ധോണി ഇറങ്ങാനുള്ള മുറവിളിക്കിടെ ബാറ്റുമായി ഇറങ്ങി കാണികളെ പറ്റിച്ച് ജദേജ; സഹതാരങ്ങളുടെ കൂട്ടച്ചിരി
text_fieldsചെന്നൈ: ക്രിക്കറ്റ് ആരാധകരുടെ വികാരമാണ് ഇന്ത്യൻ ടീമിന്റെയും ചെന്നൈ സൂപ്പർ കിങ്സിന്റെയും മുൻ നായകനായ മഹേന്ദ്ര സിങ് ധോണി. ഐ.പി.എല്ലിൽ മൂന്ന് മത്സരത്തിലേ താരം ബാറ്റിങ്ങിനിറങ്ങിയിട്ടുള്ളൂവെങ്കിലും ഓരോ മത്സരത്തിലും വൻ ആരവങ്ങളോടെയാണ് ആരാധകർ വരവേൽക്കാറുള്ളത്. തിങ്കളാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ ശിവം ദുബെ പുറത്തായതോടെ ധോണി ഇറങ്ങണമെന്നാവശ്യപ്പെട്ട് ഗാലറിയിൽനിന്ന് ‘ധോണി, ധോണി...തല...’ ചാന്റുകൾ ഉയർന്നു. അപ്പോൾ ജയിക്കാൻ വേണ്ടിയിരുന്നത് മൂന്ന് റൺസ് മാത്രമായിരുന്നു.
ഈ സമയത്ത് സഹതാരം രവീന്ദ്ര ജദേജ കാണികളെ പറ്റിക്കാൻ ഒപ്പിച്ച തമാശയാണ് ഇപ്പോൾ ക്രിക്കറ്റ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ധോണിക്ക് മുമ്പേ ബാറ്റും ഹെൽമറ്റുമെല്ലാമെടുത്ത് ജദേജ ഡഗൗട്ടിൽ നിന്നിറങ്ങുകയും ചിരിച്ചുകൊണ്ട് തിരിച്ചുകയറുകയുമായിരുന്നു. ഉടൻ ധോണി ഗ്രൗണ്ടിലിറങ്ങുന്നതും സഹതാരങ്ങളടക്കം കൂട്ടച്ചിരിയോടെ തമാശയിൽ പങ്കുചേരുന്നതിന്റെയും വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായാണ് പങ്കുവെക്കുന്നത്.
സീസണിൽ ഏഴാമനോ എട്ടാമനോ ആയാണ് ധോണി ബാറ്റിങ്ങിനായി ഗ്രൗണ്ടിലെത്താറുള്ളത്. എന്നാൽ, ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തിൽ തിങ്കളാഴ്ച ധോണി അഞ്ചാമനായി എത്തുകയായിരുന്നു. ഇതോടെ ഗാലറിയിൽ ഉച്ചത്തിലുള്ള വിസിലുകളും ആർപ്പുവിളികളും ഉയർന്നു. ഇത് സഹിക്കാനാവാതെ കൊൽക്കത്തയുടെ വെസ്റ്റിൻഡീസ് താരം ആന്ദ്രെ റസ്സൽ ചെവി പൊത്തിപ്പിടിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മൂന്ന് പന്ത് നേരിട്ട ധോണി ഒരു റൺസെടുത്ത് പുറത്താകാതെനിന്നു.
ഐ.പി.എല്ലിൽ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് രാജകീയമായി തുടങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ചെന്നൈ സൂപ്പർ കിങ്സിനോട് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ഒരുക്കിയ 138 റൺസ് വിജയലക്ഷ്യം ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 14 പന്ത് ബാക്കിനിൽക്കെ മറികടക്കുകയായിരുന്നു. സൂക്ഷ്മതയോടെ കളിച്ച് ‘സെൻസിബിൾ’ അർധസെഞ്ച്വറിയുമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‍വാദാണ് (58 പന്തിൽ ഒമ്പത് ഫോറടക്കം 67) ജയം എളുപ്പമാക്കിയത്.
നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജദേജയുടെയും 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ തുഷാർ ദേശ്പാണ്ഡെയുടെയും ബൗളിങ് മികവിലാണ് ചെന്നൈ കൊൽക്കത്തയെ 137 റൺസിലൊതുക്കിയത്. 32 പന്തിൽ മൂന്ന് ഫോറടക്കം 34 റൺസെടുത്ത നായകൻ ശ്രേയസ് അയ്യരായിരുന്നു കൊൽക്കത്തയുടെ ടോപ് സ്കോറർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.