കാൽമുട്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ജദേജ; ബി.സി.സി.ഐക്കും ടീമംഗങ്ങൾക്കും നന്ദി പറഞ്ഞ് താരം
text_fieldsഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജദേജ കാൽമുട്ടിന്‍റെ ശസ്ത്രക്രിക വിജയകരമായി പൂർത്തിയാക്കി. ശസ്ത്രക്രിയക്കുശേഷമുള്ള ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു. പരീക്ഷണ ഘട്ടത്തിൽ തന്നോടൊപ്പം നിന്ന ബി.സി.സി.ഐക്കും സഹതാരങ്ങൾക്കും ജദേജ നന്ദി പറഞ്ഞു.
കാൽമുട്ടിനേറ്റ പരിക്കിനെ തുടർന്ന് താരം ഏഷ്യ കപ്പ് സ്ക്വാഡിൽനിന്ന് പുറത്തായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താനെതിരെ അഞ്ച് വിക്കറ്റ് വിജയത്തിൽ ജദേജയുടെ പ്രകടനം നിർണായകമായിരുന്നു. നാലാം നമ്പറുകാരനായി ഇറങ്ങിയ താരം മത്സരത്തിൽ 35 റൺസ് നേടി. ഹോങ്കോങ്ങിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും ബൗളിങ്ങിൽ നാലു ഓവറിൽ 15 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തു.
നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിനും താരത്തിന് കളിക്കാനാകില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 'ശസ്ത്രക്രിയ വിജയകരമായിരുന്നു. പിന്തുണക്കും ഒപ്പം നിന്നതിനും നന്ദി പറയാൻ നിരവധി പേരുണ്ട് -ബി.സി.സി.ഐ, ടീമംഗങ്ങൾ, സപ്പോർട്ട് സ്റ്റാഫ്, ഫിസിയോകൾ, ഡോക്ടർമാർ, ആരാധകർ. ഞാൻ എന്റെ പരിശീലനം ഉടൻ ആരംഭിക്കും, കഴിയുന്നതും വേഗം തിരികെ വരാൻ ശ്രമിക്കും. നല്ല ആശംസകൾക്ക് എല്ലാവർക്കും നന്ദി' -ജദേജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അതേസമയം, പനി സംബന്ധമായ അസുഖങ്ങൾ കാരണം വിശ്രമിക്കുന്ന പേസ് ബൗളർ ആവേഷ് ഖാനെ ഏഷ്യ കപ്പിൽ തുടർന്നുള്ള മത്സരങ്ങളിൽ നിന്ന് ഒഴിവാക്കി. റിസർവ് ലിസ്റ്റിൽനിന്ന് ദീപക് ചാഹറിനെ പകരക്കാരനായി ടീമിലെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.