കരുൺ നായർ പണിയാകുമോ? രഞ്ജി ട്രോഫിയിൽ വിദർഭ പൊരുതുന്നു
text_fieldsരഞ്ജി ട്രോഫി ഫൈനലിൽ ആദ്യ സെഷൻ അവസാനിച്ചപ്പോൾ ഇരു ടീമുകളും പൊരുതുന്നു. ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 81 റൺസ് വിദർഭ നേടിയിട്ടുണ്ട്. 88 പന്തുകൾ നേരിട്ട് ആറ് ഫോറടക്കം 38 റൺസ് നേടിയ ഡാനിഷ് മലെവറും 48 പന്തിൽ നിന്നും ഒരു ഫോറും സിക്സറുമടക്കം 24 റൺസ് നേടിയ കരുൺ നായരുമാണ് ക്രീസിലുള്ളത്.
കേരളത്തിനായി എം.ഡി നിധീഷ് രണ്ടും ഏദൻ ആപ്പിൾ ഒരു വിക്കറ്റും നേടി. ടീം സ്കോർ 24 റൺസ് എത്തിയപ്പോൾ തന്നെ മൂന്ന് വിക്കറ്റ് നേടി കേരളത്തിന് സ്വപ്നതുല്യമായ ഫൈനലാണ് പേസ് ബൗളർമാർ നൽകിയത്. എന്നാൽ നാലാം വിക്കറ്റിൽ കരുണും ഡാനിഷും വിദർഭയെ കരകയറ്റാനുള്ള ശ്രമത്തിലാണ്. ഇരുവരും നങ്കൂരമിട്ട് ക്രീസിൽ നിലയുറപ്പിക്കുന്ന കാഴ്ചയാണ് നിലവിൽ കാണുന്നത്. മികച്ച ഫോമിലുള്ള കരുൺ നായർ ക്രീസിൽ എത്രത്തോളം സമയം ചിലവഴിക്കുന്നോ അത്രയും സമയം കേരളത്തിന് അപകട സാധ്യതകൾ തുടരും. 57 റൺസിന്‍റെ കൂട്ടുക്കെട്ടാണ് നിലവിൽ ഇരുവരും സൃഷ്ടിച്ചിരിക്കുന്നത്.
നേരത്തെ ടോസ് നേടിയ കേരള നായകൻ സചിൻ ബേബി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നായകൻ്റെ തീരുമാനം തെറ്റിയില്ല, മത്സരത്തിലെ ആദ്യ ഓവറിലെ രണ്ടാം പന്തിൽത്തന്നെ എം.ഡി. നിധീഷ് വിദർഭയെ ഞെട്ടിച്ചു. ഓപ്പണർ പാർഥ് രേഖാഡെ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. എൽബിക്കായുള്ള അപ്പീൽ അമ്പയർ നിരസിച്ചെങ്കിലും, ഡി.ആർ.എസിലൂടെയാണ് ഔട്ട് വിധിച്ചത്. വൺഡൗണായി ദർശൻ നൽകാണ്ഡെ ക്രീസിലെത്തി. പ്രതിരോധിച്ചു കളിക്കാനായിരുന്നു താരത്തിന്റെ നീക്കം.
20 പന്തുകൾ ദർശൻ വിജയകരമായി പ്രതിരോധിച്ചെങ്കിലും 21-ാം പന്തിൽ നിധീഷിനു മുന്നിൽ വീണു. 21 പന്തിൽ ഒറ്റ റണ്ണുമായാണ് താരം പുറത്തായത്. എൻ.പി. ബേസിൽ ക്യാച്ചെടുത്താണ് പുറത്താക്കിയത്. നിധീഷിൻ്റെ ആദ്യത്തെ നാലു ഓവറും മെയ്ഡനായിരുന്നു. ഏദൻ ആപ്പിൾ എറിഞ്ഞ 13-ാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ ഉജ്വല ക്യാച്ചിലാണ് ധ്രുവ് ഷോറെ പുറത്തായത്. 35 പന്തിൽ മൂന്നു ഫോറുകളോടെ 16 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. വരുൺ നായനാർക്കു പകരമാണ് ഏദൻ പ്ലെയിങ് ഇലവനിലെത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.