പാകിസ്താനിൽ പോയി അവരെ എറിഞ്ഞിട്ട് പാക് വംശജൻ; അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന പ്രായം കുറഞ്ഞ താരമായി രഹാൻ അഹ്മദ്
text_fieldsകറാച്ചി: പാകിസ്താനിൽ പോയി അവരെ എറിഞ്ഞൊതുക്കി റെക്കോഡിട്ട് പാക് വംശജൻ. ഇംഗ്ലണ്ടിനായി മൂന്നാം ടെസ്റ്റിനിറങ്ങിയ രഹാൻ അഹ്മദ് ആണ് അരങ്ങേറ്റത്തിൽ അഞ്ച് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് കുറിച്ചത്. ഇംഗ്ലണ്ടിനായി അരങ്ങേറുന്ന പ്രായം കുറഞ്ഞ കളിക്കാരനെന്ന ബഹുമതിയും രഹാന്റെ പേരിലായി. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താനെതിരെ 14.5 ഓവർ എറിഞ്ഞ് 48 റൺസ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ രഹാൻ രണ്ട് വിക്കറ്റ് നേടിയിരുന്നു. 18 വയസ്സും 126 ദിവസവുമാണ് താരത്തിന്റെ പ്രായം. 2011ൽ 18 വയസ്സും 193 ദിവസവും പ്രായമായിരിക്കെ ആസ്ട്രേലിയക്കായി അരങ്ങേറ്റത്തിൽ ആറ് വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസിന്റെ റെക്കോഡാണ് പഴങ്കഥയായത്.
പാകിസ്താനിൽ ജനിച്ച് ഇംഗ്ലണ്ടിലേക്ക് കുറിയേറിയ മുൻ ക്രിക്കറ്റ് താരം കൂടിയായ നയീം അഹ്മദിന്റെ മകനാണ് ആൾറൗണ്ടറായ രഹാൻ. സഹോദരങ്ങളായ ഫർഹാൻ അഹ്മദ്, റഹീം അഹ്മദ് എന്നിവരും ക്രിക്കറ്റ് താരങ്ങളാണ്.
മത്സരത്തിൽ എട്ട് വിക്കറ്റിന് ജയിച്ച ഇംഗ്ലണ്ട് പരമ്പര 3-0ത്തിന് സ്വന്തമാക്കി. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 304 റൺസിന് പുറത്തായ പാകിസ്താനെതിരെ ഇംഗ്ലണ്ട് 50 റൺസ് ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ രഹാന്റെ ബൗളിങ് മികവിൽ ഇംഗ്ലണ്ട് ആതിഥേയരെ 216 റൺസിന് പുറത്താക്കി. തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ സന്ദർശകർ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 111 റൺസ് നേടിയ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക് ആകെ 468 റൺസ് അടിച്ചുകൂട്ടി ടൂർണമെന്റിലെ താരമായി. ചരിത്രത്തിലാദ്യമായാണ് പാകിസ്താൻ സ്വന്തം നാട്ടിൽ തുടർച്ചയായ മൂന്ന് ടെസ്റ്റുകളിൽ പരാജയം രുചിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.