‘വിദേശത്ത് എന്‍റെ ബൗളിങ് ഗംഭീരം...’; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് തോൽവിക്കു പിന്നാലെ ആർ. അശ്വിൻ
text_fieldsലോക ഒന്നാം നമ്പർ ടെസ്റ്റ് ബൗളറായിട്ടും രവിചന്ദ്രൻ അശ്വിന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീമിന്‍റെ പ്ലെയിങ് ഇലവനിൽ ഇടം ലഭിച്ചിരുന്നില്ല. ഫൈനലിൽ ഓസീസിനെതിരെ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിനു പിന്നിലെ കാരണങ്ങളിലൊന്നായി പല ക്രിക്കറ്റ് വിദഗ്ധരും ചൂണ്ടിക്കാട്ടിയതും അശ്വിന്‍റെ അസാന്നിധ്യമായിരുന്നു.
ഫൈനൽ മത്സരം കളിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നതായി ഓഫ് സ്പിന്നർ പറയുന്നു. ഫൈനൽ സ്റ്റേജു വരെ ടീമിനെ എത്തിക്കുന്നതിൽ താനും പങ്കുവഹിച്ചിരുന്നതായും ഇന്ത്യൻ എക്സ്പ്രസിനു നൽകിയ അഭിമുഖത്തിൽ താരം വ്യക്തമാക്കി. ‘ഉത്തരം പറയാൻ ഏറെ ബുദ്ധിമുട്ടുള്ള ചോദ്യമാണ്, ശരിയല്ലേ? കാരണം ഫൈനൽ മത്സരം കഴിഞ്ഞുപോയി. ടീം അവിടെ എത്തുന്നതിൽ ഞാനും ഒരു പങ്കു വഹിച്ചിരുന്നു, അതുകൊണ്ടുതന്നെ ഫൈനൽ മത്സരം കളിക്കാൻ അതിയായി ആഗ്രഹിച്ചു. കഴിഞ്ഞ ഫൈനൽ മത്സരത്തിൽ ഞാൻ നാല് വിക്കറ്റ് നേടിയിട്ടുണ്ട്, നന്നായി ബൗൾ ചെയ്തു’ -അശ്വിൻ പറഞ്ഞു.
വിദേശത്തെ പ്രകടനത്തെ കുറിച്ചുള്ള ചോദ്യത്തിന് അതിശയകരം എന്നായിരുന്നു താരത്തിന്‍റെ മറുപടി. 2028-19 സീസൺ മുതൽ വിദേശ പിച്ചുകളിൽ താൻ ഗംഭീരമായി ബൗൾ ചെയ്യുന്നുണ്ട്. ടീമിനെ പല മത്സരങ്ങലിലും ജയിപ്പിക്കാനായി. തന്നെ കുറിച്ച് മറ്റുള്ളവർ പറയുന്നതിനെ താൻ മുഖവിലക്കെടുക്കുന്നില്ലെന്നും അശ്വിൻ അഭിപ്രായപ്പെട്ടു. ആസ്ട്രേലിയക്കെതിരെ ഫൈനലിൽ 209 റണ്‍സിന്റെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്.
444 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ രണ്ടാം ഇന്നിങ്സ് 234 റൺസിൽ അവസാനിച്ചു. സ്പിന്നറായി രവീന്ദ്ര ജദേജയാണ് പ്ലെയിങ് ഇലവനിൽ കളിച്ചത്. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തോൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.