കൊൽക്കത്തയെ ജയിപ്പിച്ച അഞ്ചു സിക്സുകൾക്കു ശേഷം ബൗളർ യാഷ് ദയാലിന് അയച്ച സന്ദേശം വെളിപ്പെടുത്തി റിങ്കു സിങ്
text_fieldsശരിക്കും കൈവിട്ടുപോകുമായിരുന്ന മത്സരം അവസാന അഞ്ചു പന്തും സിക്സർ പറത്തി ജയിപ്പിച്ച ആഘോഷത്തിലാണ് കൊൽക്കത്തയും റിങ്കു സിങ്ങും. നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്തിനെതിരായ ആവേശപ്പോരിലായിരുന്നു ഒറ്റയാൻ പ്രകടനവുമായി റിങ്കു എന്ന ഓൾറൗണ്ടർ ജയം അടിച്ചെടുത്തത്.
അവസാന ഓവറിൽ കൊൽക്കത്തക്ക് വേണ്ടിയിരുന്നത് 29 റൺസ്. സ്ട്രൈക്ക് ലഭിച്ച ഉമേഷ് യാദവ് ആദ്യ പന്ത് സിംഗിളോടി ചുമതല റിങ്കുവിനെ ഏൽപിക്കുന്നു. പിന്നീടുണ്ടായതത്രയും ചരിത്രം. ഒറ്റ ഓവറിൽ ഹീറോ ആയി മാറിയ റിങ്കു ഗുജറാത്ത് പേസർ യാഷ് ദയാലിനെ നിർദയം അടിച്ചുപറത്തി. ബൗണ്ടറി വരക്കും മുകളിലൂടെ പറന്ന് ഗാലറികളിൽ ചെന്നുനിന്ന പന്തുകൾ എല്ലാം സിക്സർ. 28 റൺസ് വേണ്ട ടീം അഞ്ചു പന്തിലെ പരമാവധിയായ 30 റൺസും നേടി ജയത്തിലേക്ക്.
എന്നാൽ, ആഭ്യന്തര ക്രിക്കറ്റിൽ ഉത്തർ പ്രദേശിനായി ഒരേ ഡ്രസ്സിങ് റൂം പങ്കിടുന്നവരാണ് ബാറ്ററും ബൗളറും. അതുകൊണ്ട് തന്നെ കളി കഴിഞ്ഞയുടൻ പന്തെറിഞ്ഞ യാഷ് ദയാലിനെ ആശ്വസിപ്പിച്ച് താൻ സന്ദേശമയച്ചതായി പറയുന്നു, റിങ്കു സിങ്. ‘‘മത്സര ശേഷം യാഷിന് ഞാൻ സന്ദേശമയച്ചു. ക്രിക്കറ്റിൽ ഇത് സംഭവിക്കുമെന്ന് പറഞ്ഞു. കഴിഞ്ഞ വർഷം ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചതല്ലേയെന്നും ചോദിച്ചു’’- റിങ്കു പറയുന്നു.
കളി കഴിഞ്ഞയുടൻ കൊൽക്കത്ത ക്ലബും താരത്തെ ആശ്വസിപ്പിക്കാനുണ്ടായിരുന്നു. ‘ലോകത്തിലെ ഏറ്റവും മികച്ച താരങ്ങൾക്കും ഇത് സംഭവിക്കാറുള്ളതാണ്. നീ ശരിക്കും ചാമ്പ്യനാണ്. കരുത്തോടെ തിരിച്ചുവരികയും ചെയ്യും’- എന്നായിരുന്നു കൊൽക്കത്തയുടെ സന്ദേശം.
റിങ്കു നേരിട്ട ആദ്യ മൂന്നു പന്തുകളും ഫുൾടോസായിരുന്നു. അത് മൂന്നും അനായാസം കരകടത്തിയതോടെ അടുത്ത രണ്ട് പന്തും മാറ്റിയെറിഞ്ഞെങ്കിലും രക്ഷയുണ്ടായില്ല. മൂന്ന് പന്ത് തുടർച്ചയായി ഫുൾടോസ് എറിഞ്ഞതിനെതിരെ സമൂഹ മാധ്യമങ്ങളിൽ യാഷ് ദയാൽ കടുത്ത വിമർശനം നേരിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.