ഐ.പി.എൽ ഉദ്ഘാടന ചടങ്ങിനിടെ കോഹ്‍ലിക്ക് കൈ കൊടുക്കാതെ റിങ്കു; സൂപ്പർ താരത്തെ അവഗണിച്ചെന്ന് ആരോപണം -വിഡിയോ
text_fieldsകൊൽക്കത്ത: ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 18ാമത് എഡിഷന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസമാണ് ഐ.പി.എൽ ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ഷാരുഖ് ഖാൻ, ശ്രേയ ഘോഷാൽ, ദിഷ പട്ടാണി, കരൺ അജുല തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഉദ്ഘാടന ചടങ്ങിനിടെ ഒരു വിവാദവും ഉയർന്നിരിക്കുകയാണ്.
റോയൽ ചലഞ്ചേഴ്സ് താരമായ വിരാട് കോഹ്‍ലിക്ക് കൈകൊടുക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ് വിസമ്മതിച്ചതാണ് വിവാദങ്ങൾ ഉയരാൻ കാരണം. ഉദ്ഘാടന ചടങ്ങിലെ സംഗീതനിശക്ക് ശേഷം ഷാരൂഖ് ഖാൻ ഇതിഹാസതാരം വിരാട് കോഹ്‍ലിയും യുവതാരം റിങ്കു സിങ്ങിനേയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ആദ്യം കോഹ്‍ലിയേയാണ് ഷാരൂഖ് വേദിയിലേക്ക് ക്ഷണിച്ചത്. പിന്നീട് റിങ്കുവിനേയും വിളിച്ചു. എന്നാൽ, ഷാരൂഖ് ഖാന് കൈകൊടുത്ത് നടന്നു നീങ്ങിയ റിങ്കു കോഹ്‍ലിയെ അവഗണിച്ച് കടന്നുപോയെന്നാണ് ആരോപണം. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ വൈറലാണ്.
ഐ.പി.എൽ 18ാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു വമ്പൻ ജയം നേടിയിരുന്നു. 175 റൺസ് എന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ കോഹ്‌ലിയും ടീമും ഏഴ് വിക്കറ്റും 22 പന്തും ശേഷിക്കെ ലക്ഷ്യംകണ്ടു. തകർപ്പൻ അർധസെഞ്ച്വറികളുമായി മുന്നിൽ നിന്ന് നയിച്ച മുൻ ക്യാപ്റ്റൻ കോഹ്‌ലിയും (പുറത്താകാതെ 59), ഓപ്പണർ ഫിൽ സാൾട്ടുമാണ് (56) ആർ.സി.ബിയുടെ വിജയശിൽപ്പികൾ. സ്കോർ: കൊൽക്കത്ത 174/8 (20 ഓവർ), ബംഗളൂരു 177/3 (16.2 ഓവർ).

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.