ട്വന്‍റി20 ലോകകപ്പിലെ റൺവേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ച് റിക്കി പോണ്ടിങ്
text_fieldsമുംബൈ: ട്വന്‍റി20 ലോകകപ്പിലെ റൺവേട്ടക്കാരനെയും വിക്കറ്റ് വേട്ടക്കാരനെയും പ്രവചിച്ച് മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്. ജൂൺ രണ്ടു മുതൽ 29 വരെ യു.എസ്.എയിലും വെസ്റ്റിൻഡീസിലുമായാണ് ലോകകപ്പ് നടക്കുന്നത്.
ഇന്ത്യൻ പേസിന്‍റെ കുന്തമുന ജസ്പ്രീത് ബുംറ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുമെന്നാണ് പോണ്ടിങ്ങിന്‍റെ പ്രവചനം. താരത്തിന്‍റെ അസാധാരണ പേസും ബ്രേക്ക്ത്രൂ കൊണ്ടുവരാനുള്ള കഴിവും താരത്തെ ടൂർണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാക്കുമെന്നാണ് താരം പറയുന്നത്. ബാറ്റർമാരിൽ ഓസീസ് താരം ട്രാവിസ് ഹെഡ്ഡ് മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും ടൂർണമെന്‍റിലെ റൺ വേട്ടക്കാരനാകുമെന്നും പോണ്ടിങ് വ്യക്തമാക്കി. ഹെഡ്ഡിന്‍റെ ആക്രമണ ബാറ്റിങ്ങും സ്ഥിരതയുള്ള പ്രകടനവുമാണ് പോണ്ടിങ് എടുത്തുപറയുന്നത്. ഐ.പി.എല്ലിൽ ഇരു താരങ്ങളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
13 മത്സരങ്ങളിൽനിന്ന് 20 വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. ടൂർണമെന്‍റിൽ ബൗളർമാർ തല്ലുവാങ്ങി കൂട്ടിയിട്ടും ബുംറയുടെ ഇക്കണോമി 6.48 ആയിരുന്നു. ‘ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന താരം ബുംറയാകും. ഐ.പി.എല്ലിൽ മികച്ച പ്രകടനം നടത്തിയാണ് താരം വരുന്നത്. ന്യൂ ബാളിൽ സ്വിങ് ചെയ്യിക്കാനും വേരിയേഷൻ കൊണ്ടുവരാനും താരത്തിനാകും. റെഡ് ബാളിലും വൈറ്റ് ബാളിലും മികച്ച ഫോമിലാണ് ഹെഡ്ഡ്. ഒരു ഭയവുമില്ലാതെയാണ് താരം കളിക്കുന്നത്’ -പോണ്ടിങ് അഭിപ്രായപ്പെട്ടു.
ഏകദിന ലോകകപ്പിൽ ഓസീസിന്‍റെ കിരീട നേട്ടത്തിൽ ട്രാവിസിന്‍റെ ബാറ്റിങ്ങിന് നിർണായക പങ്കുണ്ടായിരുന്നു. രണ്ടു സെഞ്ച്വറികളും ഒരു അർധ സെഞ്ച്വറിയും നേടി. സ്ട്രൈക്ക് റേറ്റ് 127.52 ആയിരുന്നു. ഐ.പി.എല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ഓപ്പണറായും വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. 15 മത്സരങ്ങളിൽനിന്ന് 567 റൺസാണ് താരം അടിച്ചുകൂട്ടിയത്. 191.55 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. ട്വന്‍റി20 ലോകകപ്പിലും താരം ബാറ്റിങ്ങിൽ തിളങ്ങുമെന്ന് പോണ്ടിങ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.