'ഗാംഗുലിയും ദ്രാവിഡും ലോകകപ്പ് നേടിയിട്ടില്ല, അവർ മോശം താരങ്ങളാണോ..? കോഹ്ലിക്ക് പിന്തുണയുമായി രവി ശാസ്ത്രി
text_fieldsമുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് പിന്തുണയുമായി രവി ശാസ്ത്രി രംഗത്ത്. ഒരു കളിക്കാരനെയോ അയാളുടെ ക്യാപ്റ്റന്‍സിയെയോ ട്രോഫികള്‍ നേടുന്നതിെൻറ അടിസ്ഥാനത്തിലല്ല വിലയിരുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നോക്കുകയാണെങ്കിൽ ഗാംഗുലിക്കും ദ്രാവിഡിനും എത്ര ഐ.സി.സി ട്രോഫികളുണ്ടെന്നും കോഹ്ലിയുടെ നായകത്വത്തിലുള്ള ഇന്ത്യൻ ടീമിെൻറ പരിശീലകനായി ഏറെക്കാലമുണ്ടായിരുന്ന ശാസ്ത്രി ചോദിച്ചു.
ഇന്ത്യൻ നായകൻ എന്ന നിലയിൽ എല്ലാ ഫോർമാറ്റിലുമായി നിരവധി റെക്കോർഡുകൾ ഉണ്ടായിരുന്നെങ്കിലും ഒരു ഐ.സി.സി കിരീടം പോലും നേടാൻ കഴിഞ്ഞില്ലെന്ന് കാട്ടിയായിരുന്നു വിരാട് കോഹ്ലിക്കെതിരെ പലരും വിമർശനമുന്നയിച്ചിരുന്നത്.
'പല താരങ്ങളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. സൗരവ് ഗാംഗുലിയും രാഹുല്‍ ദ്രാവിഡും അനില്‍ കുംബ്ലെയും വി.വി.എസ് ലക്ഷ്മണും ലോകകപ്പ് നേടിയിട്ടില്ല. രോഹിത് ശര്‍മക്ക് പോലും ഇതുവരെ കപ്പ് നേടാന്‍ സാധിച്ചിട്ടില്ല. അത് നേടാത്തത് കൊണ്ട് ഒരു താരവും മോശക്കാരനാവില്ലെന്നും രവി ശാസ്ത്രി തുറന്നടിച്ചു. ലോകകപ്പ് നേടിയ നായകന്‍മാര്‍ കപില്‍ ദേവും എം.എസ് ധോണിയും മാത്രമാണെന്നും രവിശാസ്ത്രി പി.ടി.െഎയോട് പറഞ്ഞു.
സചിൻ ടെണ്ടുൽക്കറിന് അദ്ദേഹത്തിെൻറ കരിയറിലെ ആദ്യ ലോകകപ്പ് നേടാൻ ആറ് ലോകകപ്പുകൾ കാത്തിരിക്കേണ്ടി വന്നിരുന്നു എന്നും അദ്ദേഹം ഒാർമപ്പെടുത്തി. ലോകകപ്പ് നേട്ടമല്ല കാര്യമാക്കേണ്ടത്, നിങ്ങള്‍ എങ്ങനെ കളിക്കുന്നു, സത്യസന്ധതയോടെയാണോ കളിക്കുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങൾ വിലയിരുത്തപ്പെടുന്നത്, അങ്ങനെയായിരിക്കണം ഓരോ കളിക്കാരെയും വിലയിരുത്തേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.