റിട്ടയേഡ് ഔട്ട്: ട്വന്റി20യിലെ പുതിയ തന്ത്രമാവുമോ? ചരിത്രം കുറിച്ച് അശ്വിൻ
text_fieldsമുംബൈ: ലഖ്നോ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിന്റെ 19-ാം ഓവറിൽ രാജസ്ഥാൻ റോയൽസിന്റെ ബാറ്റർ ആർ. അശ്വിൻ പൊടുന്നനെ മൈതാനത്തുനിന്ന് കയറിയപ്പോൾ എല്ലാവരും അമ്പരപ്പിലായിരുന്നു. ഒപ്പം ബാറ്റുചെയ്യുകയായിരുന്ന ഷിംറോൺ ഹെറ്റ്മെയറിനുപോലും ആദ്യം കാര്യം മനസ്സിലായില്ല. എന്നാൽ, പകരം റിയാൻ പരാഗ് ക്രീസിലെത്തിയപ്പോഴാണ് അശ്വിൻ റിട്ടയേഡ് ഔട്ട് ആണെന്ന് മനസ്സിലായത്.
ഐ.പി.എല്ലിൽ റിട്ടയേഡ് ഔട്ടാവുന്ന ആദ്യ താരമാണ് അശ്വിൻ. 2010ൽ സന്നാഹ മത്സരത്തിൽ പാകിസ്താന്റെ ശാഹിദ് അഫ്രീദി, 2019ൽ ട്വന്റി20യിൽ മാലദ്വീപിനെതിരെ ഭൂട്ടാന്റെ സോനം തോഗ്ബെ, ബംഗ്ലാ പ്രീമിയർ ലീഗിൽ കുമില്ല വാരിയേഴ്സിന്റെ സുൻസുമുൽ ഇസ്ലാം എന്നിവർ റിട്ടയേഡ് ഔട്ടായിട്ടുണ്ട്.
റിട്ടയേഡ് ഹാർട്ട് അറിയാമെങ്കിലും റിട്ടയേഡ് ഔട്ട് അധികം പേർക്കും പരിചയമില്ലാത്തതാണ്. ക്രിക്കറ്റ് നിയമത്തിൽ നേരത്തേയുള്ളതാണെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ അധിക ടീമുകളൊന്നും ഉപയോഗപ്പെടുത്തിയിട്ടില്ലാത്ത സാധ്യത. റിട്ടയേഡ് ഹാർട്ട് പോലെ ബാറ്റർക്ക് വീണ്ടും ഇറങ്ങാനാവില്ല എന്നതാണ് റിട്ടയേഡ് ഔട്ടിന്റെ പ്രത്യേകത.
ട്വന്റി20യിൽ ഇനി കൂടുതൽ കാണാൻ സാധ്യതയുള്ള തന്ത്രമായി മാറിയേക്കും റിട്ടയേഡ് ഔട്ട്. ബാറ്റർക്ക് വേണ്ടപോലെ തിളങ്ങാനായില്ലെങ്കിൽ ഔട്ടാവാതെ തന്നെ എപ്പോൾ വേണമെങ്കിലും തിരിച്ചുകയറാമെന്നത് ടീമുകൾ കൂടുതൽ ഉപയോഗപ്പെടുത്തിയേക്കും.
ബാറ്റിങ് ഓർഡറിൽ നേരത്തേയിറങ്ങിയ അശ്വിൻ 23 പന്തിൽ 28 റൺസെടുത്തുനിൽക്കെയാണ് ഇന്നിങ്സിൽ 10 പന്ത് ബാക്കിയിരിക്കെ റിട്ടയേഡ് ഔട്ട് ആയത്. അടുത്ത് ഇറങ്ങുന്ന പരാഗിന് കൂടുതൽ അവസരം നൽകുകയായിരുന്നു ലക്ഷ്യം.
അശ്വിന്റെയും ടീം മാനേജ്മെന്റിന്റെയും സംയുക്ത തീരുമാനപ്രകാരമായിരുന്നു ഇതെന്ന് മത്സരശേഷം രാജസ്ഥാൻ നായകൻ സഞ്ജു സാംസണും കോച്ച് കുമാർ സങ്കക്കാരയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.