ഈയൊരു വിളിക്കായി ഒരുപാട് ചോരയും വിയർപ്പും ഒഴുക്കി...; അരങ്ങേറ്റത്തിനു പിന്നാലെ വികാരഭരിതനായി റിങ്കു സിങ്
text_fieldsഅയർലൻഡിനെതിരെയുള്ള ആദ്യ ട്വന്‍റി20യിൽ റിങ്കു സിങ് ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായി നടത്തിയ ഗംഭീര പ്രകടനമാണ് റിങ്കുവിന് ഇന്ത്യൻ ടീമിലേക്കുള്ള വഴിയൊരുക്കിയത്.
അരങ്ങേറ്റ മത്സരത്തിനുശേഷം വികാരഭരിതനായാണ് ഉത്തർപ്രദേശ് ബാറ്റർ പ്രതികരിച്ചത്. ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽനിന്ന് ഇന്ത്യൻ ടീമിലേക്കുള്ള താരത്തിന്‍റെ യാത്ര ക്രിക്കറ്റ് ചരിത്രത്തിൽ ഏവരെയും പ്രചോദിപ്പിക്കുന്ന കഥകളിലൊന്നാണ്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്കുള്ള യാത്രക്ക് പിന്നിൽ ഏറെ കണ്ണീരും വിയർപ്പും ഒഴുക്കിയിട്ടുണ്ടെന്ന് റിങ്കു പറഞ്ഞു. ഒരു ക്രിക്കറ്റ് താരമാകണമെന്ന തന്‍റെ സ്വപ്നം യാഥാർഥ്യമാക്കാൻ അമ്മ പലരിൽനിന്ന് പണം കടം വാങ്ങിയിരുന്നെന്നും കുടുംബത്തിന്‍റെ സംഭാവന വളരെ വലുതാണെന്നും താരം പ്രതികരിച്ചു.
‘ഈയൊരു വിളിക്കായി ഒരുപാട് ചോരയും വിയർപ്പും ഒഴുക്കിയിട്ടുണ്ട്. സാമ്പത്തിക പ്രയാസങ്ങൾ അലട്ടുമ്പോഴും പിന്തുണക്കാൻ ആരുമില്ലാതിരിന്നിട്ടും സ്പോർട്സിനോടുള്ള അഭിനിവേശം മാത്രമാണ് എന്നെ മുന്നോട്ട് നയിച്ചത്. കുടുംബത്തിന് ഒരു നല്ല ജീവിതം നൽകണമെന്ന എന്‍റെ ആഗ്രഹമാണ് ഈ യാത്രയിൽ കരുത്തായത്. ആ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു, അത് എന്നെ ശക്തനാക്കുകയും യാത്രയിൽ എന്നെ സഹായിക്കുകയും ചെയ്തു’ -ജിയോ സിനിമയുമായുള്ള അഭിമുഖത്തിനിടെ താരം വ്യക്തമാക്കി.
കുടുംബത്തിന്‍റെ സാമ്പത്തിക പരാധീനതകൾ നേരിട്ടു കണ്ടാണ് ഞാൻ വളർന്നത്. ക്രിക്കറ്റിലൂടെ ഇത് മറികടക്കാനാകുമെന്ന് ആഗ്രഹിച്ചു. ഇന്നുവരെയുള്ള എന്റെ യാത്രയിൽ കുടുംബത്തിന് വലിയ പങ്കുണ്ട്. സ്വപ്നത്തിലേക്കുള്ള യാത്രയിൽ സാമ്പത്തിക പ്രയാസം നേരിട്ടപ്പോൾ, അമ്മ മറ്റുള്ളവരിൽ നിന്ന് കടം വാങ്ങി. അവരിൽനിന്ന് എനിക്ക് ലഭിച്ച പിന്തുണ ഒന്നു കൊണ്ടുമാത്രമാണ് ഞാൻ ഈ നിലയിലെത്തിയതെന്നും താരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.