ദയവായി എന്നെ ശ്രദ്ധിക്കൂ...; അഫ്ഗാൻ താരത്തെ കുറിച്ചുള്ള അശ്വിന്‍റെ ‘ഐ.പി.എൽ’ പോസ്റ്റ് വൈറൽ
text_fieldsബംഗളൂരു: ട്വന്‍റി20 പരമ്പരയിൽ ആശ്വാസ ജയം സ്വപ്നം കണ്ടിറങ്ങിയ അഫ്ഗാനിസ്താൻ മൂന്നാം ഏകദിനത്തിൽ ഇന്ത്യയോട് പൊരുതി തോൽക്കുകയായിരുന്നു. നിശ്ചിത സമയത്തെ മത്സരവും ഒന്നാം സൂപ്പർ ഓവറും സമനിലയായതോടെ രണ്ടാം സൂപ്പർ ഓവറിലായിരുന്നു ഇന്ത്യയുടെ ജയം.
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ രണ്ടാം സൂപ്പർ ഓവറിൽ അഫ്ഗാന് ജയിക്കാൻ 12 റൺസായിരുന്നു വേണ്ടിയിരുന്നത്. എന്നാൽ, രവി ബിഷ്ണോയിയുടെ മാജിക്കൽ ബൗളിങ്ങിൽ സന്ദർശകരുടെ രണ്ടു വിക്കറ്റുകളും വീണു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, നായകൻ രോഹിത് ശർമയുടെ സെഞ്ച്വറിയുടെ ബലത്തിൽ 212 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ റഹ്മാനുല്ല ഗുർബാസ്, ഇബ്രാഹിം സദ്രാൻ, ഗുൽബദ്ദീൻ നയീബ് എന്നിവരുടെ അർധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യൻ സ്കോറിനൊപ്പമെത്തിയത്. 23 പന്തിൽ 55 റൺസെടുത്ത നയീബിന്‍റെ ഇന്നിങ്സാണ് ഇതിൽ ശ്രദ്ധേയം.
താരത്തിന്‍റെ പ്രകടത്തിൽ ആശ്ചര്യപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ വെറ്ററൻ സ്പിന്നർ ആർ. അശ്വിൻ. ഇന്ദോറിൽ നടന്ന രണ്ടാം മത്സരത്തിലും നയീബ് അതിവേഗ അർധ സെഞ്ച്വറി കുറിച്ചിരുന്നു. ഫിനിഷർ എന്ന് സ്വയം തെളിയിച്ച നയീബിനെ ഐ.പി.എൽ ഫ്രാഞ്ചൈസികൾ വിട്ടുകളയരുതെന്ന് തന്‍റെ സമൂഹമാധ്യമ പോസ്റ്റിലൂടെ അശ്വിൻ ഓർമപ്പെടുത്തുന്നുണ്ട്.
‘ഗുൽബദ്ദീൻ നയീബ് പറയുന്നു ‘‘ദയവായി എന്നെ ശ്രദ്ധിക്കൂ, ചെയ്യുമല്ലോ?’’ 50 ലക്ഷം രൂപ അടിസ്ഥാന വിലയുള്ള ഏഷ്യയിൽനിന്നുള്ള ഫിനിഷറാണ് ഞാൻ. ഈ മത്സരം സൂപ്പർ ഓവറിലെത്തിച്ചത് എന്‍റെ തകർപ്പൻ ബാറ്റിങ്ങാണ്’ -അശ്വിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.