സഞ്ജുവിനെ സാക്ഷിയാക്കി ലോകറെക്കോഡ് കുറിച്ച് റിയാൻ പരാഗ്; കേരളത്തിന് ആദ്യ തോൽവി
text_fieldsമുംബൈ: ട്വന്റി 20 ക്രിക്കറ്റിൽ തുടർച്ചയായി ആറ് അർധ സെഞ്ച്വറികൾ നേടുന്ന ആദ്യ താരമായി അസം നായകൻ റിയാൻ പരാഗ്. മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിനെതിരായ മത്സരത്തിലാണ് പരാഗ് ചരിത്രം കുറിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 127 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അസം 19. 3 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 33 പന്തിൽ 57 റൺസെടുത്ത റിയാൻ പരാഗിന്റെ വെടിക്കെട്ടിൽ കേരളം മുങ്ങുകയായിരുന്നു. എഴു മത്സരങ്ങളിൽ തുടർച്ചയായി ആറ് മത്സരത്തിലും അർധസെഞ്ച്വറി നേടിയ പരാഗിന്റെത് ലോകറെക്കോഡ് കൂടിയായിരുന്നു.
ഇന്ത്യയുടെ വിരേന്ദ്ര സെവാഗ് ഉൾപ്പെടെ ആറ് പേരാണ്( ഡേവിഡ് വാർണർ, ഡെവൻ കോൺവെ, കമ്രാൻ അക്മൽ, ജോസ് ബട്ട്ലർ, ഹാമിൽട്ടൺ) ഇതിന് മുൻപ് തുടർച്ചയായി അഞ്ച് അർധ സെഞ്ച്വറികൾ ട്വന്റി 20 ക്രിക്കറ്റിൽ നേടിയിട്ടുള്ളത്. ഈ റെക്കോർഡാണ് പരാഗ് സ്വന്തം പേരിലാക്കിയത്. നിലവിൽ ഈ ടൂർണമന്റെിൽ 440 റൺസ് നേടി റൺസ് വേട്ടയിൽ ഒന്നാമതാണ് പരാഗ്.
ബിഹാറിനെതിരെ 34 പന്തില്‍ 61 ഉം സര്‍വീസസിനെതിരെ 37 പന്തില്‍ പുറത്താകാതെ 76 ഉം സിക്കിമിനെതിരെ 29 പന്തില്‍ പുറത്താകാതെ 59ഉം ചണ്ഡിഗഢിനെതിരെ 39 പന്തില്‍ 76 ഉം ഹിമാചല്‍ പ്രദേശിനെതിരെ 37 പന്തില്‍ 72 ഉം റൺസും നേടിയ റിയാൻ പരാഗ് കേരളത്തിനെതിരെ അർധ സെഞ്ച്വറി കുറിച്ചതോടെ അത് ചരിത്രമായി.
ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമായ റിയാൻ പരാഗിന് സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. അതേസമയം രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ കൂടിയായ സഞ്ജുസാംസന്റെ ടീമിനെതിരെ നേടിയ വിജയവും റെക്കോഡ് നേട്ടവും പരാഗിന് വ്യക്തിപരമായി ഏറെ മധുരമുള്ളതായിരുന്നു.
സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ കേരളത്തിന്റെ ആദ്യ തോൽവിയാണിത്. കഴിഞ്ഞ ആറ് മത്സരങ്ങളും വിജയിച്ച് കേരളം നേരത്തെ ക്വാർട്ടർ ഉറപ്പിച്ചിരുന്നു. 46 റൺസെടുത്ത അബ്ദുൽ ബാസിതും 31 റൺസെടുത്ത രോഹൻ കുന്നുമ്മലും 18 റൺസെടുത്ത് സചിൻ ബേബിയും മാത്രമാണ് ഇന്ന് രണ്ടക്കം കുറിച്ച ബാറ്റർമാർ. നായകൻ സഞ്ജുസാംസൺ എട്ട് റൺസെടുത്ത് പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.