റോബിൻ ഉത്തപ്പ കളി മതിയാക്കി
text_fieldsമുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിച്ചു. ട്വിറ്റർ ഹാൻഡിലിലൂടെയാണ് 36കാരൻ ഇക്കാര്യം അറിയിച്ചത്. വിരമിക്കൽ പ്രഖ്യാപിച്ച് ട്വിറ്ററിൽ നീണ്ട കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. രാജ്യത്തിനായി 46 ഏകദിനങ്ങളും 13 ട്വന്റി 20കളും കളിച്ച ഉത്തപ്പ, 2007ൽ കിരീടം നേടിയ ഇന്ത്യയുടെ ട്വന്റി 20 ലോകകപ്പ് ടീമിൽ അംഗമായിരുന്നു.
2006ൽ ഇംഗ്ലണ്ടിനെതിരെയാണ് രാജ്യാന്തര കരിയർ ആരംഭിച്ചത്. ഓപണറായി കളത്തിലെത്തിയ താരം 86 റൺസെടുത്ത് റണ്ണൗട്ടാവുകയായിരുന്നു. 46 ഏകദിനത്തിൽ 25.9 റൺ ശരാശരിയോടെ 934 റൺസാണ് താരത്തിന്റെ സമ്പാദ്യം. 13 ട്വന്റി 20യിൽ 249 റൺസും നേടി. 205 ഐ.പി.എൽ മത്സരങ്ങളിലായി 4952 റൺസും നേടിയിട്ടുണ്ട്.
കർണാടക സ്വദേശിയായ താരം 2019 മുതൽ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിനു വേണ്ടിയാണ് കളിച്ചിരുന്നത്. പാതി മലയാളിയായ ഉത്തപ്പ ഒരു സീസണിൽ കേരളത്തിന്റെ നായകനുമായി. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, പുണെ വാരിയേഴ്സ്, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, രാജസ്ഥാൻ റോയൽസ്, ചെന്നൈ സൂപ്പർ കിങ്സ് എന്നീ ടീമുകൾക്ക് വേണ്ടിയും ഉത്തപ്പ കളിച്ചു.
ആഭ്യന്തര ക്രിക്കറ്റിൽ തുടരെ മോശം പ്രകടനങ്ങൾ നടത്തിയതിനെ തുടർന്ന് ദേശീയ ടീമിൽ ഇടം ലഭിക്കാതിരുന്നതിനാൽ ആത്‌മഹത്യയെപ്പറ്റി ചിന്തിച്ചിരുന്നതായി ഉത്തപ്പ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. പിന്നീട് ബാറ്റിങ് സ്റ്റൈൽ മാറ്റിയാണ് താരം കരിയർ തിരിച്ചുപിടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.