ക്രിക്കറ്റിലും റെഡ‍് കാര്‍ഡ്; ആദ്യ ഇരയായത് സുനിൽ നരൈൻ
text_fieldsഫുട്ബാളില്‍ മാത്രമല്ല, കളിക്കാരെ പുറത്താക്കാൻ ക്രിക്കറ്റിലും റെഡ‍് കാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ്-സെന്‍റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്ട്സ് മത്സരത്തിലാണ് ആദ്യമായി അമ്പയര്‍ ചുവപ്പ് കാര്‍ഡ് പുറത്തെടുത്തത്. കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടീമിനെതിരെയാണ് ശിക്ഷാ നടപടിയെങ്കിലും ട്രിന്‍ബാഗോയുടെ സൂപ്പർ സ്പിന്നർ സുനില്‍ നരെയ്‌നാണ് റെഡ് കാർഡ് കാരണം ആദ്യം മൈതാനം വിടേണ്ടി വന്നത്.
ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സ് ഓവര്‍ റേറ്റില്‍ വീഴ്‌ച വരുത്തിയെന്ന് വ്യക്തമായതോടെ 20ാം ഓവറിന് മുമ്പ് അമ്പയര്‍ മത്സരം നിര്‍ത്തിവെക്കുകയും റെഡ് കാര്‍ഡ് ഉയര്‍ത്തുകയുമായിരുന്നു. ഇതോടെ സുനില്‍ നരെയ്‌നോട് പുറത്തുപോകാന്‍ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നിര്‍ദേശിച്ചു. മത്സരത്തില്‍ നാലോവര്‍ പൂർത്തിയാക്കിയിരുന്ന നരെയ്‌ന്‍ 24 റണ്‍സ് വിട്ടുനൽകി മൂന്നുപേരെ പുറത്താക്കിയിരുന്നു. എന്നാൽ, ഒരാൾ കുറഞ്ഞതോടെ ഡ്വെയ്ൻ ബ്രാവോ എറിഞ്ഞ ഓവറിൽ ഷെർഫെയ്ൻ റൂതർഫോഡ് 18 റൺസ് അടിച്ചുകൂട്ടി. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നൈറ്റ് റൈഡേഴ്സ് 178 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ സെന്‍റ് കിറ്റ്സ് പാട്രിയോട്ട്സ് 32 പന്തിൽ 61 റൺസടിച്ച നിക്കൊളാസ് പൂരന്റെ മികവിൽ ആറ് വിക്കറ്റ് വിജയം നേടി.
എന്താണ് റെഡ്കാർഡ് നിയമം?
കുറഞ്ഞ ഓവര്‍ നിരക്കിന് തടയിടാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അവതരിപ്പിച്ച പുതിയ നിയമമാണ് റെഡ് കാര്‍ഡ്. നിയമം ഈ സീസണില്‍ നടപ്പാക്കുമെന്ന് സി.പി.എല്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ നിയമപ്രകാരം ഇന്നിങ്സിലെ അവസാന ഓവറുകൾ തുടങ്ങും മുമ്പ് ബൗളിങ് ടീം ഓവര്‍ റേറ്റില്‍ വീഴ്‌ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. 85 മിനിറ്റാണ് ഒരു ഇന്നിങ്സ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. ഇത് പ്രകാരം ഓരോ ഓവറും എറിയാനായി ബൗളിങ് ടീമിന് അനുവദിച്ചിരിക്കുന്ന സമയം നാല് മിനിറ്റും 15 സെക്കന്‍ഡുമാണ്. ഈ കണക്ക് വെച്ച് നോക്കിയാല്‍ 19 ഓവര്‍ 80 മിനിറ്റും 45 സെക്കന്‍ഡും കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കണം. ഇല്ലെങ്കില്‍ ഫീല്‍ഡിങ് ടീമിനെതിരെ അമ്പയര്‍ റെഡ‍് കാര്‍ഡ് ഉയര്‍ത്തും. ഇങ്ങനെ ചെയ്താല്‍ നടപടിക്കിരയായ ടീമിന്‍റെ നായകൻ തന്‍റെ ടീമിലെ ഏതെങ്കിലും ഒരംഗത്തെ തിരിച്ചയക്കണം. ഇയാള്‍ക്ക് അവസാന ഓവറിലെ ആറ് പന്തും നഷ്ടമാകും എന്ന് മാത്രമല്ല, പകരം ഫീല്‍ഡര്‍ ഇറങ്ങാനും പാടില്ല. ഇതോടെ ബൗളിങ് ടീമിലെ അംഗങ്ങൾ പത്തായി ചുരുങ്ങും. ചുവപ്പ് കാര്‍ഡ് കിട്ടിയാല്‍ അവസാന ഓവറില്‍ രണ്ട് ഫീല്‍ഡറെ മാത്രമേ 30 വാരക്ക് പുറത്ത് നിർത്താനാവൂ.
പുതിയ നിയമപ്രകാരം 18ാം ഓവർ തുടങ്ങാൻ വൈകിയിട്ടുണ്ടെങ്കിൽ പരമാവധി നാലുപേരെ മാത്രമേ 30 വാരക്കപ്പുറം നിർത്താനാവൂ. 19ാം ഓവർ തുടങ്ങാനാണ് വൈകുന്നതെങ്കിൽ മൂന്ന് പേർക്ക് മാത്രമേ സർക്കിളിന് പുറത്ത് ഫീൽഡ് ചെയ്യാനാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.