രോഹിത്തിനെ ഉപനായക സ്ഥാനത്ത് നിന്ന് നീക്കാൻ കോഹ്ലി സെലക്ടർമാരോട് ആവശ്യപ്പെട്ടെന്ന്; കാരണമിതാണ്
text_fieldsന്യൂഡൽഹി: വിരാട് കോഹ്ലി ഇന്ത്യൻ ട്വന്‍റി20 ടീം നായക സ്ഥാനം ഒഴിയുകയാണെന്ന് വ്യാഴാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇന്ത്യൻ ആരാധകർക്ക് ഈ വാർത്ത ദഹിച്ച് വരുന്നതേ ഉള്ളൂ. എന്നാൽ ഇതിനിടെയാണ് മറ്റ് ചില ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
34 വയസുകാരനായ രോഹിത് ശർമയെ ഏകദിന ടീമിന്‍റെ ഉപനായക പദവിയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കോഹ്ലി സെലക്ടർമാരെ സമീപിച്ചതായി വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. താരത്തിന്‍റെ പ്രായം ചുണ്ടിക്കാട്ടിയായിരുന്നു ആവശ്യം. രോഹിത്തിന് പകരം ലോകേഷ് രാഹുലിനെ ഉപനായകനാക്കണമെന്നായിരുന്നു കോഹ്ലിയുടെ ആവശ്യം. ട്വന്‍റി20യിൽ ഋഷഭ് പന്തിനെ ഉപനായകനാക്കണമെന്നും താരം ആവശ്യപ്പെട്ടുവെന്നാണ് റിപ്പോർട്ട്.
വാർത്ത സംബന്ധിച്ച് ബി.സി.സി.ഐ പ്രതിനിധികളോ താരങ്ങളോ ഇതുവരേ പ്രതികരിച്ചില്ലെങ്കിലും വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാൻ സാധ്യതയുണ്ട്. കളിക്കാരുമായി ആശയവിനിമയം നടത്തുന്ന കാര്യത്തിൽ കോഹ്ലി പിറകിലാണെന്ന് മുൻ ക്രിക്കറ്റ് താരം വെളിപ്പെടുത്തിയാതായി പി.ടി.ഐ പറയുന്നു.
'മുൻ നായകൻ ധോണിയുെട മുറി സദാസമയവും സഹതാരങ്ങൾക്കായി തുറന്നുകിടക്കുമായിരുന്നു. ആ മുറിയിൽ കയറി ഗെയിം കളിക്കാനും ഭക്ഷണം കഴിക്കാനും ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാനും പറ്റുമായിരുന്നു. ഗ്രൗണ്ടിന് പുറത്ത് കോഹ്ലി വളരേ കുറച്ച് മാത്രമേ സംസാരിക്കൂ' -താരം പറഞ്ഞു. കോഹ്ലിയെ വിമർശിക്കുന്നതോടൊപ്പം തന്നെ മുൻതാരം രോഹിത്തിനെ പുകഴ്ത്തുകയും ചെയ്തു.
'ധോണിയുടെ ചില ഗുണങ്ങൾ രോഹിത്തിനുണ്ട്. ജൂനിയർ താരങ്ങളെ പുറത്ത് കൊണ്ടുപോയി അദ്ദേഹം ഭക്ഷണം വാങ്ങി നൽകാറുണ്ട്. നിരാശരായി നിൽക്കുന്ന സമയത്ത് അവരുടെ തോളിൽ തട്ടി അദ്ദേഹം ആശ്വാസിപ്പുക്കുകയും കൈപിടിച്ചുയർത്തുകയും ചെയ്യും' -പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത താരം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ രോഹിത് തന്നെയാണ് പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്‍റെ നായകനാകുക. രാഹുൽ, ഋഷഭ് പന്ത്, ജസ്പ്രീത് ബൂംറ എന്നിവരിൽ ഒരാളായിരിക്കും ഉപനായകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.