സെവാഗല്ല! ഗവാസ്കറിനുശേഷം ഇന്ത്യ കണ്ട മികച്ച ടെസ്റ്റ് ഓപ്പണർ മുൻ സി.എസ്.കെ സൂപ്പർതാരമെന്ന് രവി ശാസ്ത്രി
text_fieldsലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓപ്പണർമാരിൽ ഒരാളായാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കറിനെ വിശേഷിപ്പിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ കരുത്തുറ്റ ഓപ്പണർമാരിലൊരാൾ. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 10,000 റൺസ് നേടുന്ന ആദ്യ താരം.
34 ടെസ്റ്റ് സെഞ്ച്വറികളാണ് ഗവാസ്കറിന്‍റെ പേരിലുള്ളത്. ഗവാസ്കറിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് കണ്ട മികച്ച ഓപ്പണറായി മുൻ വെടിക്കെട്ട് ബാറ്റർ വീരേന്ദർ സെവാഗിനെയാണ് പലരും വിശേഷിപ്പിക്കുന്നത്. രണ്ടു ട്രിപ്പ്ൾ സെഞ്ച്വറികളാണ് സെവാഗിന്‍റെ ബാറ്റിൽനിന്ന് പിറന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ പുതിയ കാലത്തെ മികച്ച ഓപ്പണറായി നായകൻ രോഹിത് ശർമയെയും ചൂണ്ടിക്കാട്ടുന്നവരുണ്ട്.
എന്നാൽ, സുനിൽ ഗവാസ്കറിനുശേഷം ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണർ മുരളി വിജയിയാണെന്ന് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി പറയുന്നു. മുൻ ഇന്ത്യൻ ബൗളിങ് പരിശീലകനായിരുന്നു ഭരത് അരുണാണ് ഒരു അഭിമുഖത്തിനിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗവാസ്കറിനുശേഷം ഇന്ത്യ കണ്ട മികച്ച ടെസ്റ്റ് ഓപ്പണർ മുരളി വിജയ് ആണെന്ന് ശാസ്ത്രി പലപ്പോഴും പറഞ്ഞിരുന്നതായി ഭരത് വ്യക്തമാക്കി. മുൻ ചെന്നൈ സൂപ്പർ കിങ്സ് താരമായിരുന്ന മുരളി ശാസ്ത്രിയുടെ ഇഷ്ട താരങ്ങളിൽ ഒരാൾ കൂടിയണ്.
‘എനിക്ക് ചെറുപ്പം മുതലേ അറിയാവുന്ന ഒരു ബാറ്ററുടെ പേര് പറയുകയാണെങ്കിൽ, അത് കോളജ് കാലം തൊട്ട് അറിയാവുന്ന മുരളി വിജയിയാണ്. ഫസ്റ്റ് ഡിവിഷൻ ടീമിലേക്ക് അദ്ദേഹത്തെ ശുപാർശ ചെയ്തത് ഞാനാണ്. സുനിൽ ഗവാസ്‌കറിന് ശേഷം ഇന്ത്യക്ക് ലഭിച്ച ഏറ്റവും മികച്ച ടെസ്റ്റ് ഓപ്പണറാണ് മുരളി വിജയ് എന്ന് രവി ശാസ്ത്രി പലപ്പോഴും പറയാറുണ്ട്. അത് ഒരു വലിയ അഭിനന്ദനമാണ്’ -ഭരത് അരുൺ പറഞ്ഞു.
ഇന്ത്യക്കായി 61 ടെസ്റ്റുകളിൽനിന്നായി 3982 റൺസ് നേടിയിട്ടുണ്ട് വിജയ്. ടെസ്റ്റ് ചരിത്രത്തിൽ ഒരു ഇന്ത്യൻ ഓപ്പണറുടെ ഏറ്റവും ഉയർന്ന നാലാമത്തെ റൺസ് സമ്പാദ്യമാണിത്. 12 സെഞ്ച്വറികളാണ് താരം നേടിയത്. 167 ആണ് ഉയർന്ന സ്കോർ. 2015ൽ സിംബാബ്വെക്കെതിരെയാണ് അവസാനമായി ടെസ്റ്റ് കളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.