ഋഷഭ് പന്തിനെ നോട്ടമിട്ട് പഞ്ചാബും ലഖ്നോയും; ഡൽഹിയെ നയിക്കാൻ ശ്രേയസ് തിരിച്ചെത്തിയേക്കും
text_fieldsന്യൂഡൽഹി: ഐ.പി.എല്ലിന്റെ പുതിയ സീസണു മുന്നോടിയായി താരലേലം നടക്കാനിരിക്കെ, ഫ്രാഞ്ചൈസികൾ നിലനിർത്തുന്ന താരങ്ങൾ ആരെല്ലാമാകും എന്ന കാത്തിരിപ്പിലാണ് ആരാധകർ. ഡൽഹി ക്യാപിറ്റൽസ് നായകനും വിക്കറ്റ് കീപ്പർ ബാറ്ററുമായ ഋഷഭ് പന്തിനെ ടീം റിലീസ് ചെയ്തേക്കുമെന്ന അഭ്യൂഹം ഇതിനോടകം ശക്തമായിട്ടുണ്ട്. അങ്ങനെയെങ്കിൽ മെഗാലേലത്തിലെ വിലയേറിയ താരങ്ങളിൽ ഒരാൾ പന്താകാനുള്ള സാധ്യത ഏറെയുണ്ട്. അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, അഭിഷേക് പൊരൽ എന്നിവരെയാകും ഡൽഹി നിലനിർത്തുക. എട്ടുവർഷം ക്യാപിറ്റൽസിനായി പാഡണിഞ്ഞ പന്ത് മൂന്ന് സീസണുകളിൽ ടീമിനെ നയിച്ചിട്ടുണ്ട്.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സി വിടാൻ തയാറാകുന്ന ശ്രേയസ് അയ്യരുമായി ഡൽഹി ടീം മാനേജ്മെന്റ് ചർച്ച നടത്തുന്നതായി വിവരമുണ്ട്. നേരത്തെ ശ്രേയസ് ക്യാപ്റ്റനായിരിക്കെയാണ് ടീം ഫൈനലിൽ പ്രവേശിച്ചത്. 2020ലായിരുന്നു ഇത്. പന്തിനെ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഡൽഹി ഫ്രാഞ്ചൈസി ഉടമകൾക്കിടയിൽ ഭിന്നതയുള്ളതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. എന്നാൽ താരവും ടീം മാറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
അതേസമയം പന്തിനെ ഡൽഹി റിലീസ് ചെയ്താൽ ടീമിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് പഞ്ചാബ് കിങ്സും ലഖ്നോ സൂപ്പർ ജയന്റ്സും. കഴിഞ്ഞ ഏതാനും സീസണായി അസ്ഥിരമായ ടീമാണ് പഞ്ചാബിന്റേത്. ഒരു സീസണിൽതന്നെ പല തവണ ക്യാപ്റ്റൻസി മാറുന്ന സ്ഥിതിവിശേഷവുമുണ്ട്. ലഖ്നോ ആകട്ടെ, അവരുടെ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ റിലീസ് ചെയ്യാനുള്ള തയാറെടുപ്പിലാണ്. താരത്തിന്റെ സ്ട്രൈക്ക് റേറ്റ് കുറഞ്ഞതാണ് മാനേജ്മെന്റിന്റെ അതൃപ്തിക്ക് കാരണമെന്നാണ് വിവരം.
മുംബൈ ഇന്ത്യൻസിലെ ആഭ്യന്തര പ്രശ്നങ്ങൾ കഴിഞ്ഞ സീസണിൽ ടീമിന് തിരിച്ചടിയായിരുന്നു. ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയ രോഹിത് ശർമ ടീം വിടുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വമ്പൻ മാറ്റങ്ങൾ വരാനിരിക്കെ ഐ.പി.എൽ 2025ൽ ടീം കോമ്പിനേഷനുകൾ മാറുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ടീമുകളുടെ തലപ്പത്തെ മാറ്റത്തോടെ ഗെയിം അടിമുടി മാറുമെന്ന് ഉടമകളും കണക്കാക്കുന്നു. വരാനിരിക്കുന്ന സീസണിലും ഐ.പി.എൽ പൂരത്തിന് മാറ്റേറുമെന്ന കാര്യത്തിൽ തർക്കമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.