ചെന്നൈ നിലനിർത്തിയത് സ്വാഗതം ചെയ്ത് ജഡേജ; കൂടെ മൂന്നുവാക്കിലൊരു ട്വീറ്റും
text_fieldsമുംബൈ: അടുത്ത മാസാവസാനം കൊച്ചിയിൽ നടക്കുന്ന താരലേലത്തിന് മുന്നോടിയായി ഐ.പി.എൽ ടീമുകൾ നിലനിർത്തുന്നവരെയും വിട്ടുനൽകുന്നവരെയും പ്രഖ്യാപിച്ചപ്പോൾ ശരിക്കും ഞെട്ടിയത് രവീന്ദ്ര ജഡേജയായിരുന്നു. കഴിഞ്ഞ സീസണിലെ പ്രശ്നങ്ങൾക്കൊടുവിൽ ചെന്നൈ സൂപർ കിങ്സ് വിടുമെന്നും അതുണ്ടായില്ലെങ്കിൽ മാറ്റിനിർത്തുമെന്നും വിശ്വാസത്തിലായിരുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഉൾപ്പെടുത്തിയാണ് ടീം പ്രഖ്യാപിച്ചത്. താരവും ടീമും തമ്മിൽ പിണക്കമുണ്ടെന്ന അഭ്യൂഹങ്ങൾ കാറ്റിൽ പറത്തിയായിരുന്നു പ്രഖ്യാപനം.
ടീമിൽ നിലനിർത്തിയത് സമൂഹ മാധ്യമത്തിൽ പങ്കുവെച്ച താരം ധോണിക്കൊപ്പമുള്ള ചിത്രവും ഒപ്പം മൂന്നുവാക്കുകളിൽ പ്രതികരണവും ഇതോടൊപ്പം നൽകാൻ മടിച്ചില്ല. 'എവരിതിങ് ഈസ് ഫൈൻ' എന്ന ട്വീറ്റിനൊപ്പം ഇനി എല്ലാം പുതിയതായി തുടങ്ങുകയാണെന്നറിയിച്ച് 'ഹാഷ്ടാഗ് റീസ്റ്റാർട്ട്' എന്നും നൽകിയിട്ടുണ്ട്.
2022 സീസണു മുന്നേയും ടീം നിലനിർത്തിയതായിരുന്നു ജഡേജയെ. നായകനായും പ്രഖ്യാപിച്ചു. എന്നാൽ, തുടർ തോൽവികളിൽ ഉഴറിയ ടീം അതിവേഗം പ്രശ്നത്തിലാകുകയും നായക പദവി തിരികെ ധോണിക്കു തന്നെ ലഭിക്കുകയും ചെയ്തു. വ്യക്തിഗത പ്രകടനവും ശരാശരിക്കു താഴെ പോയ ജഡേജ ഇടക്ക് പരിക്കുമായി പുറത്താകുകയും ചെയ്തു. 10 കളികളിൽ 116 റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ആകെ ലഭിച്ചതാകട്ടെ അഞ്ചു വിക്കറ്റും. ഫീൽഡിങ്ങിലും ദയനീയ പരാജയമായി.
വിശ്രമത്തിലായതോടെ താരവും ടീമും തമ്മിൽ സംഘട്ടനത്തിന്റെ സൂചനയുമായി മാധ്യമ വാർത്തകൾ പരന്നു. ജഡേജ പുതിയ ടീമിനൊപ്പം ചേരുമെന്നായി പ്രചാരണം. ഇതിനിടെയാണ് എല്ലാം അസ്ഥാനത്താക്കി ചൊവ്വാഴ്ച ടീമുകൾ നിലനിർത്തുന്നവരെ പ്രഖ്യാപിച്ചത്. എട്ടു താരങ്ങളെ നിലനിർത്തിയ ചെന്നൈക്ക് 20.45 കോടിയാണ് അവശേഷിച്ച താരങ്ങളെ സ്വന്തമാക്കാനായി മുടക്കാൻ കഴിയുക.
ടീം വേണ്ടെന്നുവെച്ചവരിൽ ഡ്വെയിൻ ബ്രാവോയാണ് പ്രധാനി. റോബിൻ ഉത്തപ്പ, ആദം മിൽനെ, ഹരി നിഷാന്ത്, ക്രിസ് ജോർഡാൻ, ഭഗത് വർമ, കെ.എം ആസിഫ്, നാരായൺ ജഗദീശൻ എന്നിവരെയും ടീം ലേലത്തിന് വിട്ടിട്ടുണ്ട്.
അതേ സമയം, എം.എസ് ധോണി, അംബാട്ടി റായുഡു, ഋതുരാജ് ഗെയ്ക് വാദ്, ഡെവൺ കോൺവെ, മുഈൻ അലി, മിച്ചെൽ സാൻറ്നർ തുടങ്ങിയവരെയെല്ലാം നിലനിർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.