അശ്വിന് അഞ്ച് വിക്കറ്റ്; വെസ്റ്റിൻഡീസ് 150ന് പുറത്ത്
text_fieldsറോസോ (ഡൊമിനിക്ക): ഇന്ത്യൻ സ്പിന്നർമാർ ഒരുക്കിയ വാരിക്കുഴിയിൽ വെസ്റ്റിൻഡീസ് ബാറ്റിങ് നിര തകർന്നടിഞ്ഞു. വിൻഡീസ് പര്യടനത്തിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 150 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനും മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയുമാണ് വിൻഡീസ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ വിക്കറ്റൊന്നും നഷ്ടമാകാതെ 80 റൺസെന്ന നിലയിലാണ്. അരങ്ങേറ്റ മത്സരത്തിൽ രോഹിതിനൊപ്പം ഒാപണിറങ്ങിയ യശസ്വി ജയ്സാൾ 40 ഉം രോഹിതി ശർമ 30 റൺസുമായി ക്രീസിലുണ്ട്.
ഡൊമനിക വിൻഡ്സർ പാർക്കിൽ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ബ്രാത് വെയ്റ്റ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മുഹമ്മദ് സിറാജും ജയ്ദേവ് ഉനദ്കട്ടുമാണ് ഓപണിങ് സ്പെൽ എറിഞ്ഞത്. പേസ് ബൗളർമാർക്കെതിരെ ശ്രദ്ധയോടെ ബാറ്റേന്തിയ വിൻഡീസ് ഓപണർമാർ പത്ത് ഓവർ പിന്നിടുമ്പോൾ സ്കോർ ബോർഡിൽ വിക്കറ്റൊന്നും നഷ്ടപ്പെട 29 റൺസ് ചേർത്തിരുന്നു. ഓപണർമാർ നങ്കൂരമിടുമെന്ന് തോന്നിയ സമയം അശ്വിൻ ഇന്ത്യക്ക് ആദ്യ ബ്രേക് ത്രൂ നൽകി. തഗെനരേയ്ൻ(12) ബൗൾഡായി. ബ്രാത് വെയ്റ്റിന്റെ(20) ചെറുത്തുനിൽപ്പും അശ്വിൻ തന്നെ അവസാനിപ്പിച്ചു. റെയ്മൺ റെയ്ഫർ രണ്ട് റൺസെടുത്ത് ഷർദുൽ താക്കൂറിന് വിക്കറ്റ് നൽകി മടങ്ങി. ബ്ലാക്ക് വുഡ് 14 ഉം ജോഷ്വ ഡാ സിൽവ രണ്ടും റൺസെടുത്ത് രവീന്ദ്ര ജഡേജക്ക് വിക്കറ്റ് നൽകി മടങ്ങി.
അഞ്ചാം വിക്കറ്റിൽ അലിക്ക് അത്നാസെയും ജാസൺ ഹോൾഡറും നടത്തിയ ചെറുത്തു നിൽപ്പാണ് ടീം സ്കോർ 100 കടത്തിയത്. 18 റൺസെടുത്ത ജാസൺ ഹോൾഡർ സിറാജിന്റെ പന്തിൽ ഷർദുൽതാക്കൂറിന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ അൽസാരി ജോസഫിനെ (2) നിലയുറപ്പിക്കും മുൻപ് അശ്വിൻ പുറത്താക്കി. അർധ സെഞ്ച്വറിക്കരികെ അലിക്ക് അത്നാസെ (47) ഉം വീണു. അശ്വിൻ തന്നെയാണ് മടക്കടിക്കറ്റ് നൽകിയത്. കെമർ റോച്ചിനെ (1) എൽബിയിൽ കുരുക്കി ജദേജ പറഞ്ഞയച്ചു. വിൻഡീസ് സ്കോർ 150 നിൽകെ ജോമൽ വാരിക്കനെ (1) അവസാന ഇരയാക്കി അശ്വിൻ ഇന്നിങ്സ് അവസാനിപ്പിച്ചു.
റഹ്കീം കോൺവാൾ 19 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജും ഷർദുൽ താക്കൂറും ഒരോ വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.