സഞ്ജുവിന്റെ ഏറ് കൊണ്ടത് ജദേജയുടെ പുറത്ത്, പുറത്താക്കി മൂന്നാം അമ്പയർ; ചെന്നൈ-രാജസ്ഥാൻ മത്സരത്തിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
text_fieldsചെന്നൈ: ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരത്തിൽ രവീന്ദ്ര ജദേജയുടെ പുറത്താകലിനെ ചൊല്ലി വിവാദം. പതിനാറാം ഓവറിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ആവേശ് ഖാൻ എറിഞ്ഞ ഓവറിലെ അഞ്ചാം പന്ത് തേർഡ് മാനിലേക്ക് തട്ടിയിട്ട ജദേജ രണ്ടാം റണ്ണിന് ഓടുന്നത് കണ്ട് മറുവശത്തുണ്ടായിരുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദ് തിരിച്ചയച്ചു.
തിരിഞ്ഞോടുന്നതിനിടെ പന്ത് ലഭിച്ച സഞ്ജു സാംസൺ നോൺ സ്ട്രൈക്കർ എൻഡിലെ സ്റ്റമ്പിലേക്കെറിഞ്ഞപ്പോൾ പതിച്ചത് ജദേജയുടെ പുറത്തായിരുന്നു. രാജസ്ഥാൻ അപ്പീൽ നൽകിയതോടെ ഫീൽഡ് അമ്പയർമാർ തീരുമാനം തേർഡ് അമ്പയർക്ക് വിട്ടു. മൂന്നാം അമ്പയർ ഔട്ട് വിളിച്ചതോടെ അതൃപ്തി പരസ്യമാക്കിയാണ് ജദേജ തിരിച്ചുകയറിയത്.
ഇതോടെ ഐ.പി.എൽ ചരിത്രത്തിൽ ഫീൽഡ് തടസ്സപ്പെടുത്തിയതിന് പുറത്താക്കപ്പെടുന്ന മൂന്നാമത്തെ താരമായി ജദേജ. 2013ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം യൂസുഫ് പത്താനാണ് ഈ രീതിയിൽ ആദ്യമായി പുറത്തായത്. 2013ൽ ഡൽഹി ക്യാപിറ്റൽസ് താരം അമിത് മിശ്രയും ഇതേരീതിയിൽ പുറത്തായിരുന്നു.
പുറത്താകുമ്പോൾ ആറ് പന്തിൽ അഞ്ച് റൺസായിരുന്നു ജദേജയുടെ സംഭാവന. മത്സരത്തിൽ ചെന്നൈ അഞ്ച് വിക്കറ്റിനാണ് ജയിച്ചത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ ഒരുക്കിയ 142 റൺസ് വിജയലക്ഷ്യം ചെന്നൈ പത്ത് പന്ത് ശേഷിക്കെ അടിച്ചെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.