ക്യാപ്റ്റനായി സഞ്ജുവില്ല; മൂന്ന് മത്സരങ്ങളിൽ പരാഗ് രാജസ്ഥാനെ നയിക്കും
text_fieldsജയ്പൂർ: ഐ.പി.എല്ലിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ ക്യാപ്റ്റനായി റിയാൻ പരാഗിനെ പ്രഖ്യാപിച്ച് രാജസ്ഥാൻ റോയൽസ്. മാർച്ച് 23ന് നടക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും തുടർന്ന് 26ലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, മാർച്ച് 30ലെ ചെന്നൈ സൂപ്പർ കിങ്സ് ടീമുകൾക്കെതിരായ മത്സരങ്ങളിലും റിയാൻ പരാഗായിരിക്കും ക്യാപ്റ്റൻ.
സഞ്ജു ബാറ്റുകൊണ്ട് ടീമിന് സംഭാവന നൽകുമെന്ന് രാജസ്ഥാൻ റോയൽസ് ടീം അറിയിച്ചു. വിക്കറ്റ് കീപ്പിങ്ങിലും ഫീൽഡിങ്ങിലും ശാരീരികക്ഷമത വീണ്ടെടുക്കുന്ന മുറക്ക് ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുമെന്നും രാജസ്ഥാൻ അറിയിച്ചിട്ടുണ്ട്.
ക്യാപ്റ്റനെന്ന നിലയിൽ റിയാൻ പരാഗിൽ പൂർണവിശ്വാസമുണ്ടെന്ന് രാജസ്ഥാൻ അറിയിച്ചു. അസം ആഭ്യന്തര ക്രിക്കറ്റിൽ ക്യാപ്റ്റനായി റിയാൻ പരാഗ് പ്രവർത്തിച്ചിട്ടുണ്ട്. വർഷങ്ങളായി രാജസ്ഥാൻ റോയൽസിന്റെ അവിഭാജ്യഘടകമാണ് റിയാൻ പരാഗ്. യുവരക്തത്തെ ക്യാപ്റ്റനാക്കുക വഴി ഐ.പി.എല്ലിൽ മികച്ച തുടക്കമാണ് ലക്ഷ്യമിടുന്നതെന്നും രാജസ്ഥാൻ അറിയിച്ചു.
കഴിഞ്ഞ ദിവസം സഞ്ജു സാംസൺ ഐ.പി.എല്‍ ക്യാമ്പിലെത്തിയിരുന്നു. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നാണ് താരം രാജസ്ഥാന്‍ ക്യാംപിലെത്തിയത്. എത്തിയ ഉടന്‍ തന്നെ സഞ്ജു സാംസണ്‍ ടീമിനൊപ്പം പരിശീലനം തുടങ്ങി. കോച്ച് രാഹുല്‍ ദ്രാവിഡുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് സഞ്ജു ബാറ്റിംഗ് പരിശീലനം തുടങ്ങിയത്.
വലതു കൈയിലെ ചൂണ്ടുവിരലിന് പരിക്കേറ്റ സഞ്ജു ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിചരണത്തിലായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ നിന്ന് ക്ലിയറന്‍സ് ലഭിച്ച സഞ്ജു ജയ്പൂരിലെ രാജസ്ഥാന്‍ ക്യാമ്പിലെത്തുകയായിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.