അന്താരാഷ്ട്ര ക്രിക്കറ്റിൽ മലയാളിക്ക് ആദ്യസെഞ്ച്വറി; യു.എ.ഇക്കായി തകർത്തടിച്ച് റിസ്വാൻ, അഭിനന്ദനവുമായി ഐ.സി.സി
text_fieldsദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ആദ്യ മലയാളിയെന്ന ഖ്യാതി ചുണ്ടങ്ങാപ്പൊയിൽ റിസ്വാന് സ്വന്തം. 136പന്തിൽ 109റൺസെടുത്ത റിസ്വാന്റെ ചുമലിലേറി ലോകറാങ്കിങ്ങിൽ 11ാം സ്ഥാനക്കാരായ അയർലൻഡിനെ യു.എ.ഇ ആറുവിക്കറ്റിന് തകർത്തു.
ഐ.പി.എൽ ആരവങ്ങളൊഴിഞ്ഞ അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തിൽ യു.എ.ഇ ജഴ്സിയിൽ മൂന്നാമനായി ക്രീസിലെത്തിയ റിസ്വാൻ ടീമിന് വിജയമുറപ്പിച്ച ശേഷമായിരുന്നു മടങ്ങിയത്. ഒൻപത് ബൗണ്ടറികളും ഒരു സിക്സറും സെഞ്ച്വറിക്ക് മിഴിവേകി.
ആദ്യം ബാറ്റുചെയ്ത അയർലൻഡ് പോൾ സ്റ്റെർലിങ്ങിന്റെയും (131), ആൻഡി ബാൽബിണീയുടേയും (53) കരുത്തിൽ ഉയർത്തിയ 269 റൺസ് പിന്തുടർന്നിറങ്ങിയ യു.എ.ഇക്കായി റിസ്വാൻ ക്രീസിൽ നിലയുറപ്പിച്ചുകളിക്കുകയായിരുന്നു. നാലാംവിക്കറ്റിൽ മുഹമ്മദ് ഉസ്മാനുമൊത്ത് (102) 184 റൺസ് കൂട്ടുകെട്ടും റിസ്വാൻ സൃഷ്ടിച്ചു. റിസ്വാൻ തന്നെയാണ് മാൻ ഓഫ് ദി മാച്ച്.
ഈ നേട്ടം എല്ലാപിന്തുണയും നൽകിയ കുടുംബത്തിന് സമർപ്പിക്കുന്നുവെന്നും സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ടീമിനൊപ്പം 2023 ഏകദിന ലോകകപ്പിൽ കളിക്കുകയാണ് ലക്ഷ്യമെന്നും റിസ്വാൻ 'മാധ്യമത്തോട്' പ്രതികരിച്ചു.
കണ്ണൂർ ജില്ല ടീമിൽ ലെഗ്സ്പിന്നറായി കളിതുടങ്ങിയ റിസ്വാൻ കേരളത്തിനായി രഞ്ജി ട്രോഫിയിൽ കളത്തിലിറങ്ങിയിട്ടുണ്ട്. ഇലക്ട്രിക്കൽ എൻജിനീയറായ റിസ്വാന് യു.എ.ഇയിലെ ടൂർണമെന്റുകളിലെ മിന്നും പ്രകടനമാണ് ദേശീയ ടീമിൽ ഇടം നൽകിയത്.
പോത്തൻകണ്ടി അബ്ദുൽ റഊഫ്-നസ്റിൻ ദമ്പതികളുടെ മകനാണ്. നൂറ റൗഫ്, വഫ റൗഫ് എന്നിവർ സഹോദരങ്ങളാണ്. 2020ൽ എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് മലയാളി താരങ്ങളായ ബാസിൽ ഹമീദ്, റിസ്വാൻ, അലിഷാൻ ഷറഫു എന്നിവരുമായി കരാർ ഒപ്പുവെച്ചിരുന്നു. മുൻ ഇന്ത്യൻ താരം റോബിൻ സിങ്ങാണ് യു.എ.ഇയുടെ മുഖ്യപരിശീലകൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.