ലങ്കയോട് തോറ്റു; ഏഷ്യ കപ്പിൽ ഇന്ത്യ പുറത്തേക്ക്
text_fieldsദുബൈ: ശ്രീലങ്കയിൽ നിന്നേറ്റ അപ്രതീക്ഷിത തിരിച്ചടിയിൽ ഇന്ത്യയെന്ന വൻമരം വീണു. സൂപ്പർ ഫോറിലെ രണ്ടാം മത്സരത്തിൽ ആറ് വിക്കറ്റിന് ലങ്കയോട് തോറ്റതോടെ ഏഷ്യകപ്പിൽ ഇന്ത്യ ഫൈനൽ കാണാതെ പുറത്തേക്ക്. അടുത്ത മത്സരത്തിൽ അഫ്ഗാനിസ്താനെ തോൽപിച്ചാൽ മാത്രം പോര, മറ്റ് ടീമുകൾ കനിഞ്ഞാലെ ഇന്ത്യക്ക് കലാശപ്പോരിൽ ഇടം നേടാൻ കഴിയൂ. ഇന്ന് നടക്കുന്ന മത്സരത്തിൽ അഫ്ഗാനിസ്താനെ പാകിസ്താൻ തോൽപിച്ചാൽ ഇന്ത്യയുടെ പുറത്താകൽ പൂർണമാകും. സ്കോർ: ഇന്ത്യ- 173/8. ശ്രീലങ്ക-174/4. ഇന്ത്യൻ ബൗളർമാരെ തലങ്ങും വിലങ്ങും തല്ലിച്ചതച്ച നിസങ്കയും (37 പന്തിൽ 52) മെൻഡിസും (37 പന്തിൽ 57) രാജ്പക്സെയൂം (17 പന്തിൽ 25) നായകൻ ദാസുൻ ഷനകയുമാണ് (18 പന്തിൽ 33) ഇന്ത്യയെ തകർത്തെറിഞ്ഞത്. അവസാന ഓവറിൽ ജയിക്കാൻ ഏഴ് റൺസ് വേണ്ടിയിരിക്കെ ഒരു പന്ത് ശേഷിക്കെ ലങ്ക ജയിക്കുകയായിരുന്നു. ശ്രീലങ്ക ഫൈനലിൽ ഏകദേശം സ്ഥാനമുറപ്പിച്ചു.
ടോസ് നഷ്ടപ്പെടുന്നവരെ ചതിക്കുന്ന ദുബൈയിലെ വിക്കറ്റിൽ ആദ്യം ബാറ്റ് ചെയ്യാനായിരുന്നു ഇന്ത്യയുടെ വിധി. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നൽകിക്കൊണ്ടിരുന്ന ഇന്ത്യയെ നായകൻ രോഹിത് ശർമയുടെയും (41 പന്തിൽ 72) സൂര്യകുമാർ യാദവിന്‍റെയും (29 പന്തിൽ 34) ബാറ്റിങ്ങാണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. ഏഷ്യകപ്പിൽ നിലയുറപ്പിക്കാൻ പാടുപെടുന്ന ലോകേഷ് രാഹുലായിരുന്നു (ആറ്) ഇക്കുറിയും ആദ്യം പുറത്തായത്. രണ്ടാം ഓവറിൽ തീക്ഷ്ണയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി രാഹുൽ മടങ്ങുമ്പോൾ ഇന്ത്യൻ സ്കോർ 11. തൊട്ടുത്ത ഓവറിൽ കോഹ്ലിയുടെ (പൂജ്യം) കുറ്റി തെറിച്ചു. മൂന്നാം വിക്കറ്റിൽ സൂര്യയും രോഹിതും ചേർന്ന് ഇന്ത്യയെ മുന്നോട്ടുനയിച്ചു. മികച്ച സ്കോറിലെത്തുമെന്ന് തോന്നിച്ച ഘട്ടത്തിൽ കരുണ രത്നയെത്തി രോഹിതിനെ പുറത്താക്കി. 15ാം ഓവറിൽ സൂര്യകുമാറും മടങ്ങിയതോടെ പ്രതീക്ഷയെല്ലാം പാണ്ഡ്യ-പന്ത് സഖ്യത്തിലേക്ക് മാറി. എന്നാൽ, 13 പന്തിൽ 17 റൺസെടുത്ത് ഇരുവരും നിസങ്കക്ക് കാച്ച് കൊടുത്ത് മടങ്ങി. ദീപക് ഹൂഡയും (മൂന്ന്), ഭുവനേശ്വർ കുമാറും (പൂജ്യം) പൊരുതാൻ പോലും നിൽക്കാതെ മടങ്ങിയപ്പോൾ അശ്വിൻ (ഏഴ് പന്തിൽ 15) നടത്തിയ ആക്രമണമാണ് ടീമിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മറുപടി ബാറ്റിങിൽ ശ്രീലങ്കയുടേത് ഉജ്വല തുടക്കമായിരുന്നു. ഓപണിങ് വിക്കറ്റിൽ നിസങ്ക-മെൻഡിസ് സഖ്യം 97 റൺസ് അടിച്ചെടുത്തു. 12ാം ഓവറിൽ ചഹലിന്‍റെ ഇരട്ട പ്രഹരത്തിൽ നിസങ്കയും അസലങ്കയും (പൂജ്യം) പുറത്താകുന്നത് വരെ ലങ്കയുടെ ഏകാധിപത്യമായിരുന്നു. തൊട്ടടുത്ത ഓവറുകളിാലയി മെൻഡിസും ഗുണതിലകയും (ഒന്ന്) പുറത്തായതോടെ ഇന്ത്യൻ പ്രതീക്ഷകൾ പൊട്ടിമുളച്ചു. എന്നാൽ, അഞ്ചാം വിക്കറ്റിൽ രാജ്പക്സെയൂം ദാസുൻ ഷനകയും ചേർന്ന് ലങ്കയെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.