രവീന്ദ്ര ജദേജ ഇനി എലീറ്റ് ക്ലബിൽ; ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരം; കപിൽ ദേവിന്‍റെ റെക്കോഡിനൊപ്പം
text_fieldsക്രിക്കറ്റ് കരിയറിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്പിന്നർ രവീന്ദ്ര ജദേജ. ഏകദിനത്തിൽ 200 വിക്കറ്റുകൾ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. 175 ഇന്നിങ്സുകളിൽനിന്നാണ് താരം ഈ നേട്ടം കൈവരിച്ചത്.
ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ഷമീം ഹുസൈനെ പുറത്താക്കിയാണ് 34കാരൻ 200 വിക്കറ്റ് ക്ലബിലെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ഏഴാമത്തെ ഇന്ത്യൻ താരവും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഒരേയൊരു ഇടങ്കൈയൻ സ്പിന്നറുമാണ്. മത്സരത്തിൽ 10 ഓവർ എറിഞ്ഞ താരം 53 റൺസ് വിട്ടുകൊടുത്തു.
ഒരു വിക്കറ്റും സ്വന്തമാക്കി. ഏകദിന കരിയറിൽ താരം ഒരു മത്സരത്തിൽ ഏഴുതവണ നാലു വിക്കറ്റും ഒരു തവണ അഞ്ചു വിക്കറ്റ് പ്രകടനവും നടത്തിയിട്ടുണ്ട്. ഏകദിനത്തിൽ 2000 റൺസും 200 വിക്കറ്റും നേടുന്ന ഓൾ റൗണ്ടർമാരുടെ എലീറ്റ് പട്ടികയിലും താരം ഇടം നേടി. ഈ അപൂർവ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ താരമാണ് ജദേജ. മുൻ ഇതിഹാസം കപിൽ ദേവാണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം.
182 ഏകദിനങ്ങൾ കളിച്ച ജദേജ 2578 റൺസാണ് നേടിയത്. 32.22 ആണ് ശരാശരി. 225 ഏകദിനങ്ങൾ കളിച്ച കപിൽ ദേവ് 3783 റൺസും 253 വിക്കറ്റുകളും നേടിയിട്ടുണ്ട്. അനിൽ കുംബ്ലെ (334 വിക്കറ്റുകൾ), ജവഗൽ ശ്രീനാഥ് (315), അജിത് അഗാർക്കർ (288), സഹീർ ഖാൻ (269), ഹർഭജൻ സിങ് (265), കപിൽ ദേവ് (253) എന്നിവരാണ് ഏകദിന വിക്കറ്റ് വേട്ടയിൽ മുന്നിലുള്ള ഇന്ത്യൻ താരങ്ങൾ.
2009ൽ വഡോദരയിൽ ആസ്ട്രേലിയക്കെതിരായ മത്സരത്തിൽ റിക്കി പോണ്ടിങ്ങിനെ പുറത്താക്കിയതാണ് താരത്തിന്‍റെ കരിയറിലെ ആദ്യ വിക്കറ്റ്. 54 വിക്കറ്റുകൾ കൂടി നേടിയാൽ താരത്തിന് കപിൽ ദേവിനെ മറികടക്കാനാകും. സൗരാഷ്ട്രക്കാരനായ ജദേജ ടെസ്റ്റിൽ 275 വിക്കറ്റുകളും ട്വന്‍റി20യിൽ 51 വിക്കറ്റുകളും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.