ഡൽഹിയിൽനിന്ന് പഞ്ചാബിലേക്ക്; റിക്കി പോണ്ടിങ് ഇനി കിങ്സിനെ പരിശീലിപ്പിക്കും
text_fieldsമൊഹാലി: ഐ.പി.എല്ലിന്‍റെ അടുത്ത സീസണിലേക്കുള്ള താരലേലം നടക്കാനിരിക്കെ, ആസ്ട്രേലിയയുടെ മുൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്ങിനെ പഞ്ചാബ് കിങ്സ് മുഖ്യ പരിശീലകനായി നിയമിച്ചു. ഡൽഹി ക്യാപിറ്റൽസുമായുള്ള കരാർ അവസാനിപ്പിച്ച് മൂന്ന് മാസം പിന്നിടുമ്പോഴാണ് പോണ്ടിങ് പഞ്ചാബിലേക്ക് ചേക്കേറുന്നത്. ഡൽഹിക്കൊപ്പം ഏഴു സീസണുകളായുള്ള ബന്ധമാണ് പോണ്ടിങ് ഇക്കൊല്ലം അവസാനിപ്പിച്ചത്.
കഴിഞ്ഞ ഏഴു സീസണുകളിലായി പഞ്ചാബിന്‍റെ ആറാമത്തെ മുഖ്യ പരിശലകനാണ് പോണ്ടിങ്. ഐ.പി.എൽ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് കിങ്സിന് പ്ലോഓഫിൽ പ്രവേശിക്കാനായത്. കഴിഞ്ഞ പത്ത് സീസണിൽ ഒരിക്കൽ പോലും പ്ലേഓഫ് കണ്ടിട്ടില്ല. ഈ വർഷം പോയിന്‍റ് ടേബിളിൽ ഒമ്പതാം സ്ഥാനത്തായിരുന്നു പഞ്ചാബ്. ലേലത്തിനു മുമ്പ് അടുത്ത സീസണിലേക്ക് ആരെയൊക്കെ നിലനിർത്തണം എന്ന കാര്യത്തിൽ ഉൾപ്പെടെ നിർണായ തീരുമാനങ്ങളെടുക്കാൻ 49കാരനായ പോണ്ടിങ്ങിനെ ടീം മാനേജ്മെന്‍റ് നിയോഗിച്ചേക്കും.
കഴിഞ്ഞ സീസണിൽ രണ്ടാം തവണയും പർപ്പിൾ ക്യാപ് നേടിയ ഹർഷൽ പട്ടേൽ, പവർ ഹിറ്റിങ് ജോഡിയായ ശശാങ്ക് സിങ്, അശുതോഷ് ശർമ എന്നിവരാണ് പഞ്ചാബ് ടീമിന്‍റെ കരുത്ത്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിലെ ഇടംകൈയൻ പേസർ അർഷ്ദീപ് സിങ്, കഴിഞ്ഞ സീസണിൽ ഏതാനും മത്സരങ്ങളിൽ ടീമിനെ നയിച്ച വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ എന്നിവരും അവർക്കുണ്ട്. ഇംഗ്ലണ്ടിന്‍റെ സാം കറാൻ, ലയാം ലിവിങ്സ്‌റ്റൺ, ജോണി ബെയർസ്റ്റോ, ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ എന്നിങ്ങനെ മികച്ച വിദേശ താരനിയും പഞ്ചാബിന്‍റെ കൈവശമുണ്ട്.
മൂന്ന് തവണ ഏകദിന ലോകകപ്പ് ജേതാവായ പോണ്ടിങ് അഞ്ച് വർഷത്തെ ഇടവേളയിൽ രണ്ട് തവണ മാത്രമാണ് ഐ.പി.എല്ലിൽ കളിച്ചത്. 2008ലെ ഉദ്ഘാടന സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം കളിച്ച പോണ്ടിങ് 2013ൽ മുംബൈ ഇന്ത്യൻസിന്‍റെ ജേഴ്സിയണിഞ്ഞു. സീസണിന്‍റെ പകുതിയോടെ രോഹിത് ശർമക്ക് നായകസ്ഥാനം വെച്ചുമാറി. അതേ വർഷം ഫോർമാറ്റുകളിലുടനീളം വിരമിക്കൽ പ്രഖ്യാപിച്ചു, എന്നാൽ 2015ലും 2016ലും ഹെഡ് കോച്ചായി സേവനമനുഷ്ഠിക്കുന്നതിന് മുമ്പ് 2014ൽ ഉപദേശകമായും മുംബൈ ക്യാമ്പിലെത്തി.
2018ൽ, ഡൽഹി ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനായി ചുമതലയേൽക്കുകയും 2019നും 2021നും ഇടയിൽ തുടർച്ചയായി മൂന്ന് പ്ലേഓഫ് യോഗ്യതകളിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു. 2020ൽ ടീമിന് ആദ്യമായി ഫൈനലിലേക്കുള്ള വഴി കാണിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂലൈയിൽ ഡൽഹി ടീമുമായി പിരിഞ്ഞു. കഴിഞ്ഞ മൂന്ന് സീസണുകളിലും ആദ്യ നാലിൽ ഇടംപിടിക്കാൻ ഡൽഹിക്ക് കഴിഞ്ഞിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.