ബലാത്സംഗ കേസ്: യു.എസ് വിസ നിഷേധിച്ച നേപ്പാൾ താരം ഒടുവിൽ ലോകകപ്പിന്
text_fieldsകാഠ്മണ്ഡു: ബലാത്സംഗ കേസിൽ പ്രതിചേർക്കപ്പെട്ടത് കാരണം ട്വന്റി 20 ലോകകപ്പിന്റെ സഹ ആതിഥേയരായ യു.എസ്.എ വിസ നിഷേധിച്ചതോടെ ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങൾ നഷ്ടമായ നേപ്പാൾ താരം സന്ദീപ് ലാമിച്ചനെ അവസാന രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ ടീമിനൊപ്പം ചേരും. ഇക്കാര്യം നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. അടുത്ത മത്സരങ്ങൾ വെസ്റ്റിൻഡീസിൽ നടക്കുന്നതിനാലാണ് താരത്തിന് കളിക്കാൻ അവസരമൊരുങ്ങിയത്.
നേപ്പാൾ ക്രിക്കറ്റ് ടീമിലെ പ്രധാന താരങ്ങളിലൊരാളായ സന്ദീപ് ലാമിച്ചനെ 15 അംഗ സ്ക്വാഡിൽ ഉൾപ്പെട്ടിരുന്നെങ്കിലും രണ്ടുതവണയാണ് യു.എസ് വിസ നിഷേധിച്ചത്. 23കാരന്റെ ആദ്യ അപേക്ഷ നിരസിച്ചതിനെ തുടർന്ന് നയതന്ത്ര തലത്തിൽ ഇടപെടലുണ്ടായിരുന്നു. നേപ്പാൾ സർക്കാറും വിദേശകാര്യ മന്ത്രാലയവും ഇന്റർനാഷനൽ ക്രിക്കറ്റ് കൗൺസിലുമെല്ലാം വിസ ലഭ്യമാക്കാൻ ഇടപെട്ടു. എന്നാൽ, രണ്ടാമത് നൽകിയ അപേക്ഷയും യു.എസ് നിരസിക്കുകയായിരുന്നു.
18 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ ലാമിച്ചനെ 2022 ഒക്ടോബറിൽ അറസ്റ്റിലായിരുന്നു. 2024 ജനുവരിയിൽ നടന്ന വിചാരണക്കൊടുവിൽ കീഴ്കോടതി എട്ട് വർഷത്തെ തടവ് ശിക്ഷ വിധിച്ചെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഹൈകോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു. തുടർന്ന് നേപ്പാൾ ക്രിക്കറ്റ് അസോസിയേഷൻ ലാമിച്ചനെക്ക് കളിക്കാനുള്ള അനുമതി നൽകിയിരുന്നു. ജൂൺ 14ന് ദക്ഷിണാഫ്രിക്കക്കും 16ന് ബംഗ്ലാദേശിനുമെതിരെയാണ് നേപ്പാളിന്റെ അടുത്ത മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.