സ്പിൻ കുരുക്കിൽ കറങ്ങി വീണ് ആസ്ട്രേലിയ; ജദേജക്ക് ഏഴു വിക്കറ്റ്; ഇന്ത്യക്ക് 115 റൺസ് വിജയലക്ഷ്യം
text_fieldsന്യൂഡൽഹി: രണ്ടാം ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ പേരുകേട്ട ആസ്ട്രേലിയൻ ബാറ്റർമാരെ കറക്കി വീഴ്ത്തി സ്പിന്നർമാരായ രവീന്ദ്ര ജദേജയും ആർ. അശ്വിനും. ഓസീസ് രണ്ടാം ഇന്നിങ്സിൽ 113 റൺസിന് പുറത്തായി. 115 റൺസാണ് ഇന്ത്യയുടെ വിജയ ലക്ഷ്യം.
ജദേജയുടെ മാന്ത്രിക പന്തുകളാണ് സന്ദർശകരെ തകർത്തത്. 12.1 ഓവറുകൾ പന്തെറിഞ്ഞ താരം 42 റൺസ് വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തി. ആർ. അശ്വിൻ മൂന്നു വിക്കറ്റ് നേടി. ഇരുവരെയും കൂടാതെ മുഹമ്മദ് ഷമി മാത്രമാണ് ഇന്ത്യൻ നിരയിൽ പന്തെറിഞ്ഞത് (രണ്ട് ഓവർ). ഒരു വിക്കറ്റിന് 61 എന്ന നിലയിൽ മൂന്നാംദിനം കളി ആരംഭിച്ച സന്ദർശകർക്ക് സ്കോർബോർഡിൽ നാലു റൺ കൂട്ടിചേർക്കുന്നതിനിടെ ഓപ്പണർ ട്രാവിസ് ഹെഡിന്‍റെ വിക്കറ്റ് നഷ്ടമായി. 46 പന്തിൽ 43 റൺസെടുത്ത താരത്തെ അശ്വിൻ വിക്കറ്റ് കീപ്പർ ഭരത്തിന്‍റെ കൈകളിലെത്തിച്ചു. പിന്നാലെ സ്റ്റീവൻ സ്മിത്തിനെ (19 പന്തിൽ ഒമ്പത് റൺസ്) അശ്വിൻ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി.
50 പന്തിൽ 35 റൺസെടുത്ത മാർനസ് ലബുഷെയ്നെ ജദേജ മടക്കി. പിന്നീട് വന്നവരെല്ലാം വേഗത്തിൽ മടങ്ങി. ഓസീസ് നിരയിൽ ട്രാവിസ് ഹെഡും മാർനസും മാത്രമാണ് രണ്ടക്കം കടന്നത്. മാറ്റ് റെൻഷാ (എട്ട് പന്തിൽ രണ്ട്), പീറ്റർ ഹൻഡ്സ്കോമ്പ് (പൂജ്യം), അലെക്സ് കാരി (10 പന്തിൽ ഏഴ്), പാറ്റ് കമ്മിൻസ് (പൂജ്യം), നഥാൻ ലിയോൺ (21 പന്തിൽ എട്ട്), മാത്യു കുനിമാൻ (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ. ടോഡ് മുർഫി മൂന്നു റൺസുമായി പുറത്താകാതെ നിന്നു.
ആറു റൺസെടുത്ത ഉസ്മാൻ ഖാജയെ രണ്ടാംദിനം പുറത്താക്കിയിരുന്നു. ഒരു സ്പെഷലിസ്റ്റ് പേസ് ബൗളറെ മാത്രം ഇറക്കി സ്പിന്നർമാരെ യഥേഷ്ടം ഉപയോഗപ്പെടുത്തിയ ഓസീസ് ആതിഥേയരുടെ ഒന്നാം ഇന്നിങ്സ് രണ്ടാം ദിനം 262 റൺസിൽ അവസാനിപ്പിച്ചിരുന്നു. ഒറ്റ റൺ ലീഡും നേടി. ഏഴു വിക്കറ്റിന് 139 എന്ന നിലയിൽ തകർന്നടിയുകയായിരുന്ന ഇന്ത്യയെ അക്സർ പട്ടേൽ-രവിചന്ദ്രൻ അശ്വിൻ സെഞ്ച്വറി കൂട്ടുകെട്ടാണ് മാന്യമായ നിലയിലാക്കിയത്.
74 റൺസ് നേടിയ അക്സറാണ് ഇന്ത്യൻ ടോപ് സ്കോറർ. വിരാട് കോഹ്‌ലി (44), അശ്വിൻ (37), രോഹിത് ശർമ (32) എന്നിവരുടേതാണ് മറ്റു കാര്യമായ സംഭാവനകൾ. ആസ്ട്രേലിയക്കുവേണ്ടി നഥാൻ ലിയോൺ അഞ്ചും മറ്റു സ്പിന്നർമാരായ മാത്യു കുനിമാനും ടോഡ് മർഫിയും രണ്ടു വീതവും വിക്കറ്റ് വീഴ്ത്തി. വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസിൽ ഒന്നാം ഇന്നിങ്സ് പുനരാരംഭിച്ച ഇന്ത്യയുടെ അഞ്ചു സ്പെഷലിസ്റ്റ് ബാറ്റർമാരെ പറഞ്ഞുവിട്ട ഓഫ് സ്പിന്നർ നഥാൻ ലിയോൺ തന്നെയാണ് രണ്ടാം ദിവസത്തെ താരം.
ബോർഡർ-ഗവാസ്കർ ട്രോഫിയിൽ 100 വിക്കറ്റ് തികച്ച ആദ്യ ഓസീസ് ബൗളറായി മാറി ലിയോൺ. ഓപണർമാരായ രോഹിത്, കെ.എൽ. രാഹുൽ, നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വർ പുജാര, ശ്രേയസ്സ് അയ്യർ, ശ്രീകാർ ഭരത് എന്നിവർ ലിയോണിനു മുന്നിൽ വീണു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.