അഫ്ഗാന്‍ താരത്തിന് 10 കോടി പാരിതോഷികം നൽകുമോ? പ്രചരണങ്ങളോട് പ്രതികരിച്ച് രത്തൻ ടാറ്റ
text_fieldsലോകകപ്പ് ക്രിക്കറ്റില്‍ പാകിസ്ഥാനെ തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ കളിക്കാരന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന പ്രചാരണത്തോട് പ്രതികരിച്ച് വ്യവസായി രത്തന്‍ ടാറ്റ. ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെ അട്ടിമറിച്ചതിന് പിന്നാലെയാണ് രത്തന്‍ ടാറ്റ അഫ്ഗാന്‍ താരം റാഷിദ് ഖാന് 10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. മത്സരത്തില്‍ ജയിച്ചതിനുശേഷം റാഷിദ് ഖാന്‍ ഇന്ത്യന്‍ പതാക വീശിയതിന് ഐസിസി 55 ലക്ഷം രൂപ പിഴശിക്ഷ വിധിച്ചുവെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
രത്തൻ ടാറ്റയുടെ വിശദീകരണം
ഈ വിഷയവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അതുകൊണ്ടു തന്നെ ലോകകപ്പിലെ പ്രകടനത്തിന് ഏതെങ്കിലും താരത്തിന് പാരിതോഷികമോ പിഴയോ നല്‍കാമെന്ന് ഐസിസിക്ക് മുമ്പാകെ നിര്‍ദേശം വെച്ചിട്ടില്ലെന്നും രത്തന്‍ ടാറ്റ എക്സിലെ പോസ്റ്റില്‍ വ്യക്തമാക്കി. ’അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിനോ ഏതെങ്കിലും ക്രിക്കറ്റ് താരത്തിനോ പാരിതോഷികം പ്രഖ്യാപിച്ചിട്ടില്ല. എനിക്ക് ക്രിക്കറ്റുമായി ഒരു ബന്ധവുമില്ല. വാട്‌സ്ആപ്പ് വഴി പ്രചരിക്കുന്ന സന്ദേശങ്ങളോ ഇത്തരത്തില്‍ പ്രചരിക്കുന്ന വീഡിയോകളോ വിശ്വസിക്കരുത്. എന്റെ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന വിവരങ്ങളല്ലാതെ മറ്റൊന്നും വിശ്വസിക്കരുത്’ - രത്തന്‍ ടാറ്റ എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
23ന് നടന്ന ആവേശപ്പോരാട്ടത്തില്‍ അഫ്ഗാനിസ്ഥാന്‍ എട്ടു വിക്കറ്റിന്‍റെ ആധികാരിക ജയമാണ് പാകിസ്ഥാനെതിരെ നേടിയത്. ആദ്യമായാണ് അഫ്ഗാന്‍ പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്. ചെന്നൈയില്‍ ഓള്‍റൗണ്ട് മികവ് കാണിച്ചാണ് അഫ്ഗാനിസ്ഥാന്‍ പാകിസ്ഥാനെതിരെ എട്ട് വിക്കറ്റ് ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഓപ്പണിങ് ജോഡികളായ റഹ്മാനുല്ല ഗുര്‍ബാസ്(65), ഇബ്രാഹിം സാദ്രാന്‍(87) എന്നിവരെ കൂടാതെ റഹ്മത്ത് ഷാ(77) എന്നിവരുടെ പ്രകടനവും നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റില്‍ പാകിസ്ഥനെതിരെയും ഇംഗ്ലണ്ടിനെതിരെയുമാണ് അഫ്ഗാന്‍ അട്ടിമറി ജയം നേടിയത്.
മത്സരശേഷം അഫ്ഗാന്‍ പതാക പുതച്ച് ഗ്രൗണ്ടിലിറങ്ങിയ റാഷിദ് ഖാന്‍ ഇന്ത്യന്‍ പതാകയും വീശിയിരുന്നു. ഇതിനാണ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഐസിസി 55 ലക്ഷം രൂപ പിഴയിട്ടതെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ റാഷിദ് ഖാന് പിഴയിട്ടത് സംബന്ധിച്ച് ഐസിസി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിച്ചിട്ടല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.