വിക്കറ്റിന് പിന്നിലെ ധോണിയുടെ റെക്കോർഡ് ദക്ഷിണാഫ്രിക്കയിൽ മറികടക്കാൻ പന്ത്
text_fieldsഇന്ത്യൻ മുൻ നായകൻ എം.എസ്. ധോണിയുടെ പേരിലുള്ള ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോർഡ് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ മറികടക്കാനൊരുങ്ങുകയാണ് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ഏറ്റവും വേഗത്തിൽ 100 പുറത്താക്കലുകൾ നേടുന്ന ഇന്ത്യൻ കീപ്പറെന്ന റെക്കോർഡിനരികിലാണ് പന്ത്.
ഇന്ത്യൻ ടീമിൽ 25 മത്സരങ്ങൾ കളിച്ച പന്ത് 97 പുറത്താക്കലുകളാണ് നടത്തിയത്. ദക്ഷിണാഫ്രിക്കയിൽ കളിക്കാൻ അവസരം ലഭിച്ചാൽ ടെസ്റ്റിലെ ഏറ്റവും വേഗമേറിയ 100 പുറത്താക്കൽ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് കൈപ്പിടിയിലാക്കാൻ പന്തിന് കഴിഞ്ഞേക്കും. 100 പുറത്താക്കൽ നേടുന്ന ആറാമത്തെ ഇന്ത്യൻ കീപ്പറുമാകും പന്ത്. നിലവിൽ, വേഗമേറിയ 100 പുറത്താക്കലുകൾ എന്ന റെക്കോർഡ് 36 ടെസ്റ്റിൽ നേട്ടം കൈവരിച്ച ധോണിയുടെ പേരിലാണ്.
37 ടെസ്റ്റുകളിൽ നിന്നും ഈ നേട്ടം കൈവരിച്ച വൃദ്ധിമാൻ സാഹയാണ് ധോണിക്ക് തൊട്ടുപിന്നിൽ. മുൻ ഇന്ത്യൻ കീപ്പർമാരായ കിരൺ മോറെ, നയൻ മോംഗിയ, സയ്യിദ് കിർമാനി എന്നിവർ യഥാക്രമം 39, 41, 42 ടെസ്റ്റുകളിലായി പട്ടികയിൽ ഇടംപിടിച്ചവരാണ്.
ന്യൂസിലാൻഡിനെതിരെ സ്വന്തം തട്ടകത്തിൽ ഇന്ത്യ കളിച്ച രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ പന്തിന് വിശ്രമം അനുവദിച്ചിരുന്നു. പരമ്പര 1-0ന് അനായാസമായി ഇന്ത്യ സ്വന്തമാക്കിയിരുന്നു. പന്തിന്‍റെ അഭാവത്തിൽ ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ വിക്കറ്റ് കാത്തത് സാഹ ആയിരുന്നു.
ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ആദ്യത്തേത് ഡിസംബർ 26ന് സെഞ്ചൂറിയനിലെ സൂപ്പർസ്പോർട്ട് പാർക്കിൽ ആരംഭിക്കും. രണ്ടാം ടെസ്റ്റ് ജനുവരി മൂന്നിന് ജോഹന്നാസ്ബർഗിലെ വാണ്ടറേയ്സ് സ്റ്റേഡിയത്തിലും മൂന്നാമത്തെതും അവസാനത്തേതുമായ ടെസ്റ്റ് ജനുവരി 11ന് കേപ്ടൗണിലെ ന്യൂലാൻഡ്സിൽ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.