തിരിച്ചുവരവ് ഗംഭീരമാക്കി രവീന്ദ്ര ജദേജ; താരത്തിന്‍റെ 11ാം അഞ്ച് വിക്കറ്റ് പ്രകടനം
text_fieldsകഴിഞ്ഞവർഷം ആഗസ്റ്റിൽ ഏഷ്യ കപ്പിൽ ഹോങ്കോങ്ങിനെതിരെയാണ് സ്പിന്നർ രവീന്ദ്ര ജദേജ അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. വലത് കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് സൂപ്പർതാരത്തിന് പിന്നീട് കളിക്കാനായില്ല. ഇതിനിടെ കാൽമുട്ടിലെ ശസ്ത്രക്രിയക്കും വിധേയനായി.
ഒരിടവേളക്കുശേഷം ടീമിലേക്കുള്ള തിരിച്ചുവരവിന് ഹീറോ പരിവേഷം നൽകിയിരിക്കുകയാണ് ജദേജ. ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ആസ്ട്രേലിയയെ ഒന്നാം ഇന്നിങ്സിൽ 177 റൺസിലൊതുക്കിയത് താരത്തിന്‍റെ മാന്ത്രിക ബൗളിങ്ങാണ്. 22 ഓവറിൽ 47 റൺസ് വഴങ്ങിയ താരം അഞ്ചു വിക്കറ്റും വീഴ്ത്തി. രണ്ടു വിക്കറ്റിന് 84 റൺസ് എന്ന മാന്യമായ ടോട്ടലിൽ നിൽക്കെയാണ് 36ാം ഓവർ എറിയാനെത്തിയ ജദേജ മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്.
123 പന്തിൽ 49 റൺസെടുത്ത മാർനസ് ലബൂഷെയ്നെ മടക്കി ഇന്ത്യക്ക് താരം ബ്രേക്ക് നൽകി. പിന്നാലെ പൂജ്യത്തിന് മാറ്റ് റാൻഷായെയും 37 റൺസെടുത്ത സ്റ്റീവ് സ്മിത്തിനെയും താരം പുറത്താക്കി. താരത്തിന്‍റെ കരിയറിലെ 11ാമത്തെ അഞ്ചു വിക്കറ്റ് പ്രകടനമാണിത്. ആസ്ട്രേലിയക്കെതിരെ നാലാമത്തെയും. ജൂലൈയിലാണ് ഇതിനു മുമ്പ് താരം അവസാനമായി ടെസ്റ്റ് കളിച്ചത്.
ഇതിനിടെ ആസ്ട്രേലിയയിൽ നടന്ന ട്വന്‍റി20 ലോകകപ്പും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയും ഇന്ത്യയിൽ നടന്ന പരമ്പരകളും താരത്തിന് നഷ്ടമായി. പരിക്കിൽനിന്ന് മോചിതനായി രഞ്ജി ട്രോഫിയിൽ സൗരാഷ്ട്രക്കായി കളത്തിലിറങ്ങിയ താരം ഫിറ്റാണെന്ന് തെളിയിക്കുകയും ചെയ്തു. തമിഴ്നാടിനെതിരെ കളിച്ച താരം 41.1 ഓവർ പന്തെറിയുകയും എട്ടു വിക്കറ്റ് നേടുകയും ചെയ്തു.
ഈ വർഷം ഇന്ത്യ വേദിയാകുന്ന ഏകദിന ലോകകപ്പിനു മുന്നോടിയായി താരം പഴയ ഫോം വീണ്ടെടുത്തതിന്‍റെ ആവേശത്തിലാണ് ആരാധകരും മാനേജ്മെന്‍റും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.