മകനുമായി ഒരു ബന്ധവുമില്ല, റിവാബയാണ് പ്രശ്നങ്ങളുണ്ടാക്കിയത്; ജദേജക്കും ഭാര്യക്കുമെതിരെ വിമർശനവുമായി പിതാവ്
text_fieldsമുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ഓൾ റൗണ്ടർ രവീന്ദ്ര ജദേജയെയും ഭാര്യയും ഗുജറാത്തിലെ ബി.ജെ.പി എം.എൽ.എയുമായ റിവാബ ജദേജക്കുമെതിരെ രൂക്ഷവിമർശനവുമായി പിതാവ് അനിരുദ്ധ് സിൻഹ് ജദേജ. മകനുമായോ, ഭാര്യയുമായോ ഇപ്പോൾ ഒരു ബന്ധവുമില്ലെന്നും ജാംനഗറിൽ താൻ ഒറ്റക്കാണ് താമസിക്കുന്നതെന്നും അനിരുദ്ധ് പറഞ്ഞു.
ഒരു ഹിന്ദി പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് മകനെതിരെ അനിരുദ്ധിന്‍റെ വിമർശനം. താരത്തിന്റെ വിവാഹ ശേഷമാണ് കാര്യങ്ങളെല്ലാം കൈവിട്ടുപോയതെന്നും കുടുംബ ബന്ധത്തിൽ വിള്ളൽ വീണതെന്നും പിതാവ് പറയുന്നു. ‘ഞാൻ ഒരു സത്യം പറയട്ടെ, എനിക്ക് രവിയുമായോ (രവീന്ദ്ര ജദേജ) അദ്ദേഹത്തിന്റെ ഭാര്യ റിവാബയുമായോ ഒരുതരത്തിലുമുള്ള ബന്ധമില്ല. ഞങ്ങൾ അവരെ വിളിക്കാറില്ല, അവർ ഞങ്ങളെയും വിളിക്കാറില്ല. ജദേജയുടെ വിവാഹം കഴിഞ്ഞ് രണ്ടോ, മൂന്നോ മാസങ്ങൾക്കു ശേഷമാണു പ്രശ്നങ്ങൾ തുടങ്ങിയത്. ഞാൻ ഇപ്പോൾ ജാംനഗറിൽ ഒറ്റക്കാണ് താമസിക്കുന്നത്. ജദേജ സ്വന്തം ബംഗ്ലാവിലും’ -അനിരുദ്ധ് പറഞ്ഞു.
ഒരേ നഗരത്തിലാണ് താമസിക്കുന്നതെങ്കിലും ഞങ്ങൾ കാണാറില്ല. റിവാബ രവീന്ദ്ര ജദേജയിൽ എന്തു മാജിക്കാണു ചെയ്തതെന്ന് അറിയില്ല. അവൻ എന്റെ മകനാണ്, ഇതെല്ലാം ഒരുപാട് വേദനിപ്പിക്കുന്നു. ജദേജയെ വിവാഹം കഴിപ്പിക്കേണ്ടിയിരുന്നില്ല. രവീന്ദ്ര ക്രിക്കറ്റ് താരമായിരുന്നില്ലെങ്കിൽ കാര്യങ്ങൾ ഇങ്ങനെയാകുമായിരുന്നില്ല. എല്ലാം അവളുടെ പേരിലേക്കു മാറ്റണമെന്നാണു വിവാഹം കഴിഞ്ഞു മൂന്നാം മാസം തന്നെ റിവാബ ആവശ്യപ്പെട്ടത്. അവരാണു ഞങ്ങളുടെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാക്കിയത്. അവൾക്കു കുടുംബം വേണമെന്നില്ല, സ്വതന്ത്രമായി ജീവിച്ചാൽ മതി. കൊച്ചുമകളുടെ മുഖം കണ്ടിട്ട് അഞ്ച് വർഷത്തിലേറെയായി. റിവാബയുടെ കുടുംബമാണ് എല്ലാ കാര്യവും കൈകാര്യം ചെയ്യുന്നതെന്നും പിതാവ് കുറ്റപ്പെടുത്തി.
പിതാവിന്‍റെ ആരോപണങ്ങളിൽ പ്രതികരണവുമായി ജദേജ തന്നെ രംഗത്തെത്തി. തന്‍റെയും ഭാര്യയുടെയും പ്രതിച്ഛായ തകർക്കാനുള്ള ശ്രമം മാത്രമാണിതെന്നാണ് 35കാരനായ ജദേജ എക്സിൽ കുറിച്ചത്. ‘ദൈനിക് ഭാസ്‌കർ പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളെല്ലാം അസംബന്ധമാണ്. തീർത്തും അർഥശൂന്യവും അസത്യവുമാണ്. എന്‍റെ ഭാര്യയുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമങ്ങളാണിത്. എനിക്കും ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. പക്ഷേ പരസ്യമായി പറയുന്നില്ല’ -ജദേജ കുറിച്ചു.
2016 ഏപ്രിലിലായിരുന്നു ജദേജയും റിവാബയും തമ്മിലുള്ള വിവാഹം. വിവാഹത്തിനു പിന്നാലെ താരത്തിന്‍റെ കുടുംബത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. 2022 ഡിസംബറിൽ ജാംനഗറിൽനിന്നാണ് റിവാബ ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.