‘പന്ത് സി.എസ്.കെയിൽ എത്തിയാൽ അത്ഭുതപ്പെടേണ്ടതില്ല’..; കാരണങ്ങൾ നിരത്തി മുൻ ഇന്ത്യൻ താരം
text_fieldsഡിസംബർ 19ന് ദുബായിൽ നടക്കുന്ന മിനി ലേലത്തിന് മുന്നോടിയായി ഇന്ത്യൻ പ്രീമിയർ ലീഗിലെ 10 ടീമുകളും നിലനിർത്തൽ പട്ടിക പ്രഖ്യാപിച്ചിട്ടും, ട്രേഡിങ് വിൻഡോ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഇത്തവണത്തെ സർപ്രൈസ് ട്രേഡായിരുന്നു ഗുജറാത്ത് നായകൻ ഹർദിക് പാണ്ഡ്യയുടേത്. പഴയ തട്ടകമായ മുംബൈയിലേക്കാണ് താരം തിരിച്ചുപോയത്. വരും ദിവസങ്ങളിൽ അത്തരമൊരു നീക്കം ഒരു ഫ്രാഞ്ചൈസികളിൽ നിന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും അടുത്ത സീസണിൽ അതിനുള്ള സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം.
ഐപിഎൽ 2025-ൽ ചെന്നൈ സൂപ്പർ കിങ്സ് ഡൽഹി കാപിറ്റൽസ് നായകൻ റിഷഭ് പന്തിനെ ടീമിലെത്തിച്ചാൽ ആരും അത്ഭുതപ്പെടേണ്ടതില്ലെന്ന് ദീപ് ദാസ്ഗുപ്ത പറഞ്ഞു. അതിനുള്ള കാരണങ്ങളും അദ്ദേഹം നിരത്തുന്നുണ്ട്.
അഞ്ച് ഐപിഎൽ കിരീട നേട്ടങ്ങളിലേക്ക് തങ്ങളെ നയിച്ച എംഎസ് ധോണിക്ക് പകരക്കാരനെ കണ്ടെത്തുന്നതാണ് സമീപകാലത്തായി സിഎസ്‌കെയെ അലട്ടുന്ന ഒരേയൊരു ആശങ്ക. 2022-ൽ അവർ രവീന്ദ്ര ജദേജയെ പരീക്ഷിച്ചു നോക്കി, പക്ഷേ ഫലം വിനാശകരമായിരുന്നു. ധോണി വീണ്ടും നായകന്റെ റോൾ ഏറ്റെടുക്കുന്നതിന് മുമ്പ് ഏഴ് കളികളിൽ ടീം ഒന്നിൽ മാത്രമായിരുന്നു വിജയിച്ചത്. കഴിഞ്ഞ വർഷത്തെ ലേലത്തിൽ ബെൻ സ്‌റ്റോക്‌സിനെ മാനേജ്‌മെന്റ് തിരഞ്ഞെടുത്തത് ഇതേ ലക്ഷ്യത്തോടെയാണെന്ന് കിംവദന്തികൾ ഉണ്ടായിരുന്നു, എന്നാൽ അതും ഫലവത്തായില്ല.
42 വയസ്സുകാരനായ ധോണി കാൽമുട്ടിനേറ്റ പരിക്കുകളാൽ നിരന്തരം ബുദ്ധിമുട്ടുന്നുണ്ട്. ഈ വർഷമാദ്യം ഒരു ശസ്ത്രക്രിയയ്ക്കും താരം വിധേയനായിരുന്നു. ഇക്കാരണങ്ങളാൽ 2025-ലെ പ്രീമിയിർ ലീഗിൽ ധോണിക്ക് പകരക്കാരനായി റിഷഭ് പന്ത് സിഎസ്‌കെയിൽ എത്തുമെന്ന് കരുതുന്നതായി ദീപ് ദാസ്ഗുപ്ത തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു. അടുത്ത സീസണിൽ ചെന്നൈയ്ക്കും ഡൽഹി ക്യാപിറ്റൽസിനും ഇടയിൽ ഒരു ട്രാൻസ്ഫർ ഉണ്ടായേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
"ഐപിഎൽ 2025-ൽ അവർ റിഷഭ് പന്തിനെ ടീമിലെത്തിച്ചാൽ അത്ഭുതപ്പെടേണ്ട. എംഎസ് ധോണിയും ഋഷഭ് പന്തും വളരെ അടുപ്പമുള്ളവരാണ്. പന്ത് എംഎസിനെ ഏറെ ആരാധിക്കുന്നു, എംഎസും അവനെ വളരെയധികം ഇഷ്ടപ്പെടുന്നുണ്ട്. അവർ ഒരുമിച്ച് ധാരാളം സമയം ചെലവഴിച്ചിട്ടുണ്ട്. അവരുടെ ബന്ധവും റിഷഭിന്റെ ചിന്തയും വളരെ സാമ്യമുള്ളതാണ്, കാരണം അവൻ വളരെ ആക്രമണകാരിയും പോസിറ്റീവുമാണ്. അവൻ എപ്പോഴും ജയിക്കുന്നതിനെക്കുറിച്ചും മറ്റുമാണ് സംസാരിക്കുന്നത്, ” -ദാസ്ഗുപ്ത പറഞ്ഞു.
പന്ത് ഐപിഎൽ - 2024 സീസണിന്റെ ഭാഗമാകുമോയെന്ന് ഡൽഹി കാപിറ്റൽസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ-ബാറ്റർ ദാരുണമായ കാർ അപകടത്തിൽ പെട്ടിരുന്നു, അതിൽ നിന്ന് യുവതാരം സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. അടുത്തിടെ കൊൽക്കത്തയിൽ ഡിസി പരിശീലന ക്യാമ്പ് നടത്തിയിരുന്നെങ്കിലും പന്ത് പങ്കെടുത്തിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.