ആറാട്ട് അണ്ണൻ
text_fields‘ബാസ്ബാൾ’ ശൈലി പെരുമയേന്തി ഇന്ത്യൻ മണ്ണിലെത്തിയ ഇംഗ്ലീഷ് പടയെ സ്പിൻചുഴിയിൽ കുരുക്കി കെട്ടുകെട്ടിച്ചിരിക്കുന്നു ടീം ഇന്ത്യ. യുവനിരയും സ്പിന്നർമാരും ഒത്തുചേർന്ന് അവിസ്മരണീയ പ്രകടനം പുറത്തെടുത്താണ് ടെസ്റ്റ് പരമ്പര 4-1ന് സമ്മാനിച്ചത്. സ്പിന്‍ മാന്ത്രികന് രവിചന്ദ്രൻ അശ്വിന്റെ നേതൃത്വത്തിലുള്ള ബൗളിങ് നിര ഇംഗ്ലണ്ടിനെ പരമ്പരയിലുടനീളം വിറപ്പിച്ചു. അഞ്ചു മത്സരങ്ങളിൽ 24.8 ഇക്കണോമിയിൽ 26 വിക്കറ്റ് വീഴ്ത്തി 38ാം വയസ്സിലേക്കു നീങ്ങുന്ന അശ്വിൻ ഒന്നാമനായി.
തന്ത്രശാലി, അപകടകാരി
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് ഓഫ് സ്പിന്നറായ അശ്വിൻ. പ്രത്യേകിച്ച് ഇന്ത്യന്‍ പിച്ചില്‍ ഏറെ അപകടകാരിയാണ്. ടേണുള്ള പിച്ചില്‍ അശ്വിന്റെ പന്ത് നേരിടുക മികച്ച ബാറ്റർമാർക്കുപോലും തലവേദനയാണ്. പന്തിന്റെ വേഗത്തിലെ നിയന്ത്രണവും പിച്ചുകൾക്കനുസരിച്ചുള്ള ബൗളിങ് മാറ്റവുമെല്ലാം അശ്വിന്റെ പ്രത്യേകതയാണ്. തന്ത്രശാലിയും വ്യത്യസ്തനുമായ ബൗളറാണ് അശ്വിന്. ബാറ്ററുടെ ശൈലിയും ഫീൽഡിങ് ലൈനപ്പുമെല്ലാം കൃത്യമായി പഠിച്ച് മനസ്സുകൊണ്ട് വിലയിരുത്തിയാണ് അദ്ദേഹത്തിന്റെ ഓരോ പന്തും മുന്നോട്ടുപോവുന്നത്. നിലവിൽ ഇന്ത്യൻ ടീമിലെ ഏറ്റവും മുതിർന്ന താരമാണ് 37 വയസ്സും 176 ദിവസവും പ്രായമുള്ള അശ്വിൻ.
റെക്കോഡ് പരമ്പര
അഞ്ചാം ടെസ്റ്റിലെ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നേട്ടമടക്കം ആകെ ഒമ്പതു വിക്കറ്റുകൾ വീഴ്ത്തി ‘ചെന്നൈ അണ്ണൻ’ തന്റെ നൂറാം ടെസ്റ്റും അവിസ്മരണീയമാക്കി. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്ന താരമായി അശ്വിൻ. 36ാം തവണയാണ് അശ്വിൻ അഞ്ചു വിക്കറ്റ് നേട്ടം കൊയ്യുന്നത്. അനിൽ കുംബ്ലെയുടെ 35 അഞ്ചു വിക്കറ്റ് നേട്ടമാണ് അശ്വിൻ മറികടന്നത്. ഇന്ത്യക്കുവേണ്ടി ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ അഞ്ചു വിക്കറ്റ് നേടുന്ന ബഹുമതിയും താരം സ്വന്തമാക്കി.
അരങ്ങേറ്റ ടെസ്റ്റിലും 100ാം ടെസ്റ്റിലും അഞ്ചു വിക്കറ്റ് പ്രകടനം നടത്തുന്ന ആദ്യത്തെ ബൗളറായി മാറിയിരിക്കുകയാണ് അശ്വിൻ. 100ാം ടെസ്റ്റില്‍ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡും സ്വന്തമാക്കി. 100ാം മത്സരത്തിൽ 128 റണ്‍സ് വഴങ്ങിയാണ് അദ്ദേഹം ഒമ്പതു വിക്കറ്റുകള്‍ വീഴ്ത്തിയത്. 141 റണ്‍സ് വഴങ്ങി ഒമ്പതു വിക്കറ്റ് വീഴ്ത്തിയ മുത്തയ്യ മുരളീധരന്റെ നേട്ടമാണ് മറികടന്നത്. ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ തവണ 25ലധികം വിക്കറ്റ് നേടുന്ന ബൗളറായി മാറാന്‍ അശ്വിന് സാധിച്ചു. ഇത് ഏഴാം തവണയാണ് അശ്വിന് ഈ നേട്ടത്തിലെത്തുന്നത്.
ഇതിഹാസ സ്പിന്നര്‍മാരായ ഷെയ്ന് വോണും മുത്തയ്യ മുരളീധരനും ആറു തവണ വീതമാണ് ഈ നേട്ടത്തിലെത്തിയത്. ഇന്ത്യൻ ടെസ്റ്റ് ബൗളർമാരിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരംകൂടിയാണ് അശ്വിൻ. 132 മത്സരങ്ങളിൽനിന്നായി 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെ മാത്രമാണ് മുന്നിലുള്ളത്. 100 മത്സരങ്ങളിൽനിന്നായി 516 വിക്കറ്റാണ് അശ്വിന്റെ നേട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.