ബോർഡർ-ഗവാസ്കർ വാക് പോരുകൾ മുറുകി തുടങ്ങി; ഗംഭീറിനെതിരെ മറുപടിയുമായി പോണ്ടിങ്
text_fieldsഇന്ത്യയുടെയും ആസ്ട്രേലിയയുടെയും ക്രിക്കറ്റ് ആരാധകരും ക്രിക്കറ്റ് ലോകവും ഒരുപോലെ ഉറ്റ് നോക്കുന്ന പരമ്പരയാണ് ബോർഡർ-ഗവാസ്കർ ട്രോഫി. വീറും വാശിയും അതിന്‍റെ മൂർദ്ധാവിലേക്ക് കടക്കുന്ന ക്രിക്കറ്റിന്‍റെ എലൈറ്റ് ഫോർമാറ്റിലെ രണ്ട് എലൈറ്റ് ടീമുകൾ ഏറ്റുമുട്ടുമ്പോഴുള്ള എല്ലാ ആവേശവും ഈ ടെസ്റ്റ് മത്സരങ്ങൾക്ക് ഉണ്ടാകാറുണ്ട്. കഴിഞ്ഞ നാല് ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരകളും ഇന്ത്യയാണ് സ്വന്തമാക്കിയതെങ്കിലും ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന ഇന്ത്യൻ ടീമിനെയാണ് നിലവിൽ കാണുവാൻ സാധിക്കുന്നത്.
വാക് പോരുകളും സ്ലെഡ്ജിങ്ങുകളും ബോർഡർ ഗവാസ്കർ മത്സരങ്ങളിലെ സ്ഥിരം കാഴ്ചയാണ്. ഇത്തവണയും അതിന് തുടക്കമായിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ഹെഡ് കോച്ച് ഗൗതം ഗംഭീറും മുൻ ആസ്ട്രേലിയൻ നായകൻ റിക്കി പോണ്ടിങ്ങുമാണ് വാക് പോരിന് തുടക്കം കുറിച്ചത്. വിരാട് കോഹ്ലലിയുടെ സെഞ്ച്വറി ക്ഷാമവും ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമും ചൂണ്ടിക്കാട്ടി പോണ്ടിങ് രംഗത്തെത്തിയിരുന്നു. എന്നാൽ വിരാട് കോഹ്ലിയുടെ ഫോമിനെ കുറിച്ച് പോണ്ടിങ് വിഷമിക്കേണ്ടെന്നും അദ്ദേഹം ആസ്ട്രേലിയൻ ടീമിന്‍റെ കാര്യം നോക്കിയാൽ മതിയെന്നും ഗംഭീർ മറുപടി പറഞ്ഞിരുന്നു.
കോഹ്ലിയും രോഹിത്തും ഇപ്പോഴും ക്രിക്കറ്റിനെ അങ്ങേയറ്റം ആവേശത്തോടെയാണ് കാണുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. ഗംഭീറിനെ മാധ്യമങ്ങളുടെ മുമ്പിൽ വിടരുതെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടിരുന്നു. നിലവിൽ ഗംഭീറിന്‍റെ പരാമാർശങ്ങൾക്ക് മറുപടിയുമായി പോണ്ടിങ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
'മറുപടി വായിച്ചപ്പോൾ ഞാൻ ഒന്ന് ഞെട്ടിയിരുന്നു, എന്നാൽ പറഞ്ഞത് കോച്ച് ഗംഭീർ ആണെന്ന് അറിയാവുന്നത്കൊണ്ട് ആ ഞെട്ടൽ മാറി. കൊത്തിക്കോണ്ട് നിൽക്കുന്ന ഒരു സ്വാഭവമാണ് അവന്‍റേത്. അതുകൊണ്ട് അവനാണ് പറഞ്ഞതെന്ന് അറിഞ്ഞപ്പോൾ ഞെട്ടലൊന്നുമുണ്ടായില്ല. നിങ്ങൾ വിരാടിനോട് ചോദിക്കുകയാണെങ്കിലും മുൻ വർഷങ്ങളിലെ പോലെ സെഞ്ച്വറി തികക്കാൻ സാധിക്കാത്തതിൽ അദ്ദേഹത്തിന് ഉത്കൺഠ ഉണ്ടാകും,' പോണ്ടിങ് പറഞ്ഞു.
2020ന് ശേഷം 34 ടെസ്റ്റ് മത്സരത്തിൽ നിന്നും 30ൽ താഴെയാണ് വിരാട് കോഹ്ലിയുടെ ശരാശരി. കുറച്ച് മികച്ച ഇന്നിങ്സ് ഒഴിച്ചാൽ ടെസ്റ്റ് ക്രിക്കറ്റിൽ അദ്ദേഹത്തിന്‍റെ ഫോം വളരെ മോശമാണ്. ന്യൂസിലാൻഡിനെതിരെ നടന്ന പരമ്പരയിൽ ആറ് ഇന്നിങ്സിൽ നിന്നും വെറും 16 ശരാശരിയിൽ 93 റൺസാണ് അദ്ദേഹം നേടിയത്. നവംബർ 22നാണ് ആസ്ട്രേലിയക്കെതിരെയുള്ള പരമ്പരയിലെ ആദ്യ മത്സരം നടക്കുക. പെർത്ത് ക്രിക്കറ്റ് ഗ്രൗണ്ടാണ് മത്സരത്തിന് വേദിയൊരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.