‘പാകിസ്താൻ ക്രിക്കറ്റിന് നിത്യശാന്തി നേരുന്നു’; ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി റാഷിദ് ലത്തീഫ്
text_fieldsപാകിസ്താൻ ക്രിക്കറ്റ് ബോർഡിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിക്കറ്റ് കീപ്പർ ബാറ്റർ റാഷിദ് ലത്തീഫ്. പാകിസ്താൻ ക്രിക്കറ്റിന് നിത്യശാന്തി നേരുന്നതായി (റെസ്റ്റ് ഇൻ പീസ്) അദ്ദേഹം പരിഹസിച്ചു.
കഴിഞ്ഞദിവസമാണ് അഫ്ഗാനിസ്താനെതിരായ ട്വന്‍റി20 പരമ്പരക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചത്. ശദബ് ഖാനാണ് നായകൻ. നിലവിലെ നായകൻ ബാബർ അസമിനും പേസർ ഷഹീൻ അഫ്രീദിക്കും വിശ്രമം അനുവദിക്കുകയും ചെയ്തു. പിന്നാലെയാണ് ബോർഡിനെ വിമർശിച്ച് റാഷിദ് രംഗത്തുവന്നത്.
‘നമ്മുടെ താരങ്ങൾ ഐ.സി.സി റാങ്കിങ്ങിൽ ഇടംപിടിക്കുകയും വളരെക്കാലത്തിന് ശേഷം അവാർഡുകൾ നേടുകയും ചെയ്യുന്നു. ബാബറും ഷഹീനും ഐ.സി.സി അവാർഡുകൾ നേടി. അവർക്ക് (പാക് ക്രിക്കറ്റ് ബോർഡ്) അത് ദഹിക്കുന്നില്ല. അതൊരിക്കലും അനുവദിക്കില്ലെന്നും ഞങ്ങൾ തീരുമാനിക്കുമെന്നുമാണ് അവർ പറയുന്നത്. ഒരിക്കലും വിശ്രമം എടുക്കാത്തവരും 70ഉം 80ഉം വയസ്സുള്ളവരും ഇപ്പോൾ പാകിസ്താൻ ക്രിക്കറ്റിന്റെ വിധി നിർണയിക്കുകയാണ്. പാകിസ്താൻ ടീമിന് നിത്യശാന്തി നേരുന്നതായി പറയാം. ഞങ്ങളുടെ ടീം ഇപ്പോൾ റെസ്റ്റ് ഇൻ പീസിലാണ്’ -റാഷിദ് ലത്തീഫ് പരിഹസിച്ചു.
നിങ്ങൾ പുതിയ കളിക്കാരെ കൊണ്ടുവരുമ്പോൾ, ടീം കോമ്പിനേഷൻ തകർക്കും. പാകിസ്താൻ ടീമിനെ തകർക്കാനുള്ള ആദ്യപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടീം പ്രഖ്യാപനത്തിനു പിന്നാലെ നായകൻ ശദബ് ഖാനെ പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ നജം സേത്തി അഭിനന്ദിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.