ബുംറ പൂർണ ഫിറ്റ്നസ് വീണ്ടെടുത്തതായി ബി.സി.സി.ഐ; നെറ്റ്സിലെത്തി ഋഷഭ് പന്തും
text_fieldsമുംബൈ: നീണ്ടുപോയ ഇടവേളകളവസാനിപ്പിച്ച് ഇന്ത്യയുടെ പേസ് എക്സ്പ്രസ് തിരിച്ചുവരുന്നു. പരിക്കിൽനിന്ന് പൂർണ മുക്തി നേടിയ ജസ്പ്രീത് ബുംറ നെറ്റ്സിൽ പഴയ കരുത്തോടെ ബൗളിങ് ആരംഭിച്ചതായി ബി.സി.സി.ഐ മെഡിക്കൽ ബുള്ളറ്റിൻ അറിയിച്ചു. 2022 സെപ്റ്റംബറിൽ പുറംവേദന കലശലായി കളത്തിൽനിന്ന് പിൻവാങ്ങിയ താരം പിന്നീട് ഒറ്റ മത്സരം പോലും കളിച്ചിട്ടില്ല.
കഴിഞ്ഞ മാർച്ചിൽ ന്യൂസിലൻഡിൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പരിക്കിൽ വലഞ്ഞ മറ്റൊരു ഫാസ്റ്റ് ബൗളർ പ്രസിദ്ധ് കൃഷ്ണയും പൂർണമായി ഫിറ്റ്നസ് വീണ്ടെടുത്ത് ബൗളിങ് ആരംഭിച്ചതായും റിപ്പോർട്ട് പറയുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമി സംഘടിപ്പിക്കുന്ന പരിശീലന മത്സരങ്ങളിൽ ഇരുവരും പങ്കെടുക്കും. അവയിലെ പ്രകടനം വിലയിരുത്തിയാകും ദേശീയ ടീമിൽ തിരിച്ചെത്തുന്ന കാര്യം അന്തിമമായി തീരുമാനിക്കുക. ദേവ്ധർ ട്രോഫി ഉൾപ്പെടെ മത്സരങ്ങളിൽ പോലും പങ്കെടുപ്പിക്കുന്നത് ഇപ്പോൾ പരിഗണനയിലില്ലെന്നാണ് സൂചന.
ബുംറയുടെ പ്രകടനം മികച്ചതാണെങ്കിൽ ആഗസ്റ്റ് രണ്ടാം പകുതിയിൽ അയർലൻഡിനെതിരായ മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയിൽ ദേശീയ ജഴ്സിയിൽ തിരിച്ചെത്തും. അയർലൻഡ് പര്യടനം കഴിഞ്ഞാൽ ഏഷ്യ കപ്പാണ്. ആഗസ്റ്റ് 30ന് തുടങ്ങി സെപ്റ്റംബർ 17 വരെയാണ് മത്സരങ്ങൾ. അതുകഴിഞ്ഞ് ഒക്ടോബറിൽ ഏകദിന ലോകകപ്പും. കിരീടപ്രതീക്ഷയോടെ ഇന്ത്യ സ്വന്തം മണ്ണിൽ ഇറങ്ങുന്ന ടൂർണമെന്റിൽ താരത്തെ തിരികെയെത്തിക്കുകയെന്നതാണ് ടീമിന്റെ മുൻഗണന.
അതേസമയം, ബാറ്റർമാരായ കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവരും തിരിച്ചുവരവിന്റെ പാതയിലാണ്. വൻ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് കാൽമുട്ടിന് ശസ്ത്രക്രിയ കഴിഞ്ഞ ഋഷഭ് പന്തിന്റെ ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതിയുണ്ടെന്നും റിപ്പോർട്ട് പറയുന്നു. നെറ്റ്സിൽ ബാറ്റിങ്ങിനൊപ്പം വിക്കറ്റ് കീപ്പറായും പരിശീലിക്കുന്നുണ്ട്. ശാരീരിക ശക്തി വീണ്ടെടുക്കൽ, വഴക്കം, ഓട്ടം എന്നിവ ശരിയാക്കാനുള്ള പ്രത്യേക പരിശീലനമാണ് പ്രധാനമായും നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.