രാജനഗരിയിൽനിന്ന് കളിയുടെ തമ്പുരാനായ രവിയച്ചൻ
text_fieldsതൃപ്പൂണിത്തുറ: കേരള ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് കഴിഞ്ഞ ദിവസം അന്തരിച്ച പി. രവിയച്ചന്. 1952 മുതല്‍ 17 വര്‍ഷം രഞ്ജി ട്രോഫിയിൽ ജഴ്സി അണിഞ്ഞു. ബാറ്റ്സ്മാനായും ബൗളറായും തിളങ്ങിയ രവിയച്ചന്റെ പേരിലാണ് കേരളത്തിന്റെ ആദ്യ ഓള്‍റൗണ്ടര്‍ ക്രിക്കറ്റര്‍ എന്ന ഖ്യാതി. 1952 മുതൽ 1970 വരെ ക്രിക്കറ്റ് പിച്ചുകളിൽ ബാറ്റും ബാളുംകൊണ്ട് അദ്ദേഹം വിസ്മയം തീർത്തു.
വലംകൈയൻ ബാറ്റ്സ്മാനും ബൗളറുമായ രവിയച്ചൻ ലെഗ് ബ്രേക്ക് ബൗളിങ്ങിലൂടെ തുടങ്ങി മീഡിയം പേസറായും ഓഫ് സ്പിന്നറായും മികവു തെളിയിക്കുകയായിരുന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റും നേടിയ ആദ്യ കേരള താരവും രവിയച്ചൻതന്നെ. രണ്ടുതവണ കേരള ടീമിന്റെ നായകനായി. കരിയറിൽ കളിച്ച 55 മത്സരങ്ങളിലെ 101 ഇന്നിങ്സുകളിൽ 1107 റൺസും 125 വിക്കറ്റുകളും സ്വന്തമാക്കി. മൂന്ന് അർധസെഞ്ച്വറികളും രവിയച്ചന്റെ ബാറ്റിൽനിന്ന് പിറന്നു.
തിരുനൽവേലിയിൽ മദ്രാസിനെതിരെ നടന്ന അവസാന രഞ്ജി മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ നേടിയ 70 റൺസാണ് ടോപ് സ്കോർ. ഏഴുതവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്തമാക്കി 1960-61 സീസണിൽ ആന്ധ്രക്കെതിരെ 34 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് രവിയച്ചന്റെ ഏറ്റവും മികച്ച ബൗളിങ്. സി.എസ്. നായിഡു, വിജയ് മഞ്ജരേക്കർ, സി.ഡി. ഗോപിനാഥ്, എം.എൽ. ജയസിംഹ, മൻസൂർ അലിഖാൻ പട്ടൗഡി, എ.ജി. കൃപാൽ സിങ്ജി തുടങ്ങിയവരുടെയൊക്കെ വിക്കറ്റുകൾ നേടിയിട്ടുണ്ട്.
കേരളത്തിന്റെ ആദ്യ രഞ്ജി ട്രോഫി വിജയത്തിലും രവിയച്ചന്റെ സംഭാവന നിർണായകമായിരുന്നു. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പരിമിത ഓവർ ടൂർണമെന്റുകളിലൊന്നായ തൃപ്പൂണിത്തുറയിലെ പൂജ ക്രിക്കറ്റ് ടൂർണമെന്റിലും ആദ്യകാലത്ത് കളിച്ചിരുന്നു. 41ാം വയസ്സിൽ ആഭ്യന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.
നിരവധി പുരസ്കാരങ്ങൾ തേടിയെത്തിയതിനൊപ്പം പ്രശസ്തരായ പല ക്രിക്കറ്റ് താരങ്ങളുമായി ബന്ധം സ്ഥാപിക്കാനും കഴിഞ്ഞിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു.
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം രവി ശാസ്ത്രിയിൽനിന്നാണ് ഈ ബഹുമതി ഏറ്റുവാങ്ങിയത്. തൃപ്പൂണിത്തുറ കോവിലകത്ത് അനിയന് തമ്പുരാന്റെയും കൊച്ചുകുട്ടികുഞ്ഞമ്മയുടെയും മകനായി 1928 മാര്‍ച്ച് 12നായിരുന്നു ജനനം. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂള്‍, ചേന്ദമംഗലം പാലിയം ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം.
തൃശൂര്‍ സെന്റ് തോമസ് കോളജിലെ ഇന്റര്‍മീഡിയറ്റിനുശേഷം അണ്ണാമലൈ യൂനിവേഴ്സിറ്റിയില്‍നിന്ന് ബിരുദവും നേടി. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബായിരുന്നു രവിയച്ചന്റെ തട്ടകം. ടെന്നിസ്, ഷട്ടിൽ, ടേബിൾ ടെന്നിസ്, ബാൾ ബാഡ്മിന്റൺ എന്നിവയിലും അദ്ദേഹം തിളങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.