അദ്ദേഹത്തിന്റെ അവസ്ഥ വേദനിപ്പിക്കുന്നു; അൻഷുമാൻ ഗെയ്ക്‍വാദിന് പെൻഷൻ സംഭാവന ചെയ്യാൻ തയാറെന്ന് കപിൽ ദേവ്
text_fieldsബ്ലഡ് ക്യാൻസറുമായി മല്ലിടുന്ന മുൻ സഹതാരം അൻഷുമാൻ ഗെയ്‌ക്‌വാദിന് സാമ്പത്തിക സഹായം നൽകണമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിനോട് (ബി.സി.സി.ഐ) അഭ്യർഥിച്ചു. 71കാരനായ ഗെയ്‌ക്‌വാദ് ഒരു വർഷമായി ലണ്ടനിലെ കിംഗ്‌സ് കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻ സഹതാരങ്ങളായ മൊഹീന്ദർ അമർനാഥ്, സുനിൽ ഗവാസ്‌കർ, സന്ദീപ് പാട്ടീൽ, ദിലീപ് വെങ്‌സർക്കാർ, മദൻ ലാൽ, രവി ശാസ്ത്രി, കീർത്തി ആസാദ് എന്നിവർ ഗെയ്‌ക്‌വാദിൻ്റെ ചികിത്സയ്‌ക്കായി പണം കണ്ടെത്തുന്നതിന് പരമാവധി ശ്രമിക്കുന്നുണ്ടെന്നും കപിൽ വെളിപ്പെടുത്തി. ബി.സി.സി.ഐ ഇക്കാര്യം പരിശോധിച്ച് മുൻ ഇന്ത്യൻ കോച്ച് കൂടിയായിരുന്ന ഗെയ്‌ക്‌വാദിന് സാമ്പത്തിക സഹായം നൽകുമെന്ന് വിശ്വാസമുണ്ടെന്ന് കപിൽ പറഞ്ഞു.
''ഇത് സങ്കടകരവും വളരെ നിരാശാജനകവുമാണ്. ഞാൻ അൻഷുവിനൊപ്പം കളിച്ചതിനാൽ വലിയ വേദനയുണ്ട്. അദ്ദേഹത്തെ ഈ അവസ്ഥയിൽ കാണുന്നത് സഹിക്കാൻ കഴിയില്ല. ആരും കഷ്ടപ്പെടരുത്. ബോർഡ് അദ്ദേഹത്തെ സഹായിക്കുമെന്ന് എനിക്കറിയാം. ഞങ്ങൾ അക്കാര്യത്തിൽ നിർബന്ധം പിടിക്കില്ല. അൻഷുവിന് വേണ്ടിയുള്ള ഏത് സഹായവും നിങ്ങളുടെ ഹൃദയത്തിൽ നിന്ന് വരണം. ആരാധകർ അദ്ദേഹത്തെ പരാജയപ്പെടുത്തില്ല''.-കപിൽ ദേവ് സ്‌പോർട്‌സ് സ്റ്റാറിനോട് പറഞ്ഞു. അതേ സമയം, അൻഷുമാനെ പോലുള്ള മുൻ കളിക്കാരെ സഹായിക്കുന്നതിൽ അഭാവം കാണിക്കുന്നതിനെ വിമർശിച്ച കപിൽ കാര്യങ്ങൾ അനുകൂലമല്ലെങ്കിൽ തന്റെ പെൻഷൻ ഉപേക്ഷിക്കാൻ തയാറാണെന്നും സൂചിപ്പിച്ചു.
''നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഒരു സംവിധാനമില്ല. ഈ തലമുറയിലെ കളിക്കാർ നല്ല പണം സമ്പാദിക്കുന്നത് കാണുന്നതിൽ സന്തോഷമുണ്ട്. ഞങ്ങളുടെ കാലത്ത് ബോർഡിന് പണമില്ലായിരുന്നു. എന്നാൽ പഴയ കളിക്കാരെ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. അതിനായി ഒരു ട്രസ്റ്റ് രൂപീകരിക്കണം. ബി.സി.സി.ഐ അതിന് മുൻകൈ എടുക്കുമെന്ന് കരുതുന്നു. അനുവദിക്കുകയാണെങ്കിൽ ഞങ്ങളുടെ പെൻഷൻ തുക സംഭാവന ചെയ്യാനും തയാറാണ്.''-കപിൽ കൂട്ടിച്ചേർത്തു. 1975നും 1987നും ഇടയിൽ ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ച ഗെയ്‌ക്‌വാദ് പിന്നീട് രണ്ട് തണവ ഇന്ത്യയുടെ പരിശീലകനുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.