8.5 ഓവറിൽ 148 റൺസ് അടിച്ചെടുത്ത് കേരളം; ക്വാർട്ടർ പ്രതീക്ഷ
text_fieldsബംഗളൂരു: ബാറ്റ്സ്മാൻമാർ നിറഞ്ഞാടിയ മത്സരത്തിൽ ബിഹാറിനെ തകർത്ത് കേരളം വിജയ് ഹസാരെ ട്രോഫിയുടെ നോക്കൗട്ട് റൗണ്ട് പ്രതീക്ഷകൾ സജീവമാക്കി. ബിഹാർ മുന്നോട്ടുവെച്ച 148 റൺസ് വിജയലക്ഷ്യം 8.5 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി േകരളം മറികടന്നു.
32 പന്തിൽ നിന്ന് പുറത്താകാതെ 87 റൺസെടുത്ത ഓപണർ റോബിൻ ഉത്തപ്പ, 12 പന്തിൽ നിന്ന് 37 റൺസെടുത്ത വിഷ്ണു വിനോദ്, ഒമ്പത് പന്തിൽ നിന്ന് പുറത്താകാതെ 24 റൺസടിച്ച സഞ്ജു സാംസൺ എന്നിവരാണ് കേരളത്തിന് വൻ വിജയം സമ്മാനിച്ചത്.
പത്ത് സിക്‌സറും നാല് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ഉത്തപ്പയുടെ വെടിക്കെട്ട് ഇന്നിങ്‌സ്. വിഷ്ണു വിനോദ് നാല് സിക്‌സറും രണ്ട് ബൗണ്ടറിയും പറത്തി. രണ്ട് വീതം സിക്‌സറും ബൗണ്ടറിയും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.
നാലുവിക്കറ്റ് വീഴ്ത്തിയ വെറ്ററൻ പേസർ എസ്. ശ്രീശാന്ത്, മൂന്ന് വിക്കറ്റെടുത്ത ജലജ് സക്സേന, രണ്ട് വിക്കറ്റെടുത്ത നിതീഷ് എം.ഡി എന്നിവരുടെ മികവിലാണ് കേരളം എതിരാളികളെ 148ന് എറിഞ്ഞിട്ടത്.
ഒമ്പത് ഓവറിൽ 30 റൺസ് വഴങ്ങിയാണ് ശ്രീ നാലുവിക്കറ്റെടുത്തത്. ബാബുൽ കുമാർ (64), നായകൻ അശുതോഷ് അമൻ (18), യശസ്വി റിഷവ് (19), സബിർ ഖാൻ (17), വൈശാഖ് രഞ്ജൻ (10) എന്നിവരാണ് ബിഹാർ നിരയിൽ രണ്ടക്കം കടന്നത്.
ആറാം വിക്കറ്റിൽ അശുതോഷ് അമനും ബാബുലും ചേർന്ന് അടിച്ചെടുത്ത 46 റൺസാണ് ബിഹാറിനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.