ഗാംഗുലിയെ വെട്ടി അമിത് ഷായുടെ മകൻ ജയ് ഷാ; റോജർ ബിന്നി ബി.സി.സി.ഐ പ്രസിഡന്റ്
text_fieldsമുംബൈ: റോജർ ബിന്നി പുതിയ ബി.സി.സി.ഐ പ്രസിഡന്റാകും. സൗരവ് ഗാംഗുലി സ്ഥാനമൊഴിയുന്ന സ്ഥാനത്താണ് ബിന്നിയെത്തുക. ബി.സി.സി.ഐയിൽ ഇനി ഗാംഗുലി ഒരു പദവിയും വഹിക്കില്ലെന്നാണ് സൂചന. അതേസമയം, ബി.സി.സി.ഐ സെക്രട്ടറിയായി അമിത് ഷായുടെ മകൻ ജയ് ഷാ തുടരും. ഒക്ടോബർ 18ന് നടക്കുന്ന ബി.സി.സി.ഐയുടെ വാർഷിക പൊതുയോഗത്തിൽ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
രാജീവ് ശുക്ല ബി.സി.സി.ഐയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്തും തുടരും. 2017 മുതൽ 2019 വരെ മുംബൈ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായ ആശിഷ് ഷെലർ ട്രഷററാകും. നിലവിൽ അസം ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ദേവ്ജിത് സായികയായിരിക്കും ജനറൽ സെക്രട്ടറി.
അരുൺ ധൂമലായിരിക്കും പുതിയ ഐ.പി.എൽ ചെയർമാൻ. ബ്രിജേഷ് പട്ടേലാണ് നിലവിലെ ഐ.പി.എൽ ചെയർമാൻ. കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂറിന്റെ സഹോദരനാണ് ധൂമൽ. കർണാടക ക്രിക്കറ്റ് അസോസിയേഷനിലടക്കം പ്രവർത്തിച്ച് പരിചയ സമ്പത്തുള്ള വ്യക്തിയാണ് പുതിയ ബി.സി.സി.ഐ പ്രസിഡന്റ് റോജർ ബിന്നി.
സൗരവ് ഗാംഗുലിക്ക് ഐ.പി.എൽ ചെയർമാൻ സ്ഥാനം വെച്ചുനീട്ടിയെന്ന് റിപ്പോർട്ട്. എന്നാൽ, അദ്ദേഹം ഇത് നിരസിച്ചുവെന്നും ബി.സി.സി.ഐയിൽ തന്നെ തുടരാൻ താൽപര്യം പ്രകടിപ്പിച്ചുവെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. ബി.സി.സി.ഐയിലെ പുതിയ ഭാരവാഹികൾക്കുള്ള ചർച്ചകൾക്കായി ഗാംഗുലി കഴിഞ്ഞയാഴ്ച ഡൽഹിയിലെത്തിയിരുന്നു. ബി.സി.സി.ഐ തലപ്പത്തിരുന്ന് പിന്നീട് സംഘടനയുടെ സബ് കമ്മിറ്റിയുടെ ചുമതലവഹിക്കാൻ താൽപര്യമില്ലെന്ന് ഗാംഗുലി അറിയിച്ചതായാണ് വിവരം.
പിടിമുറുക്കി സംഘ്പരിവാർ
ന്യൂഡൽഹി: ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ കഴിഞ്ഞതവണ സെക്രട്ടറിയായതോടെ നേടിയെടുത്ത മേധാവിത്വം വ്യാപിപ്പിക്കുകയാണ് സംഘ്പരിവാർ ഇത്തവണ ബി.സി.സിഐയിൽ. സെക്രട്ടറി സ്ഥാനത്ത് തുടരുന്ന ജയ് ഷാക്കു പുറമെ കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാകുറിന്റെ അനുജൻ അരുൺ സിങ് ധുമാൽ ട്രഷററായും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമയുടെ വിശ്വസ്തൻ ദേവ്ജിത് സൈകിയ ജോയന്റ് സെക്രട്ടറിയായും വരുന്നതോടെ ബി.സി.സി.ഐ തലപ്പത്ത് സംഘ്പരിവാർ ആധിപത്യമായി. ഐ.സി.സിയിൽ ഇന്ത്യയുടെ പ്രതിനിധി സ്ഥാനവും ഗാംഗുലിയിൽനിന്ന് ജയ് ഷാ ഏറ്റെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.