ത വിഷ്ണു വിനോദ് ആണ് കേരളത്തിന്റെ ടോപ് സ്കോറർ. സചിൻ ബേബി (38), ശ്രേയസ് ഗോപാൽ (36), ക്യാപ്റ്റൻ സഞ്ജു സാംസൺ (35) എന്നിവരും കേരളത്തിനായി തരക്കേടില്ലാതെ ബാറ്റ് ചെയ്തു. കൃഷ്ണപ്രദാസ് (0), രോഹൻ കുന്നുമ്മൽ (11), രോഹൻ പ്രേം (14), ജലജ് സക്സേന (7), ബേസിൽ തമ്പി (2), വൈശാഖ് ചന്ദ്രൻ (5), എം.ഡി നിധീഷ് (പുറത്താകാതെ 15) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.
യു.പിക്കായി അങ്കിത് രാജ്പൂത് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് മൂന്നും യാഷ് ദയാൽ, സൗരബ് കുമാർ എന്നിവർ ഓരോന്നും വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.